ന്യഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പിലെ നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊളംബിയക്കെതിരെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ജർമ്മനി വിജയിച്ചു. ഇതോടെ ജർമ്മനി ക്വാർട്ടറിലേക്ക് മുന്നേറി. അതേസമയം കൊളംബിയ ടൂർണ്ണമെന്റിൽ നിന്ന് പുറത്തായി.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ജർമ്മൻ ക്യാപ്റ്റൻ ജാൻ ഫീറ്റേ ആർപ്പാണ് കളിയിൽ നിറഞ്ഞുനിന്നത്. ഏഴാം മിനിറ്റിലെ നീക്കത്തിലാണ് ക്യാപ്റ്റൻ കൊളംബിയയുടെ ഗോൾ വല കുലുക്കിയത്. പിന്നീട് 39ാം മിനിറ്റിൽ യാൻ ബിസെക് ലീഡുയർത്തി.

ആദ്യ പകുതിക്ക് ശേഷം കളി ആരംഭിച്ചപ്പോൾ തന്നെ കൊളംബിയൻ പ്രതിരോധത്തെ ആക്രമിച്ച ക്യാപ്റ്റൻ ജാൻ ഫീറ്റേ ആർപ്പിന്റെ മുന്നേറ്റത്തിലാണ് മൂന്നാം ഗോൾ പിറന്നത്. ഗോൾ ബോക്സിനകത്ത് മുന്നോട്ട് കയറിവന്ന ഗോൾകീപ്പറെയും പ്രതിരോധ താരത്തെയും കബളിപ്പിച്ച ആർപ്പ് പന്ത് ജോൺ യെബോയ്ക്ക് കൈമാറി.

ഓടിയെത്തിയ പ്രതിരോധതാരത്തിന് പന്ത് കൈവശപ്പെടുത്താൻ സമയം നൽകാതെ യെബോയുടെ ഷോട്ട് ഗോൾവല ചലിപ്പിച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ ജാൻ പിറ്റേ ആർപ്പിന്റെ ഒറ്റയൾ മുന്നേറ്റമായിരുന്നു ഗോളിലെത്തിയത്. 65ാം മിനിറ്റിലായിരുന്നു ഗോൾ.

നാല് വട്ടം സെമിയിൽ കടന്നിട്ടുള്ള ജർമ്മനിക്ക് ഇതുവരെ അണ്ടർ 17 ലോകകപ്പ് ഉയർത്താൻ സാധിച്ചിട്ടില്ല. ഇത്തവണ ഈ ലക്ഷ്യവുമായാണ് ജർമ്മൻ പട മൈതാനത്ത് ഇറങ്ങിയത്. പ്രീക്വാർട്ടറിൽ 16 ടീമുകളാണ് ഉള്ളത്.

കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ തന്നെ പരിക്കേറ്റ താരം യാനിക് കേതലിനെ ജർമ്മനി പിൻവലിച്ചു. പകരക്കാരനായി ജോഷാ വാഗ്നോമാൻ ആണ് ഇറങ്ങിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ