ന്യൂഡല്‍ഹി: സാമൂഹ്യപ്രശ്നങ്ങളെ കുറിച്ച് എന്നും സംസാരിച്ചയാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം ഹര്‍ഭജന്‍ സിങ്. രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെയാണ് ലോകകപ്പ് ഫൈനല്‍ ദിനം ഹര്‍ഭജന്‍ പ്രതികരിച്ചത്. രാജ്യത്ത് ഹിന്ദു-മുസ്‌ലിം വര്‍ഗീയ പ്രശ്നങ്ങളെ വിമര്‍ശിക്കാന്‍ ലോകകപ്പിലെ ക്രൊയോഷ്യയുടെ പ്രകടനത്തെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
50 ലക്ഷത്തോളം മാത്രം ജനസംഖ്യയുളള ക്രൊയോഷ്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യ ‘ഹിന്ദു- മുസ്‌ലിം’ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. ‘നിങ്ങളുടെ ചിന്ത മാറ്റൂ, ഇന്ത്യയെ തന്നെ മാറ്റൂ’ എന്ന ഹാഷ്‌ടാഗോടെയായിരുന്നു ഹര്‍ഭജന്റെ വാക്കുകള്‍. ലോകകപ്പ് ഫുട്ബോളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രൊയോഷ്യ അവസാന മത്സരത്തില്‍ ഫ്രാന്‍സിനോട് പോരാടിയാണ് തോറ്റത്. 1991ല്‍ സ്ഥാപിതമായ രാജ്യമാണ് ക്രൊയോഷ്യ. 1998ല്‍ മാത്രമാണ് രാജ്യം ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് ക്വാര്‍ട്ടറിലെത്തിയ ടീം ഈ വര്‍ഷം ലോകത്തെ തന്നെ ഞെട്ടിച്ചാണ് മുന്നേറ്റം നടത്തിയത്.
लगभग 50 लाख की आबादी वाला देश क्रोएशिया फ़ुटबॉल वर्ल्ड कप का फाइनल खेलेगा
और हम 135 करोड़ लोग हिंदू मुसलमान खेल रहे है।#soch bdlo desh bdlega— Harbhajan Turbanator (@harbhajan_singh) July 15, 2018
വന്‍ടീമുകള്‍ കാലിടറി വീണ ടൂര്‍ണമെന്റില്‍ മൈതാനങ്ങളില്‍ അത്ഭുതമായി ക്രൊയോഷ്യ നിറഞ്ഞു. റഷ്യയിലേക്ക് വരുമ്പോൾ അവരെ ആരും വിലമതിച്ചില്ല. കളി പുരോഗമിച്ചിട്ടും കണക്കെടുപ്പിൽ ക്രൊയേഷ്യ ഉണ്ടായില്ല. എന്നിട്ടും എല്ലാം തച്ചുടച്ച് അവർ കുതിക്കുക തന്നെ ചെയ്തു. ക്രോട്ടുകളുടെ കാലടികൾക്ക് കീഴിൽ ഉടഞ്ഞുപോയതിൽ അർജന്റീനയും ഇംഗ്ലണ്ടുമുണ്ട്.
സമ്മർദങ്ങളെ അതിജീവിക്കാനുള്ള ആത്മബലവും സന്ദർഭത്തിനനുസരിച്ച് തന്ത്രങ്ങളാവിഷ്കരിക്കാനുള്ള മികവും അവരെ വ്യത്യസ്തരാക്കി. ക്രൊയേഷ്യ വ്യക്തികളായിരുന്നില്ല, കൂട്ടായ്മയായിരുന്നു. ലോകകപ്പിൽ പരമ്പരാഗത കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി എന്നതാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ സംഭാവന. പ്രവചനങ്ങളിലൊന്നും ക്രൊയേഷ്യ വിജയപക്ഷത്ത് ഉണ്ടായില്ല.
കളിക്ക് മുമ്പ് ‘കറുത്ത കുതിരകൾ’ എന്ന് അവരെയും ചിലർ വിശേഷിപ്പിച്ചിരുന്നു. ലോവ്റെന്റെ പ്രതിരോധം, മധ്യനിരയിൽ മോഡ്രിച്ചിന്റെയും റാകിടിച്ചിന്റെയും ഔന്നിത്യം, മാൻഡ്സുകിച്ചിന്റെ ഗോളടിമികവ് എന്നിവയാണ് ക്രൊയേഷ്യയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പിന്റെ കാതൽ.
ഫ്രാൻസിന്റെ സമ്പത്തോ, ഇംഗ്ലണ്ടിന്റെ ലീഗ് മാഹാത്മ്യമോ, മറ്റ് വൻകരകളിൽനിന്ന് കളിക്കാരെ കൊണ്ടുവരുന്ന ക്ലബ്ബുകളോ ക്രൊയേഷ്യയ്ക്കില്ല. യൂറോപ്പിലെ വൻശക്തികൾക്കുള്ളതു പോലെ പരിശീലനകേന്ദ്രങ്ങളും ഇല്ല. അവിടത്തെ ഫുട്ബോൾ ഫെഡറേഷൻ പോലും അഴിമതിമുക്തമല്ല. കളി വികസിപ്പിക്കാനുള്ള സ്രോതസ്സില്ല. ആഭ്യന്തരകലാപവും യുദ്ധവും തളർത്തി. സമയത്തിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിനേക്കാൾ ഒരു കളി ക്രൊയേഷ്യ കൂടുതൽ കളിച്ചു. അന്തിമപോരിൽ ഇടറി വീണെങ്കിലും ഈ ടൂർണമെന്റിന്റെ തലയെടുപ്പുള്ള ടീമായി ഫ്രാൻസിനൊപ്പം ക്രൊയേഷ്യയും മടങ്ങുന്നു.