ഇന്ത്യയില്‍ ഈ വര്‍ഷം നടക്കേണ്ടിയിരുന്ന പെണ്‍കുട്ടികളുടെ ഫിഫ ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. ആഗോളതലത്തിലെ കോവിഡ്-19 മഹാമാരി മൂലം അണ്ടര്‍-17 ലോകകപ്പ് 2021 ഫെബ്രുവരിയിലേക്കാണ് മാറ്റിയത്.
ഈ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്നതാണ് ലോകകപ്പ്. ഫെബ്രുവരി 17-ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് അവസാനിക്കും.
തിയതി മാറ്റിയതിനെ തുടര്‍ന്ന് പങ്കെടുക്കുന്ന താരങ്ങളുടെ വയസ്സിനും മാറ്റം വന്നിട്ടുണ്ട്. 2003 ജനുവരി ഒന്നിന് ശേഷവും 2005 ഡിസംബര്‍ 31-ന് മുമ്പും ജനിച്ച പെണ്‍കുട്ടികള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന് ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.
16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ആതിഥേയരെന്ന നിലയില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇന്ത്യ അണ്ടര്‍-17 വനിതകളുടെ ലോകകപ്പില്‍ പങ്കെടുക്കുന്നത്.
കോവിഡ്-19-ന്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ഫിഫ നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ടൂര്‍ണമെന്റ് നീട്ടിവയ്ക്കുന്നതിന് തീരുമാനിച്ചത്.
നവംബര്‍ രണ്ട് മുതല്‍ 21 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. കൊല്‍ക്കത്ത, ഗുവഹാത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. നവി മുംബൈ ഫൈനലിന് വേദിയാകും.