ന്യൂഡല്‍ഹി : അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും. ആദ്യ ഇലവനിൽ മലയാളി താരം കെ.രാഹുലും ഇടംപിടിച്ചതോടെ ഇത് കേരളക്കരയുടെ കൂടി അഭിമാനം ഇരട്ടിപ്പിക്കുന്നു. റൈറ്റ് ബാക്ക് പൊസിഷനിലാണ് രാഹുല്‍ കളിക്കുന്നത്.

അവസാന ഇലവൻ:

ഇന്ത്യ: എം.ധീരജ്(ഗോൾകീപ്പർ), ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, സുരേഷ് വങ്ജം, നിതോയിൻഗാംബ മീതി, അമർജിത് കിയാം(ക്യാപ്റ്റൻ), അനികേത് ജാദവ്, അഭിജിത് സർക്കാർ, കോമൾ താതൽ, കെ.രാഹുൽ

അമേരിക്ക:
ജസ്റ്റിൻ ഗാർസേ, ജെയ്‌ലിൻ ലിൻസേ,  ക്രിസ് ഗ്ലോസ്റ്റർ, ജെയിംസ് സാൻസ്, ക്രിസ് ഡിർകിൻ, അയോ അകിനോല, ബ്ലെയിൻ ഫെറി, ജോഷ് സർജന്റ്(ക്യാപ്റ്റൻ), ടിം വേ, ആൻഡ്രൂ കാൾട്ടൻ, ക്രിസ് ഗോസ്ലിൻ

ഇപ്പോള്‍ ഇരു രാഷ്ട്രങ്ങളുടെയും താരങ്ങള്‍ മൈതാനത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഹസ്തദാനം ചെയ്യുകയാണിപ്പോള്‍.

ലൂയിസ് ഡി നോര്‍ട്ടന്‍ ഡി മാറ്റോസിന്‍റെ പരിശീലനത്തില്‍ തയ്യാറെടക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. 4-3-2-1 എന്ന ഫോര്‍മേഷനിലാവും നീലപ്പട കളിക്കുക.

ജോണ്‍ ഹാക്ക്വെര്‍ത്തിന്‍റെ പരിശീലനത്തിനു കീഴില്‍ ജേതാക്കളാകം എന്ന് ലക്‌ഷ്യം വെക്കുന്ന മേരിക്ക 4-3-3 എന്ന ഫോര്‍മേഷനിലാവും കളിക്കുക.

ആവേശകരമായ മത്സരത്തിനു വിസില്‍ മുഴങ്ങിയിരിക്കുന്നു. രണ്ടാം മിനുട്ടില്‍ തന്നെ അമേരിക്ക ആദ്യ ഷോട്ട് തൊടുത്തു വിട്ടിരിക്കുന്നുവെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജതിനെ അനായാസമായാണ് കൈയ്യില്‍ ഒതുക്കിയത്.

നാലു മിനുട്ട് തികയുമ്പോള്‍ പന്തില്‍ കാലോതുക്കം വരാത്ത ഒരു അവസ്ഥയാണ് ഇന്ത്യന്‍ ടീമില്‍ കാണുന്നത്. അമേരിക്ക ഒന്നിലേറെ സാധ്യതകള്‍ മിടുക്കോടെ ഉപയോഗപ്പെടുത്തിയപ്പോള്‍. ഇന്ത്യയുടെ ഭാഗത്ത് നിന്നും പറയത്തക്ക നല്ലൊരു മുന്നേറ്റം ഇതുവരെ കാണാന്‍ സാധിച്ചില്ല.

ഏഴു മിനുട്ട് പിന്നിടുമ്പോള്‍ കൂടുതല്‍ ഒതുക്കത്തോടെ കളിക്കുന്ന അമേരിക്ക വിങ്ങുകളില്‍ നിന്നും അറ്റാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്.

ഒമ്പതാം മിനുട്ടില്‍ അമേരിക്കയ്ക്ക് ലഭിച്ച ഫ്രീക്കിക്കിനു ഇന്ത്യന്‍ പ്രതിരോധ കോട്ട തരണം ചെയ്യാന്‍ സാധിച്ചില്ല. കൗണ്ടര്‍ അറ്റാക്ക് ലക്ഷ്യം വെച്ചുള്ള ഇന്ത്യന്‍ തന്ത്രം എത്രത്തോളം ഫലവത്താവും എന്ന് കാണേണ്ടിയിരിക്കുന്നു.

പതിനാലാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്നും ലിന്‍ഡ്സേ തുടുത്ത ഷോട്ട് നിയര്‍ പോസ്റ്റില്‍ ലക്ഷ്യം കാണാതെ പുറത്തേക്ക്.

പതിനഞ്ചു മിനുട്ട് തികയുമ്പോഴേക്കും ഇന്ത്യ കൂടുതല്‍ പന്തൊടുക്കത്തോടെ കളിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. ഉയരത്തിന്‍റെ കാര്യത്തില്‍ അമേരിക്കയെക്കാള്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ആതിഥേയര്‍ക്ക് കൂടുതല്‍ സമയം പന്ത് കാലില്‍ വെക്കേണ്ടി വരും.

പതിനെട്ടാം മിനുട്ടില്‍ നായകന്‍ അമര്‍ജിത് വലതുവിങ്ങിലേക്ക് നല്‍കിയ പാസ് മുതലെടുത്തു മുന്നേറാന്‍ ഇന്ത്യ ശ്രമിച്ചു എങ്കിലും ഇടതു വിങ്ങില്‍ പന്ത് നഷ്ടമായി.

പത്തൊമ്പതാം മിനുട്ടില്‍ ഇടതുവിങ്ങില്‍ കൂടി അമേരിക്ക നടത്തിയ മുന്നേറ്റം മലയാളി താരം രാഹുലിന്‍റെ മികവില്‍ കോര്‍ണറില്‍ കലാശിച്ചു. കോര്‍ണറില്‍ നിന്നും ഒന്നും തന്നെ നേടുവാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. എളുപ്പമുള്ള ക്ലിയറന്‍സ്..!

ഇരുപത്തിനാലു മിനുട്ട് പിനിടുമ്പോഴേക്കും അലസമായൊരു കളിയാണ് ഇരു ടീമുകളും കാഴ്ചവെക്കുന്നത്.

ഇരുപത്തിയഞ്ചാം മിനുറ്റിന്‍റെ തുടക്കത്തില്‍ അമേരിക്കയുടെ ഇടതു വിങ്ങറെ കവച്ചുവെച്ചുകൊണ്ട് ജാദവിന്‍റെയൊരു മുന്നേറ്റം. എങ്കിലും അമേരിക്കന്‍ പ്രതിരോധത്തിലെ പാകപ്പിഴകളെ മുതലെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു.ഇന്ത്യയുടെ ആദ്യ കോര്‍ണര്‍. പ്രതീക്ഷിച്ച ഫലം കണ്ടില്ല.

ഇരുപത്തിയെട്ടാം മിനുട്ടില്‍ അമേരിക്കയ്ക്ക് കോര്‍ണര്‍ !!

ഇടതുവിങ്ങില്‍ മുന്നേറിയ അമേരിക്കയുടെ സര്‍ജന്‍റ, ജിതേന്ദ്ര സിങ്ങിനെ വെട്ടിച്ചു മുന്നേറാന്‍ ശ്രമിക്കുന്നു. ജിതേന്ദ്ര സിങ്ങിന്‍റെ മോശം ടാക്കിളില്‍ അമേരിക്കയ്ക്ക് അനുകൂല വിധി.

ഗോള്‍ !! ഇടതു കോര്‍ണറിലേക്ക് അനായാസ ഷോട്ട്. ഇന്ത്യന്‍ മണ്ണില്‍ അമേരിക്കന്‍ ആധിപത്യം..

മുപ്പത്തിയഞ്ചു മിനുട്ട് പിന്നിടുമ്പോള്‍ അറുപത്തി രണ്ടു ശതമാനം ബോള്‍ പൊസഷനുമായി അമേരിക്ക ആധിപത്യമുറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. മുപ്പത്തിരണ്ടു ശതമാനം പൊസഷനുള്ള ഇന്ത്യ ഹാഫ് ടൈമിനു മുന്നെയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.

ഇടതുവിങ്ങില്‍ അമേരിക്കന്‍ പ്രതിരോധ നിരയെ നോക്കിനിര്‍ത്തിക്കൊണ്ടുള്ള മികച്ച രണ്ടു മുന്നേറ്റങ്ങളാണ് കഴിഞ്ഞ മൂന്നു മിനുട്ടായി കാണുന്നത്. സുവര്‍ണ മുടിക്കാരനായ കോമള്‍ തട്ടാല്‍ എന്തുകൊണ്ടാണ് ഏറ്റവും മികച്ച ഇന്ത്യന്‍ സ്ട്രൈക്കര്‍ ആവുന്നത് എന്ന് ഹെളിയിക്കുന്ന പ്രകടനം

ആദ്യ പകുതിയില്‍ ഒരു മിനുറ്റ് എക്സ്ട്രാ ടൈം. കാലില്‍ പന്തൊതുക്കി അമേരിക്കന്‍ പ്രതിരോധത്തെ മൊത്തം നോക്കുകുത്തിയാക്കിക്കൊണ്ട് ഇരു വിങ്ങുകളില്‍ നിന്നും മികച്ചൊരു അക്രമമാണ് അവസാന നാലുമിനുട്ടില്‍ ഇന്ത്യ കാഴ്ചവെക്കുന്നത്. ഓരോ നിമിഷവും ലക്ഷക്കണക്കിനു വരുന്ന ഇന്ത്യന്‍ ആരാധകര്‍ നെടുവീര്‍പ്പിട്ടു നില്‍ക്കുകയാണ് എങ്കിലും ഒരു ഷോട്ടു പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയാണ്.

ഹാല്‍ഫ്‌ ടൈം

ആദ്യ പകുതിയില്‍ മുപ്പത്തിയെട്ട് ശതമാനം പൊസഷനോടെ ഇന്ത്യ 149 പാസ്സുകള്‍ പൂര്‍ത്തിയാക്കുകയും ഒരു ഷോട്ട് തുടുക്കുകയും ചെയ്തു. 62 ശതമാനം ബോള്‍ പോസഷനുള്ള അമേരിക്ക 241 പാസുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചപ്പോള്‍ രണ്ടു ഷോട്ടുകളും തുടുതു.

രണ്ടാം പകുതി വിസില്‍ മുഴങ്ങുമ്പോള്‍ ഒരു സമനില കണ്ടെത്താനാവും ഇന്ത്യ ശ്രമിക്കുക.

രണ്ടാം പകുതി. ആദ്യ മിനുട്ടില്‍ തന്നെ ഇന്ത്യയുടെ ഒരു മുന്നേറ്റം സ്റ്റേഡിയത്തില്‍ ആരവമുയര്‍ത്തി എങ്കിലും അമേരിക്കന്‍ പ്രതിരോധത്തെ കവച്ചുവെക്കാന്‍ ഇന്ത്യന്‍ അക്രമനിരയ്ക്ക് സാധിച്ചില്ല.

സേവ് !! നാല്‍പത്തിയെട്ടാം മിനുട്ടില്‍ അമേരിക്കയുടെ മികച്ചൊരു മുന്നേറ്റം ഇന്ത്യന്‍ ഗോളി ധീരജിന്‍റെ നല്ലൊരു സേവ്. ധീരജ് തടുത്ത പന്ത് പോസ്റ്റിന്‍റെ വലതു വശത്തേക്ക്. മലയാളി താരം രാഹുലിന്‍റെ നല്ലൊരു ക്ലിയറന്‍സ് !

ഗോള്‍ !! അമ്പതാം മിനുട്ടില്‍ അമേരിക്കയ്ക്ക് രണ്ടാം ഗോള്‍..

അമേരിക്കയ്ക്ക് ലഭിച്ച കോര്‍ണര്‍ ഇടതു വശത്ത് ഇന്നും ബോക്സിന്‍റെ വലത്ത് വശത്തേക്ക് മികച്ചൊരു സെറ്റ് പീസ്‌. പന്ത് കാലിലോതുക്കിയ ഡിഫണ്ടര്‍ ക്രിസ് ഗ്ലോസ്റ്ററിന്‍റെ ശക്തമായ ഷോട്ട് ബോക്സില്‍ പ്രതിരോധിക്കാനിരുന്ന ഇന്ത്യന്‍ താരം അലിയുടെ കാലുകളില്‍ തട്ടി പ്രതിഫലിച്ച് ഇടതു പോസ്റ്റിലേക്ക്. പതിനൊന്നു ഇന്ത്യന്‍ താരങ്ങളും നോക്കി നില്‍ക്കെ അമേരിക്കയ്ക്ക് രണ്ടാം ഗോള്‍ !!

ചാന്‍സ് !! അമ്പത്തിയഞ്ചാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ അനികേത് ജാദവ് ചിള്ളിയിട്ട പന്ത് പ്രതിരോധത്തെ കബളിപ്പിച്ച് കോമളിന്‍റെ കാലുകളിലേക്ക്.. കോമളും ഗോളിയും ഒന്നേയൊന്ന് എന്ന നിലയില്‍ വലതു ബോക്സിന്‍റെ മൂലയില്‍ നിന്നും ഗോളിക്ക് മുകളിലൂടെ നെറ്റിലേക്ക് ബോള്‍ പ്ലേസ് ചെയ്യാന്‍ കോമളിന്‍റെ മികച്ചൊരു ശ്രമം. ഏതാനും ഇഞ്ച് വ്യത്യാസത്തില്‍ മിസ്സ്‌ !

അറുപതാം മിനുട്ടിലേക്ക് കടക്കുമ്പോള്‍ സ്വന്തം മൈതാനത്ത് ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് നീലപ്പട. മികച്ച ചില മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കഴിഞ്ഞ കുറച്ചു മിനുട്ടുകളിലും നല്ലൊരു ഫിനിഷിന്‍റെ അഭാവം തന്നെയാണ് നീലപ്പടയെ പിന്നോട്ടടിപ്പിക്കുന്നത്. വിങ്ങുകള്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ മുന്നേറ്റത്തിനൊത്ത് വേഗം കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നീല്ല.

അറുപത്തിയൊന്നാം മിനുട്ടില്‍ അമേരിക്കയുടെ വലതു വിങ്ങര്‍ അകിനോല ഇന്ത്യന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കികൊണ്ട് മറ്റൊരു മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നു. ഗോള്‍ കീപ്പറെ കടന്നു പോസ്റ്റിലേക്ക് പന്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുന്നു.

അറുപത്തി നാലാം മിനുട്ടില്‍ കോമള്‍ എടുത്ത കോര്‍ണര്‍ എല്ലാവരെയും കവച്ചു വെച്ചുകൊണ്ട് പുറത്തേക്ക്. നിഷ്ഫലം !

അറുപത്തിയെട്ടാം മിനുട്ടില്‍ അകിനോളയെ പിന്‍വലിച്ച അമേരിക്ക പകരക്കാരനായി അക്കൊസ്റ്റയെ ഇറക്കുന്നു.

അറുപത്തിയോമ്പത് മിനുട്ടില്‍ ഇന്ത്യയ്ക്ക് സബ്സ്റ്റിറ്റ്യൂഷന്‍

അഭിജിത്ത് സര്‍ക്കാര്‍ മെയ്തെയി എന്നിവര്‍ക്ക് പകരം നോങ്ങ്ഡാമ്പ മെയ്തെയി, റഹീം അലീ എന്നിവര്‍ ആണ് മാറ്റം. മാറ്റത്തിനൊപ്പം തന്നെ 4-4-2 എന്ന ഫോര്‍മേഷനിലും മാറ്റം. മധ്യനിരയില്‍ കൂടുതല്‍ സമയം പന്തുവെക്കാനും കൈമാറ്റങ്ങള്‍ നടത്താനുമാവും ഇന്ത്യന്‍ കോച്ചിന്‍റെ ശ്രമം.

എഴുപത്തിയഞ്ചു മിനുട്ട് തികയുമ്പോള്‍ കളിയുടെ വേഗം കുറയുന്ന കാഴ്ചയാണ്. ഇന്ത്യയുടെ ചൂടും തളര്‍ച്ചയും കവച്ചുവെക്കാന്‍ കൂടുതല്‍ പാസിങ് ഗെയിം കളിക്കാനാണ് അമേരിക്ക ശ്രമികുന്നത്. ഇന്ത്യയും പന്തൊതുക്കാന്‍ നോക്കുന്നുണ്ട് എങ്കിലും പന്ത് ഏറിയ പങ്കും അതിഥികളുടെ വറുതിയില്‍ തന്നെ തുടരുന്നു.

എണ്‍പതു മിനുട്ടെത്താനിരിക്കെ അലസമായ മത്സരത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത്.

എണ്‍പത് മിനുട്ടിന്‍റെ തുടക്കത്തില്‍ ഇടതുവിങ്ങിലേ പാഞ്ഞുകയറിയ ജിതേന്ദ്ര സിങ്ങ് ബോക്സിലേക്ക് അടുത്ത കോമളിനു ത്രൂ ഇട്ടുകൊടുക്കുന്നുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. മികച്ച മുന്നേറ്റം..

എണ്‍പത്തിയൊന്നാം മിനുട്ടില്‍ അമേരിക്കയ്ക്ക് മൂന്നാം ഗോള്‍ ! അകൊസ്റ്റ !!

കോമളിന്‍റെ കോര്‍ണറില്‍ അന്‍വര്‍ അലിയുടെ വോളി ബാറില്‍ തട്ടി അമേരിക്കന്‍ പ്രതിരോധ താരത്തിന്‍റെ കാലുകളില്‍. അമേരിക്കയുടെ കൌണ്ടര്‍ അറ്റാക്കില്‍ ബോള്‍ വലതു വിങ്ങിലെ അകോസ്റ്റയുടെ കാലുകളിലേക്ക്. ഗോളിയെ വലതു വശത്തുകൂടെ വെട്ടിച്ചു കൊണ്ട് അനായാസ ഗോള്‍. ഇന്ത്യന്‍ പ്രതിരോധനിയ നിഷ്പ്രഭമാവുന്ന കാഴ്ച.

എണ്‍പത്തിയെട്ട് മിനുട്ടാവുംബോഴേക്കും ഇന്ത്യന്‍ പാസിങ്ങിലെ പാകപിഴകളെ മുഴുവനായി അമേരിക്ക മുതലെടുക്കുന്ന കാഴ്ച. ഇന്ത്യന്‍ പ്രതിരോധത്തെ തറച്ചു കൊണ്ടു അതിവേഗമുള്ള ത്രൂ ബോളുകളും പാസുകളും. അനായാസമായ കളി.

മൂന്നു മിനുട്ട് ആഡഡ് ടൈം നല്‍കിയ മത്സരത്തില്‍ തൊണ്ണൂറാം മിനുട്ടില്‍ അമേരിക്കയുടെ സബ്സ്റ്റിറ്റ്യൂഷന്‍. കാള്‍ട്ടനു പകരം ഇന്ത്യാനാ വസിലേവ് മൈതാനത്തേക്ക്.

അധിക സമയം മൂന്നാം മിനുട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ പന്ത് മിക്കവാറും അമേരിക്കന്‍ പാളയത്തില്‍ തന്നെ. അധിക സമയത്തിന്‍റെ മൂന്നാം മിനുട്ടില്‍ ഇന്ത്യയുടെ അവസാന സബ്സ്റ്റിറ്റ്യൂഷന്‍.

സുരേഷ് സിങ്ങ് വങ്ങ്ജാമിനു പകരം ലാലെന്‍മാവിയ പ്രവേശിക്കുന്നതിനു പിന്നാലെ ഫൈനല്‍ വിസില്‍ !!

അണ്ടര്‍ പതിനേഴ്‌ ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആദ്യ മത്സരത്തില്‍ തന്നെ പരാജയം. മൂന്നു ഗോളുകള്‍ നേടി അമേരിക്ക സര്‍വ്വ ആധിപത്യവും പ്രഖ്യാപിച്ച കളിയില്‍ താരതമ്യേന ദുര്‍ബലരായ ഇന്ത്യ മെച്ചപ്പെട്ട ഒരു പ്രകടനം തന്നെ കാഴ്ചവെച്ചു എന്നു തന്നെ വേണം പറയാന്‍. കോമള്‍ തട്ടാലും രാഹുല്‍ കെപിയും എടുത്തു പറയേണ്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഗോള്‍കീപ്പര്‍ ധീരജിനു മികച്ച ചില സേവുകള്‍ നടത്താന്‍ സാധിച്ചുവെങ്കിലും തന്ത്രപരമായ പാളിച്ചകള്‍ കളിയിലുടനീളം പ്രകടമായിരുന്നു. ഒമ്പതാം തീയ്യതി, തിങ്കളാഴ്ച കൊളംബിയക്കെതിരെയാവും ഇന്ത്യയുടെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook