ന്യൂഡൽഹി: നീലക്കുപ്പായത്തിൽ അവരിന്ന് വീണ്ടുമിറങ്ങും. ഒരു നാടിന്റെയാകെ പ്രതീക്ഷകളും ഹൃദയത്തിലേറ്റി. ശക്തരാണ് എതിരാളികൾ. പക്ഷെ സ്വപ്നത്തിന്, ആഗ്രഹങ്ങൾക്ക് പ്രതീക്ഷകൾക്ക് അതിരുകളില്ല. ഒരു അട്ടിമറി വിജയം. അതിൽ കുറഞ്ഞതൊന്നും ഇന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ പ്രതീക്ഷിക്കുന്നില്ല.

പ്രീക്വാർട്ടറിലേക്ക് കയറിയില്ലെങ്കിലും ഒരു വിജയം ഈ താരങ്ങളും കളിപ്രേമികളും അർഹിക്കുന്നുണ്ട്. ഭാവിയിൽ ഫുട്ബോൾ മൈതാനത്ത് ആർക്കും ഭീഷണിയാകുന്ന സാന്നിധ്യമാകും തങ്ങളെന്ന് ഈ നീലക്കടുവകൾക്ക് ലോകത്തെ വിളിച്ചറിയിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് എയിൽ നിലവിൽ പോയിന്റില്ലാതെ നാലാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്തുണ്ട്. അതേസമയം പ്രീ ക്വാർട്ടർ പ്രവേശനത്തിന് മറ്റ് മൂന്ന് ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.

ഇതിൽ ഏറ്റവും കൂടുതൽ പരിശ്രമിക്കേണ്ട ടീം ഇന്ത്യയാണ്. നിലവിൽ അഞ്ച് ഗോളുകളാണ് ഇന്ത്യൻ പ്രതിരോധക്കോട്ട തകർത്ത് കയറിയത്. ഇന്ത്യൻ സംഘത്തിന് ഒരു ഗോൾ മാത്രമാണ് മടക്കാനായത്. ഈ സാഹചര്യത്തിൽ നാല് ഗോളിന്റെയെങ്കിലും മാർജിനിൽ വിജയിക്കാനായാൽ മാത്രമേ ഇന്ത്യയ്ക്ക് മുന്നേറാൻ സാധിക്കൂ.

എന്നാൽ ഘാന ചില്ലറക്കാരല്ല. രണ്ട് വട്ടം അണ്ടർ 17 ലോകകപ്പ് നേടിയ ചാമ്പ്യൻ ടീമാണ് അവർ. രണ്ട് വട്ടം സെമിയിലുമെത്തി. വേഗത്തിലുള്ള കളിയാണ് ഘാനയുടെ പ്രത്യകത. ചടുലമായ നീക്കങ്ങളിലൂടെ എതിരാളിക്ക് മുകളിൽ ഘാന കളിയിൽ ആധിപത്യം നേടും. ശാരീരികമായും ഘാനയ്ക്ക് അനുകൂല ഘടകങ്ങൾ ഏറെയാണ്.

പ്രതിരോധത്തിലൂന്നിയ 4-4-1-1 ഫോർമേഷനിലാകും ഇന്ത്യ ഘാനയ്ക്ക് എതിരെയും അണിനിരക്കുക. ഈ ഫോർമേഷനിൽ കൂട്ടായുള്ള ആക്രമണത്തിനും എതിരാളിയ്ക്ക് കനത്ത പ്രതിരോധം തീർക്കുന്നതിനും ഇന്ത്യ ശ്രമിക്കും. മലയാളി താരം കെ.പി.രാഹുൽ ഇത്തവണ ഇടതുവിങ്ങിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുന്നേറ്റത്തിൽ റഹീം അലിയും അറ്റാക്കിങ് മിഡ്ഫീൽഡറായി അഭിജിത് സർക്കാരും അണിനിരക്കും. ഘാനയുടെ ക്യാപ്റ്റൻ എറിക് അയ, അമിനു മുഹമ്മദ് എന്നിവരെ ഇന്ത്യ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ