കൊൽക്കത്ത: കൊൽക്കത്തയിൽ ഇംഗ്ലീഷ് പടയോട്ടമോ, അതോ സ്പാനിഷ് അര്‍മദ ഹൂഗ്ലി നദിക്കരയില്‍ നങ്കൂരമിടുമോ? രണ്ടിലേത് സംഭവിച്ചാലും ചരിത്രത്തിന്റെ ഭാഗമാകും ഇന്ത്യ ആദ്യമായി ആതിഥ്യമരുളിയ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഇന്നു നടക്കുന്ന കലാശക്കൊട്ട്. കാൽപന്തുകളിയിലെ ഇന്ത്യൻ മണ്ണിലെ ആദ്യ ലോക ഫൈനലിനെ വരവേൽക്കാൻ കൊൽക്കത്തയും ഒരുങ്ങിക്കഴിഞ്ഞു.
ഒക്ടോബര്‍ ആറിന് തുടങ്ങിയ ലോകകപ്പില്‍ 24 ടീമുകള്‍ നടത്തിയ 50 പോരാട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഇനി അവശേഷിക്കുന്നത് രണ്ടു മത്സരങ്ങള്‍, ഫൈനലും ലൂസേഴ്സ് ഫൈനലും. വൈകുന്നേരം അഞ്ചിനു നടക്കുന്ന മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ബ്രസീല്‍ മാലിയെ നേരിടും. ബ്രസീലിനെ ഒന്നിനെതിരേ മൂന്നു ഗോളിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിനു യോഗ്യത നേടിയപ്പോള്‍ മാലിയെ അതേ സ്കോറിനു തന്നെയാണ് സ്പെയിന് പരാജയപ്പെടുത്തി കൊല്‍ക്കത്തയിലെ കലാശപ്പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. അണ്ടർ 17 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഓൾ യൂറോപ്യൻ ഫൈനൽ.
മൂന്ന് തവണ കൗമാര ലോകകപ്പിന്റെ ഫൈനലിലെത്തി പരജായപ്പെട്ട ചരിത്രമാണ് സ്പെയിനിനുള്ളത്. എന്നാല്‍ ആദ്യമായി അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. ഇരുവരില്‍ ഏത് ടീം ജയിച്ചാലും അത് അണ്ടര്‍ പതിനേഴ് ലോകകപ്പില്‍ പുതിയ ചരിത്രമായിരിക്കും.
ഇരുടീമും ഇക്കുറി യൂറോ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം സ്പെയിനിനൊപ്പമായിരുന്നു. ആ തിരിച്ചടിക്ക് കണക്കുതീർക്കുകയെന്ന പ്രതീക്ഷ കൂടിയുണ്ട് ഇംഗ്ലീഷുകാർക്ക്. പന്തിന്മേൽ മേധാവിത്വം നേടുന്ന പൊസഷൻ ഗെയിമിൽ അധിഷ്ഠിതമാണ് സ്പാനിഷ് ശൈലിയെങ്കിൽ മുനകൂർത്ത പ്രത്യാക്രമണങ്ങളും അടിയുറച്ച പ്രതിരോധവും കോർത്തിണക്കുന്ന സമതുലിതമായ ഗെയിമാണ് ഇംഗ്ലണ്ട് ഫലപ്രദമായി പയറ്റുന്നത്. ജയത്തിലേക്ക് തലപുകച്ചുണ്ടാക്കുന്ന വിഭിന്ന തന്ത്രങ്ങളുമായാണ് ഇംഗ്ലണ്ട് ഓരോ ടീമിനെയും എതിരിടുന്നത്.
വിസ്മയക്കുതിപ്പുമായി ക്വാർട്ടറിലെത്തിയ ഇറാനെ കൃത്യമായ മറുതന്ത്രം മെനഞ്ഞ് പന്തുനൽകാതെ നിഷ്പ്രഭമാക്കിയ പ്രകടനം പോലൊന്നാണ് സ്പാനിഷ് കോച്ച് സാന്റിയാഗോ ഡെനിയയുടെ മനസ്സിൽ. ഇംഗ്ലണ്ട് ആക്രമിക്കാൻ കയറിയെത്തുന്പോൾ ലഭിക്കുന്ന സ്പേസ് ഫലപ്രദമായി ഉപയോഗിച്ച് വലയിലേക്ക് വഴിതുറക്കാനാവുമെന്ന് അവർ കണക്കുകൂട്ടുന്നു. തുടക്കത്തിൽ ഗോൾ നേടി ഇംഗ്ലീഷ് നില തെറ്റിക്കാനാവും സ്പെയിനിന്റെ ഉന്നം. ബ്രൂസ്റ്ററെ പൂട്ടാൻ തന്ത്രം മെനയുമെന്നും വിങ്ങുകളിലൂടെ കയറിയെത്താനുള്ള എതിർശ്രമം പൊളിക്കുമെന്നും ഡെനിയ പറഞ്ഞിരുന്നു.