മിലാൻ: ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്നു  പ്രഖ്യാപിക്കും. മികച്ച പുരുഷ – വനിതാ താരങ്ങൾ ഉൾപ്പടെ പത്ത് വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

മികച്ച പുരുഷ താരത്തിനുള്ള അന്തിമ പട്ടികയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, വിൽജിൽ വൻഡൈക്ക് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11നാണ് പുരസ്കാര പ്രഖ്യാപനവും വിതരണവും.

Also Read: ‘കുട്ടിക്കളി മാറാത്ത പുലിക്കുട്ടി’; ഇൻസ്റ്റഗ്രാമിൽ ചിരിപടർത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി

കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ പതിവ് തെറ്റിച്ച് കഴിഞ്ഞ വർഷം ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് പുരസ്കാരത്തിന് അർഹനായിരുന്നു. മെസിയും റൊണാൾഡോയുമായിരുന്നു കുറേ വർഷങ്ങളായി പുരസ്കാരം  നേടിയിരുന്നത്. ഇരുവരെയും മറികടന്നാണ് മോഡ്രിച്ച് ഫിഫ ദി ബെസ്റ്റായി കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും സൂപ്പർ താരങ്ങളേക്കാൾ സാധ്യത കൽപ്പിക്കപ്പെടുന്നതു പട്ടികയിലെ മൂന്നാമനായ ഹോളണ്ട് താരം വിൽജിൽ വാൻഡൈക്കിനാണ്.

മികച്ച പുരുഷ – വനിതാ താരം, മികച്ച പുരുഷ – വനിതാ പരിശീലകർ, മികച്ച പുരുഷ – വനിതാ ഗോൾ കീപ്പർ, മികച്ച ഗോൾ, ഫിഫ ഫാൻ പുരസ്കാരം എന്നീ വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഒപ്പം ഫിഫ ടീമിനെയും പ്രഖ്യാപിക്കും.

Also Read: ഇന്ത്യൻ തോൽവിക്ക് കാരണം കോഹ്‌ലിയുടെ തീരുമാനം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

മെസിയെയും റൊണാൾഡോയെയും മറികടന്ന് വിൽജിൽ വാൻഡൈക്ക് കഴിഞ്ഞ മാസം യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ചരിത്രത്തിലെ ആദ്യ പ്രതിരോധ താരമായും വാൻഡൈക്ക് മാറി. ലിവർപൂളിന്റെ ഡച്ച് കോട്ടയാണ് വാൻഡൈക്ക്. ഫിഫ ദി ബെസ്റ്റ് പുരസ്കാരവും വാൻഡൈക്കിനു  ലഭിക്കുമെന്നാണു  പ്രതീക്ഷിക്കുന്നത്. പുരസ്കാരം നേടിയാൽ ഇറ്റലിയുടെ ഫാബിയോ കന്നാവരോയ്ക്കു (2006) ശേഷം ലോകത്തെ മികച്ച ഫുട്ബോളറാകുന്ന ഡിഫൻഡറാകും വാൻഡൈക്ക്.

മികച്ച വനിതാ താരത്തിനുള്ള അന്തിമ പട്ടികയിൽ രണ്ട് അമേരിക്കൻ താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. അമേരിക്കൻ ദേശീയ ടീമിന്റെ നായികമാരായ അലക്സ് മോർഗണും മേഗൻ റാപിനോയിയുമാണു പട്ടികയിൽ ഇടംപിടിച്ച് യു.എസ് താരങ്ങൾ. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൻസും പട്ടികയിലുണ്ട്. യൂറോപ്പിലെ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടത് ലൂസി ബ്രോൺസായിരുന്നു.

മികച്ച പുരുഷ പരിശീലക പുരസ്കാരത്തിനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, ലിവർപൂളിന്റെ യൂർഗൻ ക്ലോപ്, ടോട്ടനം ഹോട്സ്പറിന്റെ മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരാണുള്ളത്. മികച്ച ഗോളിനായി അർജന്റീന താരം ലയണൽ മെസി മത്സരിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook