കൊച്ചി: കൊച്ചി സ്റ്റേഡിയം ഗോൾമഴയിൽ മുക്കിയാണ് സ്പെയിൻ കളം വിട്ടത്. അത്രയ്ക്ക് മികവുറ്റതല്ലെങ്കിലും എതിരില്ലാത്ത രണ്ട് ഗോളിന് ഉത്തരകൊറിയയെ ബ്രസീലും പരാജയപ്പെടുത്തി.

ഉത്തരകൊറിയ തങ്ങളെക്കൊണ്ടാവും വിധം ബ്രസീലിന്റെ മുന്നേറ്റത്തെ ചെറുത്തുതോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആദ്യപകുതിയിലെ പ്രതിരോധം അതേപടി തുടരാൻ ഉത്തരകൊറിയക്ക് സാധിച്ചില്ല. 56, 61 മിനിറ്റുകളിൽ കൊറിയൻ വലകുലുക്കി ബ്രസീലിന്റെ രണ്ട് ഗോൾ.

ആദ്യപകുതിയിലെ ബ്രസീലിന്റെ അലക്ഷ്യമായ ഷോട്ടുകളിൽ കൂവി വിളിച്ച കാണികൾ ആശ്വാസത്തോടെ മടങ്ങി. തങ്ങളുടെ ടീമിന്റെ കേരളമണ്ണിലെ രണ്ടാം വിജയവും അവർ ആവോളം ആസ്വദിച്ചു. 4-3-3 ഫോർമേഷനിൽ കളിച്ച ഇരുടീമുകളും ആക്രമണത്തിൽ പരാജയപ്പെടുന്നതായിരുന്നു കളിയിലെ കാഴ്ച.

ടീം ഉത്തര കൊറിയ: സിൻ തേ സോങ്, കിം ക്യോങ് സോക്,  ക്യേ താം, സിൻ ക്വാങ് സോക്, ഹാൻ ക്യോങ് ഹുൻ,  കിം ഹി ഹ്വാങ്, കിം ചുങ് ജിൻ, റി ക്യാങ് ഗുക്, ചാ ക്വാങ്, യുൻ മിൻ, ക്വാൻ നാം ഹ്യോക്

ബ്രസീൽ: ഗബ്രിയേൽ ബ്രാസോ(ഗോളി),  വെസ്ലി, വീറ്റോ, ലൂക്കാസ് ഹാൾട്ടർ, വിക്ടർ ബോബ്സിൻ, വെവെർസൺ, പൗളിഞ്ഞോ, മാർർകസ് അന്റോണിയോ, ലിങ്കൺ കൊറയ, അലൻ, ബ്രണ്ണർ.

90: കളിസമയം കഴിഞ്ഞു. ഇഞ്ചുറി ടൈമായി അഞ്ച് മിനിറ്റ്. ബ്രസീൽ താരം പരിക്കേറ്റ് മൈതാനത്ത് കിടക്കുന്നു.

84: ലിങ്കണെ പുറത്തിറക്കി പകരം യുരി ആൽബർട്ടോ ബ്രസീൽ നിരയിലേക്ക്

83: ബ്രസീലിയൻ ഗോൾ മുഖത്തേക്ക് മിന്നൽ വേഗത്തിൽ പന്തുമായി പാഞ്ഞെത്തിയ കൊറിയൻ താരം കിം പോം ചുവടുതെറ്റി വീഴുന്നു. ഗോളവസരം നഷ്ടം.

80: ക്യാപ്റ്റൻ യുൻ മിന്നിന്റെ ഗോൾവല ലക്ഷ്യമാക്കിയുള്ള കിക്ക് ബ്രസീലിയൻ ഗോളി ഗബ്രിയേൽ ബ്രാസോ തട്ടിയകറ്റുന്നു

79: ബ്രസീലിന്റെ ബോക്സിന് പുറത്ത് ഉത്തരകൊറിയക്കനുകൂലമായി ഫ്രീ കിക്ക്.  ഗോൾ സാധ്യത

78: ബ്രസീലിന്റെ പ്രതിരോധ നിരയിൽ മാറ്റം. വെസ്ലിയെ പിൻവലിക്കുന്നു. പകരക്കാരനായി റോഡ്രിഗോ നെസ്റ്റർ കളത്തിൽ

74: ഉത്തര കൊറിയക്ക് അനുകൂലമായ കോർണർ.. പകരക്കാരനായി ഇറങ്ങിയ പേക് ക്വാങ് ഗുക്കിന്റെ കിക്ക് വലയിലാക്കാൻ കിം ചുങ് ജിന്നിന് സാധിക്കുന്നില്ല.

73: ഗോൾ മടക്കാൻ കൊറിയൻ താരങ്ങളുടെ കഠിനപ്രയത്നം. മത്സരത്തിന് വാശിയേറി.

61: വീണ്ടും ഗോോൾ… ബ്രസീലിന് 2-0 ന്റെ ലീഡ്.. ബോക്സിന് പുറത്തു നിന്ന് പന്തുമായി പൗളിഞ്ഞോയുടെ മുന്നേറ്റം. കൊറിയൻ പ്രതിരോധത്തെ വിദഗ്ദ്ധമായി മറികടക്കുന്നു. ഷോട്ട് ഗോളിയെ മറികടന്ന് വലയിലേക്ക്….

56: ഗോോൾൾ!!!! ബ്രസീൽ മുന്നിൽ… 1-0 പൗളിഞ്ഞോ തൊടുത്ത കിക്ക് തലകൊണ്ട് ചെത്തി വലയിലാക്കി വീണ്ടും ലിങ്കൺ കൊറയ

55: കൊറിയൻ ബോക്സിന് പുറത്ത് ബ്രസീലിന് ഫ്രീ കിക്ക്.

49: പന്ത് ഇപ്പോഴും ബ്രസീൽ താരങ്ങളുടെ കാലുകളിൽ തന്നെ. കൊറിയൻ ബോക്സിനകത്തേക്ക് മുന്നേറുന്നുവെങ്കിലും ഗോളാക്കാൻ സാധിക്കുന്നില്ല.

46: കളി പുനരാരംഭിക്കുന്നു. മധ്യനിര താരം വിക്ടർ ബോബ്സിനെ ബ്രസീൽ പിൻവലിക്കുന്നു. പകരക്കാരനായി വിറ്റിഞ്ഞോ ഇറങ്ങുന്നു.

45+2: ആദ്യപകുതി അവസാനിക്കുന്നു. ഉത്തരകൊറിയൻ പ്രതിരോധത്തെ തോൽപ്പിക്കാനാകാതെ ബ്രസീൽ നിര. മത്സരത്തിൽ ഇതുവരെയും ഗോൾ പിറന്നില്ല

45+1:  ആദ്യപകുതിയ്ക്ക് രണ്ട് മിനിറ്റ് അധികസമയം.

45: കോർണറിൽ നിന്ന് ഗോൾ കണ്ടെത്താൻ സാധിക്കുന്നില്ല. ബ്രസീൽ വീണ്ടും കാണികളുടെ കൂവൽ ഏറ്റുവാങ്ങുന്നു. ബോക്സിനകത്ത് വീണ്ടും അലന്റെ മുന്നേറ്റം. ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്.

44: ബ്രസീലിന് അനുകൂലമായ ഫ്രീ കിക്ക്. കൊറിയൻ താരത്തിന്റെ ശരീരത്തിൽ തട്ടി പുറത്തേക്ക്. ബ്രസീലിന് കോർണർ.

41: ഗോൾവല ലക്ഷ്യമാക്കി വീണ്ടും മധ്യനിര താരം അലൻ. എന്നാൽ പന്ത് പുറത്തേക്ക് പോകുന്നു.

39: ബ്രസീലിയൻ പ്രതിരോധ താരം വെസ്ലി വലതുവിങ്ങിലൂടെ നിരന്തരം മുന്നേറുന്നു. എന്നാൽ താരങ്ങൾ തമ്മിലുള്ള ആശയവിനിമയം പരാജയപ്പെടുന്നു. പന്ത് സ്വീകരിക്കുന്നതിൽ പൗളിഞ്ഞോ വീണ്ടും പരാജയപ്പെടുന്ന കാഴ്ച. കാണികൾ ആർത്തലച്ച് കൂവുന്നു..

35: കൊറിയൻ ഗോളി സിൻ തേ സോങിന് പരിക്ക്. ടീം ഫിസിയോ പരിശോധിക്കുന്നു

32: ബോക്സിനകത്ത് ബ്രസീൽ താരങ്ങൾ പന്ത് കൈമാറുന്നതിൽ തുടരെ തുടരെ പിഴവ് വരുത്തുന്നു. കാണികളിൽ മുറുമുറുപ്പ്. കാണികൾ കൂവി വിളിക്കുന്നു

28: ഉത്തരകൊറിയയുടെ ബോക്സിനകത്ത് വീണ്ടും ബ്രസീലിയൻ താരം ലിങ്കൺ കൊറയ. ലിങ്കണെ കൊറിയൻ താരങ്ങൾ വളയുന്നു. പന്ത് കൈമാറാൻ സഹതാരങ്ങൾ അടുത്തില്ല. പന്ത് പുറകിലേക്ക് കൈമാറുന്നു. ഗോളവസരം നഷ്ടമാകുന്നു.

24: ബ്രസീലിന്റെ ബോക്സിനകത്തേക്ക് ഉത്തരകൊറിയൻ താരം കിം ഹി ഹ്വാങിന്റെ മുന്നേറ്റം. കാണികൾ ആരവം മുഴക്കുന്നു. എന്നാൽ റഫറി ഓഫ് സൈഡ് വിസിൽ മുഴക്കുന്നു. കൊറിയൻ താരങ്ങളുടെയും കാണികളുടെയും മുഖത്ത് നിരാശ.

22: ബോക്സിന് പുറത്ത് നിന്ന് അലന്റെ നെടുനീളൻ ഷോട്ട്. ഗോൾവല ലക്ഷ്യമാക്കി ഉയർത്തി അടിച്ച പന്ത് അലക്ഷ്യമായി പുറത്തേക്ക്.

19: പന്ത് ബ്രസീലിന്റെ ഗോൾമുഖത്ത്. എന്നാൽ വെല്ലുവിളി ഉയർത്താൻ മാത്രമുള്ള നീക്കങ്ങളില്ല. ആക്രമണത്തിൽ ഉത്തരകൊറിയ ശ്രമിക്കുന്നില്ല. പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന കളി.

17: ഉത്തര കൊറിയയുടെ ഗോൾബോക്സിനകത്ത് പ്രതിരോധതാരങ്ങളെ ഒന്നിന് പുറകെ ഒന്നായി കബളിപ്പിച്ച് പൗളിഞ്ഞോയുടെ മുന്നേറ്റം. പക്ഷെ വീണുപോകുന്നു. പന്ത് ഗോളിയുടെ കൈകളിൽ ഭദ്രം.

10: ബോക്സിന് പുറത്തു നിന്ന് ഗോൾ പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി പൌളിഞ്ഞോയുടെ നീളൻ ഷോട്ട്. പക്ഷെ ലക്ഷ്യം കാണാതെ പന്ത് പുറത്തേക്ക്

07: ഉത്തര കൊറിയയുടെ ഗോൾ ബോക്സിന് മുന്നിൽ ബ്രസീലിന് അനുകൂലമായ ഫ്രീ കിക്ക്. ഫലം കാണുന്നില്ല.

06: ആക്രമണത്തിന് പ്രാധാന്യമുള്ള 4-3-3 ശൈലിയാണ് ബ്രസീലിന്റെയും ഉത്തരകൊറിയയുടെയും പഴുത്. എന്നാൽ ആക്രമണം ഉണ്ടാകുന്നത് ബ്രസീലിൽ നിന്ന് മാത്രം. ഫോർമേഷനോട് നീതി പുലർത്തിക്കൊണ്ടുള്ള മുന്നേറ്റങ്ങളുമായി ബ്രസീൽ. സംഘടിത ആക്രമണം നടത്താൻ ഉത്തര കൊറിയക്ക് സാധിക്കുന്നില്ല. പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്ച

04: പന്തിന്റെ നിയന്ത്രണം ബ്രസീൽ താരങ്ങളുടെ കൈകളിൽ തന്നെ. ആദ്യ നിമിഷങ്ങളിൽ ബ്രസീൽ ഉത്തര കൊറിയയുടെ പാതിയിൽ നിലയുറപ്പിച്ചിരിക്കുന്നു.

02: ബ്രസീലിന്റെ മുന്നേറ്റം. ലിങ്കൺ കൊറയയുടെ ഷോട്ട്. സിൻ തേ സോങിന്റെ കൈയ്യിൽ തട്ടി അകലുന്നു

00: മത്സരം ആരംഭിച്ചു

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ