കൊച്ചി: കൊച്ചിയിലെ മൈതാനത്ത് യൂറോപ്യൻ പടക്കുതിരകളെ തറപറ്റിച്ച് ലാറ്റിനമേരിക്കൻ ശക്തികളുടെ ആധിപത്യം. തങ്ങളെ ചേർത്തുപിടിച്ച കേരളക്കരയിലെ ആരാധകരെ മൈതാനമധ്യത്ത് നിന്ന് കൈയ്യടിച്ച് അഭിനന്ദിച്ച് ബ്രസീലിന്റെ കൗമാരപ്പട അണ്ടർ 17 ലോകകപ്പിന്റെ ആദ്യജയം ആസ്വദിച്ചു.

ഇഞ്ചോടിഞ്ച് പോരടിച്ച മത്സരത്തിൽ സ്പെയിനിനെതിരെ 2-1 ന്റെ വിജയമാണ് ബ്രസീൽ നേടിയത്. നാലാം മിനിറ്റിൽ മുഹമ്മദ് മുഖ്ലിസ് അടിച്ച ഗോളിന് 25ാം മിനിറ്റിൽ ലിങ്കൺ കൊറയയിലൂടെയും ആദ്യപകുതിയിലെ അധികസമയത്ത് പൗളിഞ്ഞോയിലൂടെയുമാണ് ബ്രസീൽ മറുപടി പറഞ്ഞത്.

മത്സരത്തിന്റെ തത്സമയ റിപ്പോർട്ട്….

90+4 കളി അവസാനിച്ചു. സ്പെയിനിനെ തോൽപ്പിച്ച് ബ്രസീൽ ആഹ്ലാദം പങ്കിടുന്നു. ജയം 2-1 ന്

90 കളി അധികസമയത്തിലേക്ക്. ബ്രസീലിനിപ്പോഴും ഒരു ഗോളിന്റെ ലീഡ്. യൂറോപ്യൻ ശക്തികൾക്കെതിരെ ലാറ്റിനമേരിക്ക കൊച്ചിയിലെ മൈതാനത്ത് ജയിക്കുമോ എന്നറിയാൻ സെക്കന്റുകൾ മാത്രം…

83 ഇരുവശത്തും ഗോളടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം. സമനില പിടിക്കാനുള്ള നീക്കവുമായി സ്പെയിൻ മുന്നേറുമ്പോൾ വിജയം ഉറപ്പിക്കാനുള്ള ഗോളിനാണ് ബ്രസീലിന്റെ ശ്രമം. എന്നാൽ ഗോൾമുഖത്ത് പന്ത് കൃത്യമായി കൈമാറുന്നതിലും വലയ്ക്കകത്തേക്ക് പന്തടിച്ച് കയറ്റുന്നതിലും ഇരുടീമുകളും തുടരെ തുടരെ പരാജയപ്പെടുന്നു.

77 മത്സരം കൂടുതൽ മുറുകുന്നു. ഇരു ബോക്സിലേക്കും ആക്രമണ-പ്രത്യാക്രമണങ്ങൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏത് നിമിഷവും ഗോൾ വീണേക്കാമെന്ന പ്രതീതി.

75 സ്പെയിനിന്റെ നെഞ്ചിൽ ഇടിത്തീയായി നിർണ്ണായകമായ ഫ്രീ കിക്ക്. ഗോൾ!!! റഫറിയുടെ വിസിൽ. ഗോളിയെ ഫൗൾ ചെയ്തതായി ചൂണ്ടിക്കാട്ടി റഫറി ഗോൾ അനുവദിച്ചില്ല.

66 ബ്രസീൽ നിരയിൽ വീണ്ടും മാറ്റം. പ്രതിരോധ താരം ലൂക്കാസ് ഹാൾട്ടറിനെ പിൻവലിച്ച് മാത്യൂസ് സ്റ്റോക് കളത്തിലേക്ക്

65 സ്പാനിഷ് താരത്തെ താരത്തെ ഫൗൾ ചെയ്ത ബ്രസീലിന്റെ അലൻ ഡിസൂസയ്ക്ക് മഞ്ഞ കാർഡ്

63 ബ്രസീൽ നിരയിൽ മാറ്റം.  സെൻ്റർ മിഡ്ഫീൽഡർ വിക്ടർ ബോബ്സിനെ പിൻവലിച്ച്  രോഡ്രിഗോ ഗുത്തിനെ ഇറക്കുന്നു.

58 ബ്രസീലിനെ സമ്മർദ്ദത്തിലാക്കി സ്പെയിനിന് നാല് തുടർ കോർണറുകൾ. അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനാകാതെ യൂറോപ്യൻ താരങ്ങൾ. ആദ്യ പകുതിയിൽ കൃത്യമായി പാസ് നൽകിയിരുന്നെങ്കിൽ രണ്ടാം പകുതിയിൽ സ്പെയിൻ താരങ്ങൾ ഈ കാര്യത്തിൽ പരാജയപ്പെടുന്ന കാഴ്ച. എങ്കിലും പന്ത് ബ്രസീലിന്റെ ഗോൾ മുഖത്ത് തന്നെ നിലനിർത്താൻ റയലിന്റെയും ബാഴ്സയുടെയും അക്കാദമിയിൽ വളർന്ന താരങ്ങൾക്ക് സാധിക്കുന്നുണ്ട്.

56 ബ്രസീലിന്റെ ഗോൾ മുഖത്തേക്ക് സ്പെയിനിന്റെ തുടർമുന്നേറ്റങ്ങൾ. സമനിലപിടിക്കാനുള്ള ശക്തമായ ശ്രമം. എന്നാൽ മുന്നേറ്റത്തിൽ ഒത്തിണക്കമില്ലാതെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു.

46 ഹാഫ് ടൈമിലെ ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചു. ഒരു ഗോളിന്റെ ലീഡ് വഴങ്ങിയതോടെ സ്പെയിൻ സമ്മർദ്ദത്തിലായിരിക്കുന്ന കാഴ്ച. കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിനിന്റെ വീര്യം ചോരുന്നതായി കാണാം. മുന്നേറ്റങ്ങൾക്ക് മുർച്ചയില്ലാതെയാകുന്നു.

45 ഗോോൾൾ…. ബ്രസീൽ മുന്നിൽ. 2-1. പൗളിഞ്ഞോയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം.

44 ഹാഫ് ടൈമിന് മുൻപ് ഗോളടിച്ച് മുന്നിലെത്താൻ ബ്രസീലിന്റെ ശ്രമം.  കളിയിൽ രണ്ട് മിനിറ്റ് അധികസമയം.

40 കളിയുടെ തുടക്കത്തിൽ സ്പെയിനിന് ലഭിച്ച ആധിപത്യം മാറി. മത്സരത്തിലേക്ക് കൃത്യമായ പാസുകളിലൂടെയും ചടുലമായ നീക്കങ്ങളിലൂടെയും ലാറ്റിനമേരിക്കൻ ശക്തരുടെ മടക്കം. സമനില വഴങ്ങിയതോടെ പന്തി മധ്യനിരയിൽ തന്നെ.

36 തന്നെ വളഞ്ഞ ബ്രസീലിന്റെ പ്രതിരോധ താരങ്ങളെ മറികടന്ന് ബ്രസീലിന്റെ ഗോൾ മുഖത്തേക്ക് ഫെറാൻ ടോറസിന്റെ ഷോട്ട്. പന്ത് വലയ്ക്ക് പുറത്തേക്ക്.

34 സ്പെയിൻ താരം മേത്യു ജോമിക്ക് മത്സരത്തിനിടെ പരിക്ക്. പകരക്കാരനായി 21ാം നമ്പർ താരം അൽഫോൻസോ പാസ്റ്റർ മൈതാനത്തേക്ക്.

25 ബ്രസീൽ ഗോൾ മടക്കി. കളി സമനിലയിൽ. 1:1. ബ്രസീലിന്റെ മുന്നേറ്റ താരം ലിങ്കൺ കൊറിയയാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ബ്രണ്ണർ നൽകിയ പാസ് ഗോൾ ബോക്സിന് മുന്നിൽ നിന്ന് അൽവെരോ ഫെർണാണ്ടസിനെ കബളിപ്പിച്ച് സ്പെയിനിന്റെ വല കുലുക്കി. മത്സരം തുല്യശക്തികളുടേതെന്ന് തെളിയിക്കുന്ന കളി.

ബ്രസീലിന്റെ ആദ്യ ഗോൾ

20 സ്പെയിനിന്റെ ഗോൾ മുഖത്തേക്ക് ബ്രസീലിന്റെ തുടർ മുന്നേറ്റങ്ങൾ. ഉണർന്നു കളിക്കുന്ന യൂറോപ്യൻ പ്രതിരോധ നിര. ലാറ്റിനമേരിക്കൻ ശക്തിയും യൂറോപ്യൻ കരുത്തും തമ്മിൽ കൊച്ചിയിലെ മൈതാനത്ത് ശക്തമായ മത്സരം.

16 പൗളിഞ്ഞോയുടെ ക്രോസ് സ്പെയിൻ ഗോളി അൽവാരോ ഫെർണാണ്ടസിന്റെ കൈയ്യിൽ തട്ടി ബ്രസീലിന്റെ ഇടതുവിങ്ങർ  ബ്രണ്ണറുടെ കാലിൽ. ബ്രണ്ണർക്ക് പന്ത് വലയിലാക്കാൻ സാധിച്ചില്ല. ശ്രമം വിഫലം.

11 സ്പെയിൻ നിരയിൽ നിന്ന് ക്യാപ്റ്റൻ ഏബെൽ റൂയിസിന്റെ മികച്ച മുന്നേറ്റം. റഫറിയുടെ ഫൗൾ വിസിൽ.

07 വലതുവിങ്ങിൽ സ്പെയിനിന് മികച്ച മുന്നേറ്റങ്ങളുമായി ഫെറാൻ ടോറസ്. ആദ്യ ഗോളിൽ അസിസ്റ്റ് ചെയ്ത താരം ഇതുവരെ മൂന്ന് ഗോൾ അവസരങ്ങളാണ് സ്പെയിനിന് വേണ്ടി ഒരുക്കിയത്

04 ബ്രസീലിനെതിരെ സ്പെയിനിൻ്റെ ആദ്യ ഗോൾ. വലതുവിങ്ങിൽ നിന്ന് ഫെറാൻ ടോറസ് നീട്ടിനൽകിയ പാസ് കൃത്യമായി വലയിലാക്കിയത് എട്ടാം നമ്പർ താരം മുഹമ്മദ് മുക്ലിസ്.

 

 

03 വലതുവിങ്ങിൽ നിന്ന് ഫെറാൻ ടോറസ് നീട്ടിനൽകിയ പാസ് വലയിലാക്കാനുള്ള സ്പെയിൻ ക്യാപ്റ്റൻ ഏബെൽ റൂയിസിന്റെ വിഫല ശ്രമം. പന്ത് ബ്രസീൽ ഗോളി അൽവാരോ ഫെർണാണ്ടസിന്റെ കൈയിൽ തട്ടി ബോക്സിന് പുറത്തേക്ക്

00 കലൂർ സ്റ്റേഡിയത്തിൽ 2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിലെ ആദ്യ മത്സരത്തിന് തുടക്കം. ബ്രസീൽ താരം ആദ്യ കിക്ക് എടുത്തു. ബ്രസീൽ താരത്തെ ജഴ്സിയിൽ പിടിച്ച് വലിച്ച് സ്പെയിനിന്റെ മുഹമ്മദ് മുക്ലിസ് അനാവശ്യ ആവേശം കാട്ടി. റഫറി വിസിൽ മുഴക്കി.

4:55 മത്സരത്തിനായി ബ്രസീൽ, സ്പെയിൻ ടീമുകളുടെ താരങ്ങൾ മൈതാനത്തെത്തി. ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിക്കുന്നു

4:48 കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബ്രസീൽ ആരാധകരും മഞ്ഞ ജഴ്സിയിൽ എത്തിയിട്ടുണ്ട്. മത്സരത്തിന് നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂവെങ്കിലും സ്റ്റേഡിയം ഇനിയും നിറഞ്ഞിട്ടില്ല. കാണികൾ നന്നേ കുറവാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ