കൊൽക്കത്ത: ഇരുപത്തിനാലു ടീമുകൾ മാറ്റുരച്ച ലോക ഫുട്ബോളിലെ കൗമാരക്കാരുടെ പോരാട്ടം അവസാന ദിനങ്ങളിലേക്ക്. കിരീട പോരാട്ടത്തിനുള്ള ടീമുകളെ നിർണയിക്കുന്ന സെമി മത്സരങ്ങൾ ഇന്ന് കൊൽക്കത്തയിലും മുംബൈയിലുമായി അരങ്ങേറും. അതോടെ അറിയാം, 28ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ആരൊക്കെ കൊന്പുകോർക്കുമെന്ന്.
ആദ്യ സെമിയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തുന്ന ബ്രസീല്‍ ഇംഗ്ലണ്ടിനെയാണ് നേരിടുക. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് മത്സരം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ മത്സരം ശക്തമായ മഴയില്‍ അവിടത്തെ കളിക്കളം മോശമായതിനെതുടര്‍ന്നാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്.
ഗ്രൂപ്പ് ഘട്ടം മുതൽ മികച്ച കളി കെട്ടഴിച്ചാണ് ഇംഗ്ലണ്ടും ബ്രസീലും സെമിയിൽ എത്തിനിൽക്കുന്നത്. ഇരു സംഘവും ഇതുവരെ എതിരാളികളെ കീഴടക്കി മാത്രമേ ശീലിച്ചിട്ടുള്ളൂ. വൈകുന്നേരം അഞ്ചിന് കൊൽക്കത്തയിലാണ് ഈ ഗ്ലാമർ പോരാട്ടം. ക്വാർട്ടറിൽ അമേരിക്ക വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും ഇംഗ്ലീഷ് കരുത്തിനു മുന്നിൽ അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഫലമോ 4-1ന്റെ ഏകപക്ഷീയ ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു.
ക്വാർട്ടർ മത്സരം ബ്രസീലിന്റെ കരുത്തും പോരാട്ട വീര്യവും വെളിപ്പെടുത്തുന്നതായിരുന്നു. കിരീട സാധ്യതയിൽ മുൻപന്തിയിലുണ്ടായിരുന്ന ജർമനിയെ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ശക്തമായ തിരിച്ചുവരവിലൂടെയാണ് ബ്രസീൽ സെമിയിൽ എത്തിയത്. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീപാറിക്കുമെന്നുറപ്പ്.
രണ്ടാം സെമിയില്‍ ഇന്ന് യൂറോപ്യന്‍ ശക്തികളായ സ്പെയിന് മാലിയുമായി ഏറ്റുമുട്ടും. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരു ടീമുകളും സെമിഫൈനലില്‍ കടന്നത്. കൊച്ചിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏഷ്യന്‍ ശക്തികളായ ഇറാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന് അവസാന നാലിലൊന്നായത്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് മാലി സെമിയിലെത്തിയത്.