ന്യൂഡൽഹി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇനി ചാൻസെടുക്കാൻ മത്സരങ്ങളില്ലെന്നത് കൊണ്ട് തന്നെ കൗമാര ലോകകപ്പിൽ കരുത്തുറ്റ മത്സരം കാഴ്ചവയ്ക്കാനാകും ഓരോ ടീമിന്റെയും ശ്രമം.

എ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടിയ കൊളംബിയയാണ് ഡൽഹിയിൽ ജർമനിയെ എതിരിടുന്നത്. വൈകിട്ട് അഞ്ച് മണിക്ക് കരുത്തുറ്റ ഫുട്ബോൾ ടീമുകൾ ഡൽഹിയിലെ മൈതാനത്ത് ചുവടുവയ്ക്കും. ഇതിന് ശേഷം ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ അമേരിക്ക മൈതാനത്തിറങ്ങും. പരാഗ്വേയാണ് എതിരാളികൾ.

ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും കൗമാര പ്രതിഭകൾ പോരടിക്കുന്ന മത്സരം തീപാറുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. നാല് തവണ സെമിയിൽ കടന്നതല്ലാതെ ഫൈനലിലേക്ക് യോഗ്യത നേടാൻ ജർമനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, കൊളംബിയയെ ദുർബലരെന്ന് എഴുതി തള്ളാനുമാകില്ല. കരുത്തിലും വേഗത്തിലും കൊളംബിയ ആരോടും പോരടിക്കും. പന്ത് കൃത്യമായി വലയിലാക്കാൻ കൊളംബിയയ്ക്ക് സാധിച്ചാൽ പിന്നെ ജർമനിക്ക് പുറത്തേക്കുള്ള വഴി തുറന്നേക്കും. അമേരിക്കയും പരാഗ്വേയും തമ്മിലുള്ള മത്സരം ഗാലറിയിൽ കാണികളെ നിറയ്ക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ