FIFA World Cup 2018 Russia vs Saudi Arabia: ലുഷ്‌നികി (റഷ്യ): ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലുളള മൽസരത്തോടെ ലോകകപ്പിന്റെ ആരവങ്ങൾക്ക് തുടക്കം കുറിക്കും. ഇനി നിമിഷങ്ങൾക്കുളളിൽ വലിയ ലോകം ഒരു കുഞ്ഞു പന്തിന് ചുറ്റും റഷ്യയിൽ കറങ്ങിനടക്കുന്ന കാഴ്‌ചകളുണരും. ആദ്യ മൽസരത്തിൽ റഷ്യയെ മലർത്തിയടിക്കുമോ സൗദി എന്നതാണ് ഉയരുന്ന ചോദ്യം.
ഇത്തവണത്തെ ലോകകപ്പിന് യോഗ്യത നേടിയ ഫിഫ റാങ്കിങ്ങിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ടീമുകളാണ് റഷ്യയും സൗദിയും. സൗദി റാങ്കിങ്ങിൽ 67-ാം സ്ഥാനത്തും റഷ്യ 70-ാം സ്ഥാനത്തുമാണ്. മറ്റൊരർത്ഥത്തിൽ ഇരുടീമുകളും ഏതാണ്ട് തുല്യ ശക്തികളാണെന്ന് തന്നെ.
കിക്കോഫിന് മുൻപ് നടക്കുന്ന ഉദ്ഘാടന ചടങ്ങിനായി ഒരുങ്ങി നിൽക്കുകയാണ് റഷ്യയിലെ ലുഷ്‌നികി സ്റ്റേഡിയം. കിക്കോഫിന് ഒരു മണിക്കൂർ മുൻപ് ഇതിഹാസ ഫുട്ബോൾ താരം ഐകർ കസിലസും റഷ്യൻ സൂപ്പർ മോഡൽ നതാലിയ വദിയനോവയും ചേർന്നാണ് ലോകകപ്പ് മൈതാനത്തിലേക്ക് എത്തിക്കുക.
കിക്കോഫിന് അര മണിക്കൂർ മുൻപാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. പീറ്റർ തൈക്കോവ്‌സ്‌കിയുടെ റെക്കോർഡ് ചെയ്‌ത വീഡിയോ പ്രദർശനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. പിന്നീട് റഷ്യൻ പിയാനിസ്റ്റ് ഡാനി ട്രിഫനോവിൽ തുടങ്ങി റോബി വില്യംസും ഐഡ ഗ്രിഫുലിനയും നേതൃത്വം നൽകുന്ന ഉദ്ഘാടന ചടങ്ങ്. 15 മിനിറ്റ് മാത്രമാണ് ഇതിന്റെ ദൈർഘ്യം.
റഷ്യയിലെ ചാനൽ വണ്ണാണ് ഉദ്ഘാടന ചടങ്ങ് രൂപകൽപ്പന ചെയ്‌തത്. 800 പേരാണ് ഈ ചടങ്ങിൽ അണിനിരക്കുക. റഷ്യയുടെ സാംസ്കാരികവും കായികവുമായ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാകും ഉദ്ഘാടന ചടങ്ങ്.