ന്യൂഡല്‍ഹി: അണ്ടര്‍ പതിനേഴ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ കൗമാരങ്ങള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു എങ്കിലും. ഒട്ടും മോശമല്ലാത്ത പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത് എന്ന് ഫുട്ബാള്‍ വിദഗ്ധരൊക്കെ ഒരേ സ്വരത്തില്‍ പറയുന്നു. താരതമ്യേന ദുര്‍ബലമായ ആതിഥേയര്‍ക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നതൊഴിച്ചാല്‍ മൈതാനത്ത് എല്ലാ മേഖലയിലും അവര്‍ മികവുപ്രകടമാക്കി.
ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ കൊളംബിയയെ നേരിടുകയാണ് ഇന്ത്യ. ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ പാരമ്പര്യ ശക്തിയായ കൊളംബിയ എന്തുകൊണ്ടും ഇന്ത്യയെക്കാള്‍ മികച്ച ഒരു ടീം തന്നെയാണ്. കഴിഞ്ഞ നാലു മത്സരങ്ങള്‍ എടുക്കുകയാണ് എങ്കില്‍ ഉറൂഗ്വെയ്ക്കെതിരെ മാത്രമാണ് മൂന്നിനെതിരെ ഒരു ഗോളിനു കൊളംബിയന്‍ സംഘം വിജയം കണ്ടത്. ചിലി, മെക്സിക്കോ എന്നീ ടീമുകളെ സമനിലയില്‍ തളക്കാന്‍ സാധിച്ചപ്പോള്‍ ബ്രസീലിനെതിരെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു കൊളംബിയ. കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയും കൊളംബിയയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്.
അവസാന കളിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ പരാജയപ്പെടുത്തിയ അമേരിക്കയുമായി താരതമ്യപ്പെടുത്തിയാല്‍ കൊളംബിയ ദുർബലമായ ഒരു ടീം തന്നെയാണ്. എന്നാല്‍ തന്ത്രപരമായി ഏറെ വ്യത്യസ്തമായും നില്ക്കുന്ന ടീം ആണവര് എന്നും മറന്നുകൂട. അമേരിക്ക ലോങ് ബോളുകളെ കൂടുതലായി ആശ്രയിച്ച് വിങ്ങുകളിലൂടെ അക്രമിക്കുന്ന കളി ശൈലിയുടെ ഉടമകള്‍ ആവുമ്പോള്‍ കൊളംബിയയെ വ്യത്യസ്തമാക്കുന്നത് ചെറു പാസുകളില്‍ കളി മെനഞ്ഞെടുക്കുന്ന, കൗണ്ടര്‍ അറ്റാക്കുകളെ ഏറെ ആശ്രയിക്കുന്ന സ്പാനിഷ് ശൈലിയാണ്.
Read More : അണ്ടര്‍ 17 ലോകകപ്പ്; ആരാണ് ഇന്ത്യന്‍ നായകനായ അമര്‍ജിത് സിങ് കിയാം
അതേസമയം, ഈ ലോകകപ്പിലെ ടീമുകളുടെയൊക്കെ ശരാശരി ഉയരമെടുത്താല്‍ ഏറ്റവും ഉയരമുള്ള കളിക്കാരാണ് കൊളംബിയയുടേത്. അതിനാല്‍ തന്നെ ലോങ് ബോളുകള്‍ ഒഴിവാക്കി ഹെഡ്ഡറുകളിലും മറ്റും ആശ്രയിക്കാതെ കൂടുതല്‍ ഗ്രൗണ്ട് ബോള്‍ കളിക്കുന്നതാവും ഇന്ത്യന്‍ ടീമിന് അഭികാമ്യം. ശാരീരിക ക്ഷമതയുടെയും ഉയരക്കൂടുതലിന്റെയും കാര്യത്തില്‍ കൊളംബിയയ്ക്കുള്ള ഈ മേൽക്കോയ്മ ഏറെ അനുഭവസമ്പത്തുള്ള ഇന്ത്യന്‍ കോച്ച് ലൂയിസ് നോര്ട്ടന് ഡെ മാറ്റോസ് കണക്കിലെടുക്കും എന്നു തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ കളിയില്‍ നിന്നും മാറിയൊരു ഫോര്‍മേഷനില്‍ തന്നെയാവും ടീം ഇന്ത്യ ഇന്ന് മൈതാനത്തിലിറങ്ങുക.
കൂടുതല്‍ സമയം പന്തു കാലില്‍ കരുതാനുള്ള വൈദഗ്ദ്ധ്യവും സാങ്കേതിക തികവുമുള്ളവരാണ് നമ്മുടെ കൗമാരങ്ങള്‍. അതു കണക്കിലെടുത്തുകൊണ്ട് ശക്തമായൊരു മധ്യനിരയെ ഒരുക്കിക്കൊണ്ട് കൂടുതല്‍ പാസിങ് ഉള്ളൊരു കളിയാവും ഇന്ന് ഇന്ത്യ പുറത്തെടുക്കാന്‍ സാധ്യത. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി അമേരിക്കന്‍ പ്രതിരോധത്തെ ആകെ നോക്കുകുത്തിയാക്കി മുന്നേറിയ നോങ്ങ്ഡാമ്പയെന്ന മധ്യനിര താരത്തെ ആദ്യ പകുതിയില്‍ തന്നെ ഇറക്കും എന്നു പ്രതീക്ഷിക്കാം. കോമള്‍ തട്ടാലും റഹീം അലിയും അനികേത് ജാദവും മികച്ച സ്ട്രൈക്കര്‍മാര്‍ തന്നെയാണ്. പന്തുമായി ബോക്സിലെത്തിയിട്ടും ഷോട്ടിനു മുതിരാത്ത ആത്മവിശ്വാസക്കുറവിനെയാവും ഇന്ത്യ ആദ്യം പരാജയപ്പെടുത്തേണ്ടത്.
ധീരജ് സിങ്ങിനെപോലൊരു ഗോളി വലകാക്കുന്നിടത്തോളം പ്രതിരോധ നിരയില്‍ ആത്മവിശ്വാസം കൂടും. പരുക്കേറ്റ മലയാളി താരം രാഹുല്‍ കളിക്കുമോ എന്ന സ്ഥിരീകരണം വന്നിട്ടില്ല. അന്‍വര്‍ അലിയും സഞ്ജീവ് സ്റ്റാലിനും കഴിഞ്ഞ കളിയില്‍ സസ്പെന്‍ഷനിലായിരുന്ന ബോറിസ് സിങ്ങും പ്രതിരോധത്തിനു ശക്തി പകരും.
വിജയത്തില്‍ കുറഞ്ഞൊന്നും മുന്നില്‍ കാണാതെയാവും ഇന്ത്യന്‍ കൗമാരങ്ങള്‍ ഇന്നിറങ്ങുക.
കോമള്‍ തട്ടാല്‍ ; ആരാണ് നെയ്മറിനെ അനുസ്മരിപ്പിച്ച ആ സുവര്ണമുടിക്കാരന് ?