കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനായുള്ള അനിശ്ചിതത്വങ്ങൾ നീങ്ങി കൊച്ചിയിൽ പന്തുരുളുമെന്ന ആശ്വാസം വന്നെങ്കിലും ഫിഫ സമിതി യുടെ റിപ്പോർട്ടിൽ കാണികൾക്ക് തിരിച്ചടി. നിലവിൽ 60000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറിച്ചാണ് ഫിഫ സമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് മുതലാണ് കൊച്ചിയിലെ ടിക്കറ്റ് വിൽപന.

സ്റ്റേഡിയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് മെയ് 15 വരെ സമയം നൽകിയ ഫിഫ, ഇക്കാര്യം പരിശോധിക്കാൻ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. പരിശോധന സംഘത്തെ നയിച്ച ഹവിയർ സെപ്പി കൊച്ചിയിലെ നിർമ്മാണ ജോലികളിൽ പൂർണ്ണ തൃപ്തി രേഖപ്പെടുത്തിയാണ് തിരികെ പോയത്.

ഐഎസ്എൽ മത്സരങ്ങങ്ങക്കായി അറുപതിനായിരത്തിലധികം കാണികൾ ഇരമ്പിയാർത്തെത്തിയ സ്റ്റേഡിയത്തിലെ സീറ്റുകൾ സുരക്ഷ മുൻനിർത്തിയാണ് വെട്ടിക്കുറിച്ചത്. ഇനി 41478 പേർക്ക് മാത്രമേ ഫിഫ ലോകകപ്പ് കാണാൻ പ്രവേശനം ഉണ്ടാവുകയുള്ളൂ. സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലെ തട്ടിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് വിലങ്ങുതടിയായത്.

ഏതെങ്കിലും വിധത്തിലുള്ള അപകടം ഉണ്ടായാൽ കാണികളെ എട്ടു മിനിറ്റിന് അകത്ത് താഴെ എത്തിക്കണമെന്നാണ് ഫിഫയുടെ തീരുമാനം. ഏറ്റവും മുകളിലെ നിലയിൽ 12000 ലധികം കാണികളെ ഉൾക്കൊള്ളാനാകും. ഈ നിലയിൽ നിന്ന് കാണികളെ എട്ട് മിനിറ്റ് കൊണ്ട് താഴേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും ഇക്കാരണത്താലാണ് കടുത്ത നിലപാട് എടുക്കുന്നത് എന്ന് ഹവിയർ സെപ്പി പറഞ്ഞു.

ഐഎസ്എൽ മത്സരങ്ങളുടെ ആരവമുയരുമെന്നും സ്റ്റേഡിയം നിറയുമെന്നും ഹവിയർ സെപ്പി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു. പരമാവധി കാണികൾ സ്റ്റേഡിയത്തിലെത്തുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാകുമ്പോഴുമാണ് ലോകകപ് വിജയം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ