കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ലാറ്റിനമേരിക്കൻ നൈഗറിനെ സ്പെയിൻ നേരിടുമ്പോൾ രാത്രി എട്ടിന് ബ്രസീലും ഉത്തര കൊറിയയും ഏറ്റുമുട്ടും.

പ്രീക്വാർട്ടർ സാധ്യത നിലനിർത്തുകയാണ് മത്സരിക്കുന്ന എല്ലാ ടീമുകളുടെയും ലക്ഷ്യം. സ്പെയിൻ നൈജറിനെ മൂന്ന് ഗോൾ വ്യത്യാസത്തിലെങ്കിലും തോൽപ്പിക്കാനാവും ശ്രമിക്കുക. അതേസമയം നൈജറിന്റെ ശാരീരിക ക്ഷമതയോട് സ്പെയിൻ എങ്ങിനെ കരുത്ത് കാട്ടി പിടിച്ചുനിൽക്കുമെന്ന് കാണണം.

അതേസമയം, സ്പെയിനിനെതിരെ സമനിലയാവും നൈജർ ലക്ഷ്യമിടുക. ആദ്യമത്സരം ജയിച്ച നൈജർ ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.

രണ്ടാം മത്സരത്തിൽ ബ്രസീലിന്റെ വിജയം ഉറപ്പാക്കിയിരിക്കുകയാണ് ആരാധകർ. എത്ര ഗോളടിക്കുമെന്ന ചോദ്യം മാത്രമാണ് അവർ പരസ്പരം ചോദിക്കുന്നത്. ഉത്തരകൊറിയ പ്രത്യേകിച്ച് ഒരു ഗെയിം പ്ലാനുമായല്ല കഴിഞ്ഞ ദിവസം കളിക്കാനിറങ്ങിയത്. അതുകൊണ്ടുതന്നെ ബ്രസീലിനെതിരായ മത്സരത്തിലും ഉത്തരകൊറിയയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ