ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുന്നു. ശക്തരായ കൊളംബിയയാണ് ഇന്ത്യയുടെ എതിരാളികൾ. വൈകിട്ട് എട്ട് മണിക്ക് ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരം.

ആദ്യ മത്സരം തോറ്റ ഇരു ടീമുകൾക്കും പ്രീ ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമാണ്. കൊളംബിയൻ ആക്രമണത്തെ ഇന്ത്യൻ താരങ്ങൾ ഏത് നിലയ്ക്ക് പ്രതിരോധിക്കുമെന്നാണ് ഇന്നത്തെ മത്സരത്തിൽ ഉറ്റുനോക്കുന്നത്.

ശാരീരികമായും കളി മികവിലും ഇന്ത്യയെക്കാൾ ഏറെ മുന്നിലാണ് കൊളംബിയ. അതേസമയം ഒന്നും നഷ്ടപ്പെടാനില്ലാത്ത കടുവകൾക്ക് മുന്നിൽ ജയം എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ.

ഓഗസ്റ്റിൽ മെക്സിക്കോയിൽ നടന്ന ചതുർ രാഷ്ട്ര ടൂർണ്ണമെന്റിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം കൊളംബിയയ്ക്ക് ഒപ്പമായിരുന്നു. 3-0 നായിരുന്നു കൊളംബിയ വിജയിച്ചത്.

അതേസമയം പരുക്കിനെ തുടർന്ന് മലയാളി താരം കെ.പി.രാഹുൽ കളിച്ചേക്കില്ലെന്ന വാർത്തകൾ അസ്ഥാനത്തായി. ഇദ്ദേഹം ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു. ഇന്നത്തെ മത്സരത്തിൽ രാഹുൽ കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രത്യാക്രമണത്തിൽ ശ്രദ്ധിച്ച് പ്രതിരോധത്തിന് ഊന്നൽ നൽകിയുള്ള കളിയാണ് ഇന്ത്യൻ സംഘം പുറത്തെടുത്തത്. 5-4-1 ശൈലിയിൽ അമേരിക്കയ്ക്ക് എതിരെ കളിച്ച ഇന്ത്യ ഇതേ ഫോർമേഷനിലാവും കൊളംബിയയെയും നേരിടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook