ന്യൂഡല്‍ഹി : അണ്ടര്‍ പതിനേഴ് ലോകകപ്പില്‍ ഇന്ത്യ രണ്ടാം മത്സരത്തിനായി ഇന്ന് ബൂട്ടണിയുന്നത് വിജയത്തില്‍ കുറഞ്ഞ ഒന്നും മുന്നില്‍ കാണാതെയാണ്. ആദ്യ മത്സരത്തില്‍ അമേരിക്കയോട് പറ്റിയ പിഴവുകളൊക്കെ കൊളംബിയയോട് പരിഹരിക്കാം തന്നെയാവും നീലപ്പടയും കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസും വച്ച് പുലര്‍ത്തുന്ന പ്രതീക്ഷ.
ഇന്ത്യന്‍ XI : അമര്‍ജിത് കിയാം (ക്യാപ്റ്റന്‍), ധീരജ് സിങ്ങ് (ഗോള്‍ കീപ്പര്‍), ബോറിസ് തങ്ങ്‌ജം, നമിത് ദേശ്പാണ്ടെ, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ജേക്സന്‍ തൗനാവോജം, രാഹുല്‍ കെപി, ഖുമന്തെം നിന്തൊയിഗമ്പ, അഭിജിത്ത് സര്‍ക്കാര്‍, റഹീം അലി.

കൊളംബിയ XI: തോമസ്‌ ഗ്വിറ്റെറെസ് (ക്യാപ്റ്റന്‍ ), കെവിന്‍ മിയര്‍ (ഗോള്‍ കീപ്പര്‍), ലിയാന്‍ഡ്രോ കാമ്പസ്, ലൂയിസ് ലോപെസ്, ഹുവാന്‍ പെനലോസ, യാദിര്‍, മേനെസസ്, ഗുസ്റ്റാവോ കാര്‍വഹാല്‍, ഫാഫിയാന്‍ ഏഞ്ചല്‍, ഡേയ്മന്‍ കോര്‍ട്ടെസ്.

കഴിഞ്ഞകളിയില്‍ ഏറെ തിളങ്ങിയ കോമള്‍ തട്ടാല്‍ ആദ്യ ഇലവനില്‍ ഇല്ലാ എന്നതാണ് കാര്യമായൊരു മാറ്റം. പകരക്കാരനായി ആദ്യ ഇലവനില്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത് മുംബൈയില്‍ നിന്നുമുള്ള ഡിഫണ്ടര്‍ നമിത് ദേശ്പാണ്ടേയാണ്. ഫോര്‍മേഷനിലെ വ്യത്യാസമാണ് ഇന്ത്യന്‍ നെയ്മറിനെ ടീമില്‍ ഇടം നേടാതിരിക്കാന്‍ കാരണമാവുന്നത്. ഞങ്ങള്‍ നേരത്തെ നിരീക്ഷിച്ചപോലെ മധ്യനിരയെ കൂടുതല്‍ കരുത്തരാക്കിക്കൊണ്ട് കൂടുതല്‍ പാസിങ്ങ് ഫുട്ബോള്‍ കളിക്കാനാവും ഇന്ത്യ ശ്രമിക്കുക. നേരത്തെ കളിച്ച 4-3-2-1 എന്ന ഫോര്‍മേഷനില്‍ നിന്നും മാറി. 4-2-3-1 എന്ന ഫോര്‍മേഷനിലാവും ഇന്ത്യന്‍ ടീം ഇറങ്ങുക.

സസ്‌പെന്‍ഷനിലായിരുന്ന ബോറിസ് റൈറ്റ് ബാക്ക് പൊസിഷനില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം രാഹുല്‍ കെപി അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ ആയാവും ഇന്ന് കളിക്കുക. ബോറിസ്, നമിത്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍ എന്നിവര്‍ പ്രതിരോധം കാക്കുമ്പോള്‍. ജെയ്ക്സന്‍ തൗനാവോജം, അമര്‍ജിത് എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലാവും കളിക്കുക. രാഹുല്‍, അഭിജിത്ത് സര്‍ക്കാര്‍, നിന്‍തോയിങാമ്പ എന്നിവര്‍ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡിലും. റഹീം അലി ഒരേയൊരു സ്ട്രൈക്കര്‍ ആയും കളിക്കും.

 

ഇരുടീമുകളും മൈതാനത്തില്‍ അണിനിരന്നു. വിസില്‍ മുഴങ്ങിയിരിക്കുന്നു. ഇന്ത്യ പതിവ് നീല ജെഴ്സിയിലും കൊളംബിയ മഞ്ഞ ജെഴ്സിയിലുമാണ് കളിക്കുന്നത്.

1 : ഒന്നാം മിനുട്ടില്‍ തന്നെ ഇന്ത്യന്‍ പോസ്റ്റിന്‍റെ ഇടതു കോര്‍ണറില്‍ കൊളംബിയയ്ക്ക് ത്രോ. നീണ്ട ത്രോ ധീരജിന്‍റെ കൈകളില്‍ ഭദ്രം.

3: ഇടതുവിങ്ങില്‍ മധ്യനിരയിലും പ്രതിരോധത്തിലും രാഹുലിന്‍റെ സാന്നിദ്ധ്യം തുടക്കം മുതല്‍ തന്നെ ദൃശ്യമാകുന്നു. രാഹുലിന്‍റെ ക്ലിയറന്‍സിനു പിന്നാലെ കൊളംബിയ ഒരു ലോങ്ങ്‌ ഷോട്ടിനു ശ്രമിക്കുന്നു. അലക്ഷ്യമായ ഷോട്ട് പോസ്റ്റില്‍ നിന്നും ഏറെ ദൂരം അകലേക്ക്.

6: കൊളംബിയയെ എല്ലാ രീതിയിലും തടുത്തു നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ഓരോ തവണ പന്ത് അതിഥികളുടെ കാളിലെത്തുമ്പോഴും തടുക്കാന്‍ ഒരു ഇന്ത്യന്‍ താരം മുന്നിലെത്തുന്നുണ്ട്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങാതിരിക്കാന്‍ ഇന്ത്യ ഏറെ പരിശ്രമിക്കുന്നുണ്ട്.

7: ഇന്ത്യയ്ക്ക് അനുകൂലമായൊരു ഫൗള്‍. ബോക്സിനടുത്ത് നിന്നും കാമ്പസ് നടത്തിയ ഫൗളെടുത്ത ധീരജിന്‍റെ മോശം ഷോട്ട് നേരെ കൊളംബിയന്‍ കാലുകളില്‍.

11: ഇന്ത്യന്‍ ബോക്സിനരികെ നിന്നും കൊളംബിയയുടെ അടുത്ത ത്രോ. നീണ്ട ത്രോവിലൂടെ ഉയരകൂടുതലെന്ന അനുകൂല ഘടകം മുതലെടുക്കാനാണ് ലാറ്റിനമേരിക്കാന്‍ രാജ്യം ശ്രമിക്കുന്നത്. ഇന്ത്യ എളുപ്പം പ്രതിരോധിക്കുന്നു..

14 ഇന്ത്യയുടെ ആദ്യ ആക്രമം.. ചാന്‍സ് !!!

15:കൊളംബിയന്‍ പ്രതിരോധത്തെ വെട്ടിച്ച് നിന്തൊയിഗമ്പ വലതുവിങ്ങിലേക്ക്, പിന്നെ ബോക്സിന്‍റെ അടുത്തേക്ക് എത്തിയ നായകനു പന്ത് പാസ് ചെയ്യുന്നു. കൊളംബിയയുടെ രണ്ടു ഡിഫണ്ടര്‍മാരെ കവച്ചു വച്ച് ഗോള്‍ കീപ്പര്‍ക്ക് നേര്‍ക്ക് നേര്‍ അഭിജിത്ത് ! ഇടയില്‍ ജേക്സനുമായി അതിവേഗം പന്ത് കൈമാറുന്നു. ബോക്സിനുള്ളിലേക്ക്.. ഷോട്ട് !! മുന്നോട്ടു കയറിയ കോളംബിയന്‍ ഗോള്‍കീപ്പര്‍ ഷോട്ട് തടുക്കുന്നു. ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും നല്ല ചാന്‍സ്. മൈതാനത്ത് ജനങ്ങളുടെ ആരവം..

19: ഇന്ത്യന്‍ മധ്യനിരയും അക്രമനിരയു പരസ്പരധാരണയോടെ കളിക്കുന്ന കാഴ്ചയാണ് കാണുന്നത്. കളിയില്‍ ഇതുവരെ ഉണ്ടായ ഏറ്റവും നല്ലൊരു അവസരം ഇന്ത്യയ്ക്ക് തന്നെയാണ്.

23: കളിയുടെ വേഗത കുറയ്ക്കാനാണ് കൊളംബിയ ശ്രമിക്കുന്നത്. മെല്ലെ മെല്ലെ പന്ത് കൈമാറിക്കൊണ്ട് നല്ലൊരു അവസരം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കൊളമ്പിയന്‍ പട.

24: ജേക്സനെതിരെ മോശം ഫൗള്‍. ഇന്ത്യയ്ക്കനുകൂല വിധി.

26: ഇന്ത്യന്‍ ബോക്സില്‍ കൊളംബിയ. മികച്ച അവസരമുണ്ടായിരുന്നിട്ടും പന്ത് ഇന്ത്യന്‍ പ്രതിരോധത്തിനു കൊടുക്കുന്നു. ക്ലിയറന്‍സിനു പിന്നാലെ വീണ്ടും പന്ത് കൊളംബിയന്‍ കാലുകളില്‍. ടാക്കിളിന്‍ ശ്രമത്ത്തിനുടെ ഇന്ത്യന്‍ നായകനും അലിയും തമ്മില്‍ കൂട്ടിയിടിക്കുന്നു. സെറ്റ് പീസ്‌ ഇന്ത്യയ്ക്ക്

28: ഇന്ത്യയുടെ മികച്ചൊരു മുന്നേറ്റം കൊളംബിയതടുക്കുന്നു. കൗണ്ടര്‍ അറ്റാക്ക് ബോക്സിനടുത്ത് വച്ച് ധീരജ് ക്ലിയര്‍ ചെയ്യുന്നു.

33: കൊളംബിയയ്ക്ക് കോര്‍ണര്‍. ബോക്സിന്‍റെ മൂലയ്ക്ക് പ്ലേസ് ചെയ്ത കോര്‍ണറില്‍ ഇന്ത്യ കൗണ്ടര്‍ അറ്റാക്ക് ശ്രമിക്കുന്നു. സെന്‍റര്‍ ഹാഫില്‍ തന്നെ കൊളംബിയ പന്ത് തിരിച്ചെടുക്കുന്നു. ശാരീരികമായ ക്ഷമതയില്‍ കൊളംബിയയെ കവച്ചു വെക്കാന്‍ ആവുന്നില്ലെന്നത് ഇതുവരെയുള്ള കളിയില്‍ പ്രകടം.

35: സേവ് !! ധീരജ് !! ഈ കൈകളില്‍ ഇന്ത്യ ഭദ്രം. ഇടത് ബോക്സിനകത്ത് ലഭിച്ച പന്ത് ഹെഡ് ചെയ്യാനുള്ള കാമ്പസിന്‍റെ ശ്രമത്തെ മനോഹരമായ ഒരു ഡൈവിലൂടെ ധീരജ് നിഷ്പ്രഭമാക്കുന്നു. ഏതാനും അടി മാത്രമാണ് ഇരു താരങ്ങളും തമ്മിലുണ്ടായ അകലം.

40: കൊളംബിയയ്ക്ക് അടുത്ത കോര്‍ണര്‍. ക്ലിയറന്‍സിനു പിന്നാലെ വീണ്ടും പന്ത് കൊളംബിയയ്ക്ക്!

41: ഷോട്ട് ! സേവ് ! ധീരജ് വീണ്ടും ഇന്ത്യയെ കാക്കുന്നു. ഒരു ലോങ്ങ്‌ ഷോട്ട് റൈറ്റ് പോസ്റ്റിലേക്ക്. ധീരജിന്‍റെ മറ്റൊരു മനോഹര സേവ്..

42: ഓ ധീരജ് !! പന്ത് തട്ടിതെറിപ്പിച്ച ശേഷം പിന്നോട്ട് വീണ ധീരജ് ഏതാനും മിനുറ്റ് കിടക്കുന്നു. പരുക്കേറ്റ ധീരജ് ചികിത്സയ്ക് ശേഷം വീണ്ടും കളി പുനരാരംഭിക്കുന്നു.

45: ചാന്‍സ് !! രാഹുല്‍ !! മിസ്സ്‌.. ഇന്ത്യയുടെ മൂന്നുപേര്‍ കൊളംബിയയുടെ വലത് ബോക്സില്‍. അവരെ ചുറ്റിനിന്ന കൊളംബിയന്‍ പ്രതിരോധത്തെ കവച്ചു വച്ചുകൊണ്ട് ഇടതു ബോക്സിലുണ്ടായിരുന്ന രാഹുലിനു ക്രോസ്. രാഹുലിന്‍റെ ഉശിരന്‍ ഷോട്ട്. പക്ഷെ നിര്‍ഭാഗ്യം വീണ്ടും. പോസ്റ്റില്‍ കൊണ്ട പന്ത് പുറത്തേക്ക്..

ഹാഫ് ടൈം

പകുതി സമയത്തിനു പിരിയുമ്പോള്‍ മികച്ചൊരു പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്ചവെച്ചത് എന്ന് തന്നെ വേണം പറയാന്‍. ഫോര്‍മേഷനിലുണ്ടായ മാറ്റം കളിയിലുടനീളം പ്രതിഫലിച്ചു. അക്രമത്തിലും പ്രതിരോധത്തിലും ഇന്ത്യ ഏറെ മികവു പുലര്‍ത്തി. ഒന്നിലേറെ നല്ല അവസരങ്ങള്‍ ലഭിച്ച മത്സരത്തില്‍ രണ്ടു മികച്ച ചാന്‍സുകള്‍ ഇന്ത്യയ്ക്ക് തന്നെയാണ് ലഭിച്ചത്. രണ്ടാം പകുതിയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ നിര്‍ണായകമാവും. ഈ കളി ഇന്ത്യയ്ക്ക് അനുകൂലമാവുകയാണ് എങ്കില്‍ ചരിത്രപരമായ ഒരു മുന്നേറ്റത്തിനു തന്നെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ സാക്ഷിയാവുക.

46: രണ്ടാം പകുതി ആരംഭിക്കുകയായി. കൊളംബിയ ആദ്യം തന്നെ അറ്റാക്കിങ്ങ് ഫുട്ബോള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നു. വലതു വിങ്ങിലെക്ക് പോയ ക്രോസ് ഇന്ത്യ പ്രതിരോധിക്കുന്നു

47: കൊളംബിയ സബ്സ്റ്റിറ്റ്യൂഷന്‍: ലോപസിനു പകരം ഗോമസ്.

48 : ഗോള്‍ ! കൊളംബിയ
വലതുവിങ്ങില്‍ ലഭിച്ച പന്ത് സഞ്ജീവ് സ്റ്റാലിനെ മനോഹരമായ കാല്‍വെയ്പ്പിലൂടെ വെട്ടിച്ച് പോസ്റ്റിലേക്ക്. കൊളംബിയയ്ക്ക് ലീഡ്

50: ചാന്‍സ് !! വീണ്ടും രാഹുല്‍ !! ഇന്ത്യയുടെ മികച്ചൊരു മുന്നേറ്റം. വലതുവിങ്ങിലൂടെ ചീറി പാഞ്ഞ ഇന്ത്യന്‍ താരം മെയ്റ്റെയി ബോക്സിലേക്ക് ക്രോസ് ചെയ്യുന്നു. ബോക്സിലോടിയെത്തിയ രാഹുല്‍ പന്ത് ഹെഡ് ചെയ്യുന്നു. ലക്ഷ്യം തെറ്റിയ പന്ത് പോസ്റ്റിനു ഏതാനും ഇഞ്ച്‌ അപ്പുറത്തേക്ക്.

54: കൊളംബിയന്‍ ഗോള്‍കീപ്പര്‍ക്ക് പരുക്ക്. കളി അല്‍പ്പസമയമായി നിര്‍ത്തിവച്ചിരിക്കുന്നു. മൈതാനത്ത് മെക്സിക്കാന്‍ വേവ് അലയടിക്കുന്നുണ്ട്. പ്രതീക്ഷവിടാതെ ഇന്ത്യന്‍ കാണികളുടെ ഹര്‍ഷാരവം.

55: ഇന്ത്യന്‍ താരം മെയ്തെയിക്കും പരുക്ക്. തലയില്‍ ബാന്‍ഡുമായി മെയ്തെയി തിരിച്ചെത്തിയതോടെ കളി പുനരാരംഭിക്കുന്നു.

58: സബ്സ്റ്റിറ്റ്യൂഷന്‍ : കോര്‍റ്റെസിനു പകരം മൈയാ. കൊളംബിയയുടെ രണ്ടാം സബ്സ്റ്റിറ്റ്യൂഷന്‍

60: രണ്ടാം പകുതിയില്‍ കൂടുതല്‍ ത്രൂ ബാളുകള്‍ കളിക്കുകയാണ് കൊളംബിയ. പെന്ന്യലോസയെന്ന വിങ്ങ് ഫോര്‍വേഡിലേക്ക് നിരന്തരം പന്തുകള്‍ എത്തുന്നുണ്ട്. കളിയില്‍ തന്ത്രപരമായ വ്യത്യാസം വരുത്തിക്കൊണ്ടാണ് അതിഥികള്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയത്. വിങ്ങുകള്‍ കേന്ദ്രീകരിച്ച് കളി കുറച്ചുകൂടി വൈഡ് ആക്കുവാന്‍ കൊളംബിയ ശ്രദ്ധിക്കുന്നുണ്ട്.

63: കൊളംബിയയുടെ തന്ത്രമാറ്റം ഇന്ത്യയുടെ മികച്ച ഓഫ്സൈഡ് ട്രാപ്പില്‍ രണ്ടു ഓഫ്സൈഡിനു വഴിവെച്ചു. ഇന്ത്യ അക്രമത്തിനു മൂര്‍ച്ച കൂട്ടേണ്ട സമയം അതിക്രമിച്ചു എന്ന് വ്യക്തം.

65: സബ്സ്റ്റിറ്റ്യൂഷന്‍: നായകന്‍ അഭിജിത്തിനു പകരം അനികേത് ഇറങ്ങുന്നു.

67: ഇന്ത്യയുടെ മറ്റൊരു അറ്റാക്കിങ്ങ് ശ്രമം. നല്ല രീതിയില്‍ പന്ത് കൈമാറി മുന്നോട്ട് പോയി എങ്കിലും ഒടുവില്‍ ഓഫ്സൈഡില്‍ കലാശിച്ചു. അനികേതിനെതിരെ ഉയര്‍ന്ന ഫ്ലാഗ് ഓഫ് സൈഡ് ആകുമോ എന്ന സംശയം തുടരുന്നു. ഫ്ലാഗ്ല് ഉയര്‍ന്നില്ലെങ്കില്‍ ഒരു ഗോള്‍ സാധ്യത നിലനിന്നിരുന്ന മുന്നേറ്റം.

71: ഇന്ത്യയ്ക്ക് അടുത്ത സബ്സ്റ്റിറ്റ്യൂഷന്‍ ഒരുങ്ങുന്നുവെന്ന സൂചന

72: ചാന്‍സ് !! കാമ്പസിനു മറ്റൊരു ചാന്‍സ് ! ഇടതു വിങ്ങിലേക്ക് പന്തുലഭിച്ച കാമ്പസിനു ആദ്യ ചാന്‍സില്‍ അടിക്കാവുന്ന ഷോട്ട് വൈകിക്കുന്നു. ഇന്ത്യന്‍ പ്രതിരോധത്തിന്റെ അവസരോചിതമായ ബ്ലോക്ക്

75: സബ്സ്റ്റിറ്റ്യൂട്ട് : ബോറിസിനു പകരം നവോരം. കഴിഞ്ഞ കളിയിലും പകരക്കാരനായി എത്തി മികച്ച ഒരു മുന്നേറ്റം കാഴ്ചവെച്ച താരത്തിനു അവസരം

76: ഇന്ത്യയുടെ മറ്റൊരു നല്ല മുന്നേറ്റം. കൊളംബിയന്‍ ബോക്സില്‍ മൂന്നു നാലു മികച്ച പാസുകള്‍ കാഴ്ചവെക്കാന്‍ സാധിച്ചെങ്കിലും ഷോട്ടില്‍ പാളി ഇന്ത്യന്‍ അക്രമനിര.

77: കൊളംബിയയുടെ അവസാന സബ്സ്റ്റിറ്റ്യൂഷന്‍: ഏഞ്ചലിനു പകരം പലാസിയോ മൈതാനത്തേക്ക്

81: ഇന്ത്യയ്ക്ക് കോര്‍ണര്‍.. ഗോള്‍ !!!
82 സഞ്ജീവ് സ്റ്റാലിന്റെ ഇന്‍ സ്വിങ്ങ് കോര്‍ണറില്‍ തൌവാനോജമിന്‍റെ ഹെഡ്ഡര്‍ പോസ്റ്റിന്‍റെ വലത്തുവശത്തെ മൂലയ്ക്ക്. മികച്ച ഹെഡര്‍

84: ഗോള്‍ !! കൊളംബിയ !!
ആവേശം തീരും മുമ്പേ മറുപടി ഗോള്‍. കാര്‍വഹാളിന്‍റെ അസിസ്റ്റില്‍ വീണ്ടും പെന്യലോസ. ഗോളി ധീരജിനു നേര്‍ക്ക് നേര്‍ വന്ന പെന്യസോള വിദഗ്ദ്ധമായി പന്ത് പ്ലെയ്സ് ചെയ്യുന്നു പോസ്റ്റിന്‍റെ ഇടതു കോര്‍ണറിലേക്ക് ധീരജിന്‍റെ കൈകള്‍ക്ക് ഏതാനും ഇഞ്ച് ദൂരത്തില്‍ ഒരു സ്വപ്നത്തെ തകര്‍ത്തുകൊണ്ട് പന്ത് ഇരച്ചുകയറി

89 കളി അവസാനിക്കാന്‍ ഏതാനും മിനുട്ടുകള്‍ മാത്രം. അഞ്ചു മിനുറ്റ് അധികസമയം അനുവദിച്ചിരിക്കുന്ന കളിയില്‍ പ്രതീക്ഷ കൈവിടാതെ ഇരുടീമുകളും

90 അഭിജിത്തിന്‍റെ മികച്ചൊരു മുന്നേറ്റം ഇടതു വിങ്ങിലൂടെ. ഫിനിഷിന്ഗില്‍ വീണ്ടും പാളിച്ച. നല്ലൊരു അവസരം ഇന്ത്യയ്ക്ക് നഷ്ടം.

93 ഏതാനും മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ സമയം കളഞ്ഞുകൊണ്ട് കളി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണ് കൊളംബിയ.

94 സേവ് !! ഗോമസിന്‍റെ മികച്ച ലോങ്ങ് ഷോട്ട് ധീരജിന്‍റെ സേവ്.

വിസില്‍ !! ഫൈനല്‍ ടൈം !

2-1 എന്ന് കളി അവസാനിക്കുന്നതോടൊപ്പം ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കൂടി മങ്ങലേല്‍ക്കുകയാണ്. താരതമ്യേന ദുര്‍ബലരെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടും ഇന്ത്യയുടെ കൗമാരങ്ങള്‍ പുറത്തെടുത്ത പ്രകടനത്തെ എഴുതി തള്ളാന്‍ വരട്ടെ.. അങ്ങനെ തടയപ്പെടെണ്ടവരല്ല അവര്‍. ഒരു കളിയകലത്തില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായ മാറ്റം തന്നെ കളിക്കാരില്‍ ഉണ്ടായ ആത്മവിശ്വാസത്തിന്‍റെ തെളിവാണ്. രണ്ടു മിനുട്ടെങ്കില്‍ രണ്ടു മിനുട്ട് ഫുട്ബോളിന്‍റെ പാരമ്പര്യ ശക്തികളായ കൊളംബിയയോട് സമനില പിടിച്ച ആ കളി മികവ് കണ്ടില്ലെന്നു നടിക്കരുത്. കഴിഞ്ഞ കളിയുമായി താരതമ്യപ്പെടുത്തുകയാണ് എങ്കില്‍ ഏറെ പരസ്പരധാരണയോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും നല്ല ധാരണയോടെയാണ് കളിച്ചതും മുന്നേറിയതും. ഈ ടീം ഒരു പ്രതീക്ഷ തന്നെയാണ്. എന്നെങ്കിലും ഒരു നാള്‍ ഈ പുലിക്കുട്ടികള്‍ കാല്‍പ്പന്തിന്‍റെ ഇതിഹാസത്തില്‍ ഈ രാജ്യത്തിന്‍റെ പേരും ചേര്‍ത്ത് വയ്ക്കും എന്ന പ്രതീക്ഷ.

ലൈവില്‍ പങ്കാളികളായവര്‍ക്ക് നന്ദി.. സൈനിങ് ഓഫ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook