കൊൽക്കത്ത: രണ്ടാം സെമിയിൽ മാലിയെ തകർത്ത് സ്‌പെയിന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ആഫ്രിക്കന്‍ ശക്തികളായ മാലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് സ്‌പെയിന്റെ ഫൈനല്‍ പ്രവേശം. നായകൻ ആബെല്‍ റൂയിസ് രണ്ട് തവണയും ഫെറാന്‍ ടോറസ് ഒരു തവണയും സ്‌പെയിനുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മാലിയുടെ ആശ്വാസഗോള്‍ നേടിയത് ലസാന ഡിയായാണ്.
മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്‌പെയിന്റെ ആദ്യ ഗോള്‍ നേടുന്നത്. പെനാല്‍റ്റിയെടുത്ത ആബെല്‍ റൂയിസിന് പിഴച്ചില്ല. സെസാറിന്റെ അളന്നുതൂക്കിയുള്ള പാസില്‍ കൃത്യമായി കാൽവച്ച് ആബെല്‍ റൂയിസ് ഒന്നാം പകുതി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് രണ്ടാം ഗോള്‍ നേടി. ഫെറാന്‍ ടോറസിലൂടെ 71-ാം മിനിറ്റില്‍ നേടിയ മൂന്നാം ഗോളിലൂടെ സ്‌പെയിന്‍ സ്‌കോറിങ് പൂര്‍ത്തിയാക്കി.
മൂന്ന് ഗോളുകള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച മാലി നിരന്തരം സ്‌പെയിന്‍ ഗോള്‍ മുഖത്ത് ഭീതി വിതച്ചു. സ്‌പെയിന്‍ താരങ്ങള്‍ ഒന്ന് പിന്നോട്ടുപോയപ്പോഴാണ് 74-ാം മിനിറ്റില്‍ മാലിയുടെ ഗോള്‍ പിറന്നത്. പോസ്റ്റിന് തൊട്ടടുത്ത് നിന്നും ലഭിച്ച അവസരം ഡിയായാക്ക് പിഴച്ചില്ല.
ഇന്നലെ നടന്ന ആദ്യ സെമിയിൽ ബ്രസീലിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഇംഗ്ലണ്ട് ബ്രസീലിനെ തകർത്തത്.