ന്യൂഡല്‍ഹി : ഇന്നു നടക്കാന്‍ പോകുന്ന അണ്ടര്‍ 17 ലോകകപ്പില്‍ രാജ്യത്തെ നയിച്ചുകൊണ്ട് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസത്തില്‍ എഴുതപ്പെടാന്‍ പോകുന്ന പേരാണ് അമര്‍ജിത് സിങ് കിയാം എന്നത്. മണിപ്പൂരില്‍ നിന്നും ഇന്ത്യയുടെ നായകസ്ഥാനം വരെയുള്ള ഈ പതിനാറുകാരന്‍റെ ജൈത്രയാത്രയെ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.

കര്‍ഷകനായും ആശാരിപ്പണിചെയ്തും ജീവിതം തള്ളിനീക്കുന്ന ചന്ദ്ര മണി സിങ് കിയാമിന്‍റെയും മത്സ്യവില്‍പ്പന നടത്തുന്ന അശന്‍ഗ്ബി ദേവി കിയാമിന്‍റെയും ഇളയമകനായ അമര്‍ജിത് സിങ് കിയാം 2001 ജനുവരി ആറാം തീയ്യതിയാണ് ജനിക്കുന്നത്.. ഇരുവര്‍ക്കുമായി ലഭിക്കുന്ന 250 മുതല്‍ 300 രൂപ ശരാശരി വരുമാനത്തിലാണ് ആ അഞ്ചംഗ കുടുംബം പുലരുന്നത്.

ചെറുപ്പം മുതല്‍ കാല്‍പന്തുകളിയുടെ ആവേശം പേറിയ അമര്‍ജിതിന്‍റെ കാലുകളിലൂടെയാണ് സിഎഫ്എച്ച്എ ക്ലബ്ബ് സുബ്രതോ കപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. ഇന്ത്യാ അണ്ടര്‍ 16ടീമിനെതിരെ 2015ല്‍ നേടിയ മൂന്നു ഗോളുകളാണ് ഈ മധ്യനിര താരത്തെ ഇന്ത്യന്‍ ജെഴ്സിയിലെത്തിക്കുന്നത്.

ഇന്ത്യന്‍ ടീം കോച്ചായ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് തയ്യാറാക്കിയ നാലുപേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നും 27 അംഗ ടീം ഒന്നടങ്കം ഒരേസ്വരത്തില്‍ അമര്‍ജിത്തിന്‍റെ പേരു പറയുകയായിരുന്നു. അതാണ്‌ ഈ ലോകകപ്പിനു പടയൊരുങ്ങിയ ഇന്ത്യന്‍ കൗമാരങ്ങളില്‍ ഈ നായകന്‍ ചെലുത്തുന്ന വിശ്വാസം.

സ്പാനിഷ് മധ്യനിര മാന്ത്രികന്‍ ആന്ദ്രിയസ് ഇനിയെസ്റ്റയെ മാതൃകയാക്കിയ അമര്‍ജിതും പ്രിയ താരവും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ട്. ഇരുവരും മധ്യനിരയിലെ മാന്ത്രികര്‍, ഇനിയെസ്റ്റയെ പോലെ സെന്‍റര്‍ മിഡ്ഫീല്‍ഡ് ആണ് അമര്‍ജിത്തിന്‍റെയും ഇഷ്ട പൊസിഷന്‍. ഇനിയെസ്റ്റയെക്കാള്‍ ഒരു സെന്‍റിമീറ്ററിന്‍റെ നീളക്കുറവുള്ള ഈ മണിപ്പൂര്‍ താരം അതുപോലെ തന്നെ മധ്യനിരയിലെ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ മിടുക്കനാണ്.

ടീം ഒന്നടങ്കം നായകനായി ഉയര്‍ത്തുമ്പോഴും അമര്‍ജിത്തിന്‍റെ അഭിപ്രായം മറ്റൊന്നാണ്. “ഞങ്ങളൊക്കെ ഇപ്പോഴും കളി പഠിച്ചുകൊണ്ടിരിക്കുന്നവരാണ്. ഓരോരുത്തര്‍ക്കും നായകനാവാന്‍ അവരുടെ അവസരം ലഭിക്കണം എന്നാണ് എന്‍റെ അഭിപ്രായം. ഞാന്‍ മാത്രമല്ല, ടീമിനെ നയിക്കാന്‍ പ്രാപ്തിയുള്ള ഒട്ടനവധി പേരാണ് കൂട്ടത്തിലുള്ളത്. എന്നാല്‍ ആരെങ്കിലും ഒരാള്‍ നായകനായി അവരെ പ്രതിനിധാനം ചെയ്യണം എന്നിടത്ത് അവര്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ” അമര്‍ജിത് പറയുന്നു.

നാളെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ കുറിക്കപ്പെടുന്ന ഈ നായകന്‍റെ ചിറകിലേറിയാണ് ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച മൈതാനങ്ങള്‍ ബൂട്ടണിയുന്നത്. എന്നാല്‍ ഒട്ടും തന്നെ അമിതാവേശം പ്രകടമാക്കുന്നില്ല ആ പ്രതികരണങ്ങളില്‍.
“60,000ത്തോളം കാണികള്‍ക്ക് മുന്നിലാണ് കളിക്കുന്നത്. രാജ്യം ഒട്ടാകെയുള്ള ആരാധകര്‍ കളി കാണുന്നുണ്ടാവും. പ്രോത്സാഹനങ്ങള്‍ ആവശ്യമാണ്‌. ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ മികച്ച കളി പുറത്തെടുക്കാന്‍ തന്നെയാവും ശ്രമിക്കുക. ഫലങ്ങള്‍ പുറകെ വരട്ടെ.. ” അമര്‍ജിത് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook