കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരത്തിനായി കാത്തിരിക്കുന്ന കേരളത്തിലെ കായിക പ്രേമികളെ അൽപ്പം നിരാശയിലാഴ്ത്തുന്നതാണ് മൽസര ക്രമത്തെക്കുറിച്ചുളള പ്രഖ്യാപനം. സെമിഫൈനലും ഫൈനലും കേരളത്തിലെ കളിപ്രേമികൾക്ക് കാണാനാവില്ല. പക്ഷെ ഗ്രൂപ്പ്-ക്വാർട്ടർ മത്സരങ്ങളിൽ എട്ടെണ്ണം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും.

ടീമുകളുടെ ഗ്രൂപ്പ് തിരിച്ചുള്ള അന്തിമ പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും അർജന്റീനയോ ബ്രസീലോ ഗ്രൂപ്പ് ഡി യിൽ വരണമേയെന്ന് ഉള്ളറിഞ്ഞ് പ്രാർത്ഥിക്കാം. കാരണം, ഡി ഗ്രൂപ്പിലെ മത്സരങ്ങളാണ് കേരളത്തിൽ നടക്കുക.

ഒക്ടോബർ ഏഴ് ശനിയാഴ്ചയാണ് കൊച്ചിയിലെ ആദ്യത്തെ മത്സരം. വൈകിട്ട് അഞ്ചു മണിക്ക് ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. ഇതേ ദിവസം തന്നെ രണ്ടാമത്തെ മത്സരവും നടക്കും. രാത്രി എട്ട് മണിക്ക് ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ടീമുകൾ തമ്മിലാണ് മത്സരം നടക്കുന്നത്.

തുടർന്നുള്ള രണ്ട് ദിവസങ്ങളും കൊച്ചിയിലെ മൈതാനത്തിന് അവധിയാണ്. ഞായർ, തിങ്കൾ ദിവസം കഴിഞ്ഞാൽ ഒക്ടോബർ 9 ന് ചൊവ്വാഴ്ചയാണ് അടുത്ത മത്സരം. ഡി ഗ്രൂപ്പിലെ തന്നെ നാലാമത്തെ ടീമും രണ്ടാമത്തെ ടീമും അന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.

അടുത്ത മത്സരം രാത്രി എട്ട് മണിക്ക് നടക്കും. ശേഷിച്ച രണ്ട് ടീമുകളാണ് ഈ മത്സരത്തിൽ നേർക്കുനേർ വരുന്നത്. അടുത്ത മത്സരത്തിന് സി ഗ്രൂപ്പിലെ ടീമുകൾ കേരളത്തിലെത്തും. സി ഗ്രൂപ്പിലെ രണ്ടും മൂന്നും ടീമുകളാണ് ഒക്ടോബർ 11 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

രാത്രി എട്ട് മണിക്ക് ഡി ഗ്രൂപ്പിലെ ഒന്നാമത്തെയും നാലാമത്തെയും ടീമുകൾ തമ്മിൽ കളിക്കും. പ്രീ ക്വാർട്ടറിലെ ഒറ്റ മത്സരമാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18 ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് ഈ മത്സരം. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരുമായി ബി,ഇ,എഫ് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരിൽ ഒരു ടീം ഏറ്റുമുട്ടും.

ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന മത്സരത്തോടെ ഫിഫ അണ്ടർ 17 കൊച്ചിയോട് വിടപറയും. ഈ മത്സരത്തിലെ വിജയികൾ ആദ്യ സെമിഫൈനൽ മത്സരത്തിനായി ഗുവാഹത്തിയിലേക്ക് പറക്കും. കാൽപന്തുകളിയെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ടീമുകൾ ഈ ദിവസങ്ങളിൽ നമ്മുടെ മൈതാനത്ത് എത്തുമെന്ന് തന്നെ വിശ്വസിക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ