ന്യൂഡൽഹി:  ആദ്യ ലോകകപ്പ് മത്സരത്തിന് ബൂട്ടണിഞ്ഞ ഇന്ത്യൻ ടീമിന്റെ പ്രകടനം കണ്ട കാണികളാരും നിരാശരായി കാണില്ല. തുടക്കക്കാരുടെ പതർച്ചകളും ഭയവും ഇല്ലാതെ, ഏത് വമ്പനോടും പോരടിക്കാൻ പോന്ന സംഘം തന്നെയാണ് ഇന്ത്യയെന്ന് ഉറപ്പിച്ചാണ് അമേരിക്കയോട് ഇന്ത്യ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയത്. ലോകകപ്പിലെ കന്നിയങ്കത്തിനിറങ്ങിയ ഇന്ത്യൻ സംഘം അമേരിക്കയെന്ന വൻ ശക്തിയോട് 3-0 ന് തോറ്റെങ്കിലും എതിരാളികളെ വിറപ്പിച്ച് തന്നെയാണ് കീഴടങ്ങിയത്.

താരതമ്യേന തുടക്കക്കാരായ സംഘമെന്ന നിലയിൽ ഇന്ത്യയെ എഴുതി തള്ളാനൊന്നുമായിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയോട് 7-1 ന് തോൽവി വഴങ്ങിയ ബ്രസീലിനെ വച്ച് നോക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ മഹത്തരമെന്ന് തന്നെ വിശേഷിപ്പിക്കണം.

കാൽപന്ത് കളിയിലെ ലോകത്തിലെ മുൻനിര സംഘങ്ങളിൽ ഒന്നായ അമേരിക്കയ്ക്ക് മുന്നിൽ താരതമ്യേന ദുർബലരായാണ് ഇന്ത്യൻ സംഘത്തിനെ കണക്കാക്കിയിരുന്നത്. എന്നാൽ ശക്തമായ മത്സരം കാഴ്ചവച്ച ഇന്ത്യ തുടക്കം മുതൽ അമേരിക്കയെ സമ്മർദ്ദത്തിലാക്കിയിരുന്നു. അനായാസ വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ അമേരിക്കയ്ക്ക് തുടക്കത്തിൽ തന്നെ അതത്ര എളുപ്പമല്ലെന്ന് ബോധ്യം വന്നു.

Read More: ഫിഫ അണ്ടർ 17 ലോകകപ്പ്; ഇന്ത്യ X അമേരിക്ക ലൈവ്

ആദ്യ നിമിഷങ്ങളിൽ അലസമായാണ് കളി തുടങ്ങിയത്. അമേരിക്കയാണ് ആദ്യം താളെ കണ്ടെത്തിയത്. ഇന്ത്യ കളിക്കളത്തിൽ സംഘടിത ആക്രമണത്തിലേക്ക് എത്താൻ പതിനഞ്ചാമത്തെ മിനിറ്റ് വരെ സമയമെടുത്തു. എന്നാൽ അപ്പോഴൊന്നും അമേരിക്കയ്ക്ക് ഇന്ത്യയുടെ ഗോൾ വല കുലുക്കാൻ സാധിച്ചിരുന്നില്ല.

മികച്ച നിലയിൽ അമേരിക്കൻ സ്ട്രൈക്കറും ക്യാപ്റ്റനുമായ സർജന്റിനെ ബോക്സിനകത്ത് വിജയകരമായി ടാക്കിൾ ചെയ്യാനായെങ്കിലും ഇന്ത്യൻ ഡിഫന്റർ ജിതേന്ദ്ര സിംഗ് അബദ്ധത്തിൽ പിണഞ്ഞ തെറ്റാണ് അമേരിക്കയ്ക്ക് പെനാൽറ്റി നേടിക്കൊടുത്തത്. 30ാം മിനിറ്റിൽ ധീരജിനെ കബളിപ്പിച്ച് സർജന്റ് തന്നെയാണ് അമേരിക്കയുടെ സ്കോർബോർഡിൽ ആദ്യ ഗോൾ എഴുതി ചേർത്തത്.

എന്നാൽ സ്വർണ്ണമുടിക്കാരനായ ഇന്ത്യൻ സ്ട്രൈക്കർ കോമൾ നടത്തിയ മുന്നേറ്റങ്ങൾ തുടരെ തുടരെ അമേരിക്കയെ സമ്മർദ്ദത്തിലാക്കി. ബോൾ പൊസിഷനിൽ പിന്നിലായിരുന്നിട്ടും കിട്ടിയ അവസരങ്ങളിലെല്ലാം ഇന്ത്യൻ സംഘം അമേരിക്കൻ ഗോൾ മുഖത്തേക്ക് കുതിച്ചെത്തി, ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകളുതിർത്തു.

അമേരിക്കൻ താരങ്ങളെ സംബന്ധിച്ച് വളരെ അധികം ഉയരം കുറവുള്ള ഇന്ത്യൻ താരങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ നന്നേ കുറവായിരുന്നു. ആദ്യ പകുതിയിൽ വെറും 38 ശതമാനം സമയം മാത്രമാണ് ഇന്ത്യൻ താരങ്ങളുടെ പക്കൽ ബോളുണ്ടായിരുന്നത്. ഇതിൽ നിന്ന് 149 കൃത്യമായ പാസുകളെ സൃഷ്ടിക്കാൻ ഇന്ത്യയ്ക്കായി.

അമ്പതാം മിനിറ്റിലാണ് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് അമേരിക്ക രണ്ടാം ഗോൾ നേടിയത്. അമേരിക്കൻ ഡിഫന്റർ ക്രിസ് ഗ്ലോസ്റ്ററിന്റെ ഷോട്ട് ഇന്ത്യൻ പ്രതിരോധ താരം അലിയുടെ കാലിൽ തട്ടി പ്രതിഫലിച്ച് ഇന്ത്യൻ വലയെ കുലുക്കി.

പോരാട്ട വീര്യം നഷ്ടപ്പെടാതെ കോമളിലൂടെ ഇന്ത്യയുടെ തുടർമുന്നേറ്റങ്ങൾക്ക് ഇന്ത്യൻ ശ്രമം. അണുവിട വ്യത്യാസത്തിൽ നഷ്ടമായ അവസരങ്ങളാണ് 60, 61, 64 മിനിറ്റുകളിൽ ഉണ്ടായത്.  എഴുപത് മിനിറ്റിന് ശേഷം അമേരിക്ക ബോധപൂർവ്വം കളിയുടെ വേഗം കുറച്ചു. ഇന്ത്യയുടെ തുടർമുന്നേറ്റ സാധ്യതകളെ പ്രതിരോധിക്കാൻ മാത്രമാണ് അമേരിക്കൻ താരങ്ങൾ ശ്രമിച്ചത്.

81ാം മിനിറ്റിൽ ഇന്ത്യ നടത്തിയ ആക്രമണം വിഫലം. ഒറ്റയ്ക്ക് പ്രത്യാക്രമണം നടത്തിയ അകോസ്റ്റ പന്തുമായി ഇന്ത്യൻ ഗോൾ മുഖത്തേക്ക് പാഞ്ഞടുത്തു. മുന്നിലേക്ക് കയറി വന്ന ഇന്ത്യൻ ഗോളി ധീരജിനെ കബളിപ്പിച്ച് അകോസ്റ്റ അമേരിക്കയുടെ സ്കോർകാർഡ് വീണ്ടുമുയർത്തി.

പന്ത് പരസ്പരം കൈമാറി അമേരിക്ക കളി വിരസമാക്കി. അവസാനനിമിഷങ്ങളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ അമേരിക്കയുടെ  പ്രത്യേക ശ്രദ്ധ. അധികസമയത്തും പകരക്കാരനെ കളത്തിലിറക്കി സമയം കളഞ്ഞ് അമേരിക്ക. ഒടുവിൽ ഇന്ത്യൻ കടുവകൾ വീറുറ്റ പോരാട്ടം കാഴ്ചവച്ച് മൈതാനമദ്ധ്യത്തിൽ നിന്നു. കളി അവസാനിക്കുമ്പോൾ തങ്ങളുടേത് കൂടിയാണ് കാൽപ്പന്ത് കളിയുടെ പുതിയ പുലരി എന്ന് അവർ ഓരോ പേരും ഉറപ്പിക്കുന്നു. അതേ പുതിയൊരു പുലരിയുണ്ട്, ഇന്ത്യൻ ഫുട്ബോളിന്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook