ന്യൂഡൽഹി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫൈനൽ കൊൽക്കത്തയിൽ വച്ച് നടക്കും. പ്രശസ്‌തമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ഒക്ടോബർ 28നാണ് ഫൈനൽ. ടൂർണമെന്റിലെ രണ്ട് സെമിഫൈനൽ മത്സരങ്ങൾ ഗുവാഹാത്തിയിലും നവി മുംബൈയിലും വച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു. കൊച്ചി ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ വേദികളിലൊന്നാണ്. ആറു വേദികളാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുക.

ആദ്യമായി ഇന്ത്യയിലെത്തുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ ഒക്ടോബർ ആറിനാണ് തുടങ്ങുന്നത്. രണ്ട് ഉദ്ഘാടന മത്സരങ്ങൾ ന്യൂ ഡൽഹിയിലും നവി മുംബൈയിലുമായി നടക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഗോവ, ഗുവാഹാത്തി, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ വച്ച് നടക്കും. 24 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്ത്യ ആദ്യമായാണ് ഫിഫയുടെ ഒരു പ്രധാന ടൂർണമെന്റിന് വേദിയാകുന്നത്.

കളിക്കാരുടെ ആരോഗ്യം, കാലാവസ്ഥ എന്നിവ പരിഗണിച്ചായിരിക്കും മത്സരങ്ങൾ ക്രമീകരിക്കുകയെന്ന് ഫിഫ ടൂർണമെന്റ്സ് തലവൻ ജെയ്മേ യാഞ്ഞസേ പറഞ്ഞു. ഓരോ വേദിയിലും കുറഞ്ഞത് എട്ട് മത്സരങ്ങളുണ്ടാകുമെന്നും ഫിഫ അറിയിച്ചു.

ആതിഥേയരെന്ന നിിലയിൽ ഇന്ത്യ നേരത്തെ ടൂർണമെന്റിന് യോഗ്യത നേടിയിരുന്നു. ഇറാൻ, ഇറാഖ്, ജപ്പാൻ,ഉത്തര കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങൾ ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീൽ, പരാഗ്വെ,ചിലി, കൊളംബിയ രാജ്യങ്ങളും ലോകകപ്പിനുണ്ട്. ന്യൂ കാലെഡോണിയയും ന്യൂസിലന്റും ലോകകപ്പ് കളിക്കും. ബാക്കിയുളള ഭുഖണ്ഡങ്ങളിൽ നിന്നുളള യോഗ്യതാ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കവെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ