ന്യൂഡല്‍ഹി: ധീരജ് മൊയ്‌രാങ്തെമിനു ആള്‍കൂട്ടങ്ങള്‍ ഇഷ്ടമല്ല. ഒമ്പതു വയസ്സുള്ള ധീരജ് സ്കൂളിലെ മൈതാനത്തിലേക്ക് ഇറങ്ങാതിരുന്നത് അവിടെ ഒരുപാട് പേര്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. അതിനാല്‍ അവന്‍ ഒറ്റപ്പെട്ടുകിടന്ന ബാഡ്മിന്റ്ണ്‍ തിരഞ്ഞെടുത്തു. നിശബ്ദമായി കിടന്ന ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ബോര്‍ഡിങ്ങ് സ്കൂളിലെ അവന്‍റെ കൂട്ടായി. അന്തര്‍മുഖവും ശാന്തവുമായ അവന്‍റെ വ്യക്തിത്വത്തേയും ഉള്‍ക്കൊള്ളുന്ന കളിയാണ് ബാഡ്മിന്റണ്‍ എന്നവനു അനുഭവ്വപ്പെട്ടു.

എന്തിരുന്നാലും നാണക്കാരനായ ആ പയ്യന്‍ ഫുട്ബോള്‍ മൈതാനത്തില്‍ ഒരു അതികായനായി രൂപാന്തരപ്പെട്ടു. ഇന്ത്യയുടെ അണ്ടര്‍ പതിനേഴ്‌ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കണ്ടവര്‍ക്ക് ആര്‍ക്കും തന്നെ മണിപ്പൂരില്‍ നിന്നുമുള്ള ഈ കൗമാരക്കാരന്‍റെ വ്യക്തിത്വം ഊഹിക്കാന്‍ കൂടി സാധിക്കില്ല. ഡല്‍ഹിയില്‍ കൊളംബിയയ്ക്കെതിരെ നടന്ന മത്സരത്തിലെ ഗംഭീര പ്രകടനത്തിനു ശേഷം പിച്ചില്‍ നിന്നും ഇറങ്ങിപോവുകയായിരുന്ന ധീരജിനെ മിക്കപ്പോഴും ആവേശരഹിതരായ ഡല്‍ഹി കാണികള്‍ എഴുന്നേറ്റുനിന്നുകൊണ്ടാണ് വരവേറ്റത്. ഇന്ത്യന്‍ ഫുട്ബാള്‍ ലോകത്തിന്‍റെ നെറുകയില്‍ എത്തുമ്പോള്‍ അതിന്‍റെ പ്രതിരോധക്കോട്ടയ്ക്ക് കാവലാളാവും എന്ന് ആരാധകര്‍ വിലയിരുത്തുന്ന ധീരജിനു വേണ്ടി വൈകിങ് ശൈലിയിലുള്ള കരഘോഷങ്ങളും ഉയര്‍ന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന 46,800 കാണികള്‍ ഒരേ ശബ്ദത്തില്‍ ആ പേര് ആവര്‍ത്തിച്ചു വിളിക്കുന്നുണ്ടായിരുന്നു.

മിക്കപ്പോഴും സ്ട്രൈക്കര്‍മാരുടെ പേരില്‍ മറഞ്ഞുപോകുന്നവരാണ് ഗോള്‍കീപ്പര്‍മാര്‍. പക്ഷെ ഇത്തവണ അങ്ങനെയല്ല. ഇന്ത്യ ആദ്യമായി ലോകകപ്പിലൊരു ഗോള്‍ നേടിയ രാത്രിയിലും ധീരജിന്‍റെ പേര് ആരും മറന്നില്ല. ഒരുകാലത്ത് ആള്‍കൂട്ടങ്ങള്‍ വെറുത്ത ഈ പതിനേഴുകാരന്‍ ഇപ്പോള്‍ അത് ഏറെ ആസ്വദിക്കുന്നുമുണ്ട്. സെല്‍ഫികള്‍ക്ക് നിന്നുകൊടുത്തും ആരാധകരോട് കൈവീശിയും അവരോടു നമസ്തേ പറഞ്ഞുമാണ് ധീരജ് മൈതാനമൊഴിഞ്ഞത്.

ഇന്ത്യന്‍ ഇതിഹാസമായ ബൈചുങ് ബൂട്ടിയ ടിവിയില്‍ ധീരജിനെ വിശേഷിപ്പിച്ചത് അണ്ടര്‍ പതിനേഴ്‌ ലോകകപ്പിന്‍റെ കണ്ടെത്തല്‍ എന്നാണ്. മുന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പറും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ താരവുമായിരുന്ന ഡേവിഡ് ജെയിംസും ഈ മണിപ്പൂരി താരത്തിന്‍റെ പ്രകടനത്തെക്കുറിച്ച് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഏതാനും ദിവസം മുമ്പ് അമേരിക്കയുടെ അണ്ടര്‍ 17 ലോകകപ്പ് കോച്ചായ ജോണ്‍ ഹാക്ക്വര്‍ത്ത് ധീരജിന്‍റെ പ്രകടനത്തെ വിലയിരുത്തിയത് ‘അസാമാന്യം’ എന്നാണ്. ” മികച്ച ഗോള്‍കീപ്പറായ ധീരജിനു സ്പെയിനിലെ പ്രീമിയാര്‍ ലീഗിലും കളിക്കാവുന്നതാണ്'” എന്നാണ് ഇന്ത്യന്‍ കോച്ചായ ലൂയിസ് നോര്‍ട്ടന്‍ പറഞ്ഞത്.

ധീരജിനെപ്പറ്റിയുള്ള പ്രശംസകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍. ഒരു കാലത്ത് പ്രൊഫഷണലായി മറ്റൊരു കളിയില്‍ തിരഞ്ഞെടു ധീരജിനെ സംബന്ധിച്ച് ഏറെ ആശ്ചര്യകരമാവാം ഇത്. ധീരജിന്‍റെ രക്ഷിതാക്കളും ഫുട്ബോളില്‍ തത്പരരായിരുന്നില്ല. കച്ചവടക്കാരനായ അഛന്‍റെ താത്പര്യം മകനൊരു ബാഡ്മിന്റണ്‍ താരമാവണം എന്നായിരുന്നു എങ്കില്‍ അമ്മ ആഗ്രഹിച്ചത് അവരൊരു സര്‍ക്കാര്‍ ജോലിയില്‍ എത്തണം എന്നാണ്. “ഫുട്ബോള്‍ കളിക്കാന്‍ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. അതിനാല്‍ അപ്പൂപ്പനെ സ്വാധീനിച്ചാണ് ഞാനാദ്യ ബൂട്ട് വാങ്ങുന്നത്. ” എഐഎഫ്എഫിനോട് ധീരജ് പറഞ്ഞു.

ഒരു പ്രാദേശിക കോച്ചാണ് ധീരജെന്ന ഫുട്ബോള്‍ താരത്തെ കണ്ടെത്തുന്നത്. ഞായറാഴ്ചയായിരുന്നു പരിശീലനം നടന്നിരുന്നത്. ബോര്‍ഡിങ്ങ് സ്കൂളില്‍ കഴിയുകയായിരുന്ന ധീരജിനു എല്ലായ്പ്പോഴും ഇരുപത്തിയഞ്ചു കിലോമീറ്ററപ്പുറമുള്ള പരിശീലനത്തില്‍ പങ്കെടുക്കാനുള്ള അവസരമില്ലായിരുന്നു. അതിനാല്‍ തന്നെ എല്ലാ ശനിയാഴ്ചയും ആരോഗ്യപ്രശ്നം പറഞ്ഞുകൊണ്ട് ധീരജ് വീട്ടിലേക്ക് പോവുമായിരുന്നു. ഞായറാഴ്ചത്തെ പരിശീലനത്തിനു ശേഷം തിങ്കളാഴ്ച എട്ടുമണിയോടെ സ്കൂളിലേക്കും തിരിച്ചെത്തും.

വളര്‍ച്ച
മണിപ്പൂര്‍ ലീഗില്‍ ബിസ്നാപുര്‍ ജില്ലയ്ക് വേണ്ടി കളിക്കുന്നത് വരെ ഇതേ ചര്യയിലാണ് ധീരജിന്‍റെ പരിശീലനം പുരോഗമിച്ചത്. പതിനൊന്നാം വയസ്സില്‍ ധീരജിനെ തേടി മണിപ്പൂര്‍ ജൂനിയര്‍ ടീമിലേക്കുള്ള ക്ഷണം വന്നു. മണിപ്പൂര്‍ ജൂനിയര്‍ ടീമിനൊപ്പം കളിക്കാന്‍ കല്യാണിയിലേക്ക് ചെന്നപ്പോഴാണ് എഐഎഫ്എഫ് അക്കാദമിയിലേക്ക് അവനു ക്ഷണം ലഭിക്കുന്നത്. ഏറെ വൈകാതെ തന്നെ ഇന്ത്യ അണ്ടര്‍ 14 ടീമിലേക്കും ധീരജ് തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഗോവയില്‍ നടന്ന അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ധീരജ് ഇന്ത്യയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് ഉയരുന്നത്. മികച്ച കീപ്പര്‍ ആയിരിക്കുമ്പോഴും സെറ്റ് പീസുകള്‍ ധീരജിനു ഭീഷണിയുയര്‍ത്തി. കഴിഞ്ഞവര്‍ഷം മെക്സിക്കോയില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യ വഴങ്ങിയത് ഒമ്പത് ഗോലുകളായിരുന്നു. അതില്‍ ഏഴും സെറ്റ് പീസില്‍ കണ്ടെത്തിയ ഗോളുകള്‍. ” ഈ സമയത്താണ് ഒരു മികച്ച ഗോള്‍ കീപ്പിങ്ങ് കോച്ച് ആവശ്യമാണ്‌ എന്ന്‍ ഞങ്ങള്‍ക്ക് തോന്നുന്നത്. ” ഇന്ത്യന്‍ കോച്ച് ഡി മാറ്റോസ് പറഞ്ഞു.

അങ്ങനെയാണ് പാവോലോ ഗ്രിലോയിലേക്ക് എത്തുന്നത്. അമേരിക്കന്‍ മേജര്‍ ലീഗ് ക്ലബ്ബായ ഫിലാഡെല്‍ഫിയ യൂണിയന്‍ കോച്ചായിരുന്നു ഈ നാല്‍പത്തിയേഴുകാരന്‍. ” ഒരു മാസത്തേക്കായി അദ്ദേഹം വന്നു. ഒരു മാസത്തെ പരിശീലനത്തില്‍ നമ്മുടെ ഗോള്‍ കീപ്പര്‍മാര്‍ പോസീഷനിങ്ങിലും മറ്റും ഏറെ പുരോഗതി കൈവരിച്ചു ” ഡി മാറ്റോസ് പറഞ്ഞു.

ഗ്രിലോ ധീരജിന്‍റെ ചലനങ്ങളില്‍ ഒരുപാട് മാറ്റം കൊണ്ടുവന്നു. വായുവില്‍ വരുന്ന പന്തുകള്‍ ശേഖരിക്കാനും തടുക്കാനുമുള്ള പരിശീലനം നല്‍കി. അതിന്‍റെ മാറ്റങ്ങള്‍ ലോകകപ്പിലും പ്രതിഫലിച്ചു. സ്ട്രൈക്കര്‍മാരുടെ മുന്നേറ്റത്തെ ശരീരംകൊണ്ട് തടുക്കുന്നതിലും ലോങ്ങ്‌ഷോട്ടുകള്‍ തട്ടിതെറിപ്പിക്കുന്നത്തിലും ധീരജ് അണുവിട പിഴച്ചില്ല.

ധീരജിനു മുന്നില്‍ ഏറ്റവും വലിയ പരീക്ഷണം വരിക ഘാനയ്ക്കെതിരായ കളിയിലാണ്. ഗ്രൂപ്പില്‍ ശാരീരികമായി ഏറ്റവും ദൃഡമായ ടീം. ചീറിപ്പായുന്ന ഷോട്ടുകള്‍ തുടുക്കുന്നതില്‍ ഏറെ മുന്നിലാണ് ഘാന. പക്ഷെ ധീരജിനറിയാം ആയിരങ്ങള്‍ തന്‍റെ പേര് മുടങ്ങാതെ ആവര്‍ത്തിക്കുന്നുണ്ട് എന്ന്. ആള്‍കൂട്ടങ്ങളെ ഇഷ്ടമല്ലാതിരുന്ന പയ്യനു അത് ആത്മവിശ്വാസം നല്‍കുമെന്നത് ഒരു വിരോധാഭാസമില്ല, ഒരു കാവ്യനീതിയാണ് !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook