ലണ്ടന്‍: ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് കാനറികളുടെ സുല്‍ത്താന്‍ തിരിച്ചു വന്നു. അതും രാജകീയമായി തന്നെ. ലോകകപ്പില്‍ തന്നെ തടുക്കുക അത്ര എളുപ്പമായിരിക്കില്ലെന്നും നെയ്മര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പരുക്കുമാറി കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗോളടിച്ചാണ് നെയ്മര്‍ ആഘോഷിച്ചത്. നെയ്മറുടെ മികവില്‍ ബ്രസീലിന് സൗഹൃദമൽസരത്തില്‍ ജയം. ക്രൊയേഷ്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. പകരക്കാരനായി ഇറങ്ങിയ നെയ്മര്‍ 69-ാം മിനിറ്റിലാണ് ക്രൊയേഷ്യന്‍ വല ചലിപ്പിച്ചത്. പിന്നാലെ ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ വക രണ്ടാം ഗോളും പിറന്നതോടെ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് വിജയം.

പിഎസ്ജിയില്‍ കളിക്കുന്നതിനിടെയായിരുന്നു നെയ്മറിന് പരുക്കേല്‍ക്കുന്നത്. ഇതോടെ താരം നാളുകളായി ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ലോകകപ്പിന് നെയ്മര്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ചടക്കം ആശങ്കകള്‍ നിലനിന്നിരുന്നു.

നെയ്മര്‍ പരുക്കുമാറി എത്തിയ മൽസരമായിരുന്നു ഇന്നലത്തേത്. തകര്‍പ്പന്‍ ഫോമിലൂടെ തന്നെ നെയ്മര്‍ തിരിച്ചെത്തിയത് ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ആക്കം കൂട്ടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ