2021 സീസണിലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി റോബര്‍ട്ട് ലെവന്‍ഡോസ്കി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ തവണയാണ് ലെവന്‍ഡോസ്കി പുരസ്കാരം നേടുന്നത്. അലക്സിയ പുത്തേയസാണ് മികച്ച വനിതാ താരം. പുരസ്കാരം നേടുന്ന ആദ്യ സ്പാനിഷ് വനിതാ താരമാണ് പുത്തേയസ്.
അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെ പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചു.
ചെല്‍സിയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ച തോമസ് തോമസ് തുഷലാണ് മികച്ച പുരുഷ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച വനിതാ പരിശീലകയായ എമ്മ ഹെയ്സ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയെയാണ് എമ്മ പരിശീലിപ്പിക്കുന്നത്. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കാന്‍ എമ്മയ്ക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒരു ടീമിനെ എത്തിച്ച ആദ്യ വനിതാ പരിശീലകയും എമ്മയാണ്.
ഫെയര്‍ പ്ലെ പുരസ്കാരം ഡെന്മാര്‍ക്കിനാണ്. 2021 യൂറോ കപ്പിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ് ഹൃദയാഘാതം സംഭവിച്ചപ്പോഴത്തെ ടീമിന്റെ പ്രതികരണമാണ് അവാര്‍ഡ് നേടിക്കൊടുത്തത്.
പോയ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം എറിക്ക് ലമേലയ്ക്ക് ലഭിച്ചു. ടോട്ടനത്തിനായി ആഴ്സണലിനെതിരെ നേടിയ ഉജ്വല ഗോളാണ് എറിക്കിന് പുരസ്കാരം നേടിക്കൊടുത്തത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രകടനമാണ് താരത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
മികച്ച വനിതാ ഗോള്‍ കീപ്പറിനുള്ള പുരസ്കാരം ക്രിസ്റ്റ്യൻ എൻഡ്ലറിനാണ്. ചിലിയന്‍ താരമായ ക്രിസ്റ്റ്യന്‍ ഫ്രഞ്ച് ലീഗില്‍ ഒളിമ്പിക് ലിയോണൈസിനായാണ് കളിക്കുന്നത്.
ഫിഫ പ്രത്യേക പുരസ്കാരം കാനഡയുടെ വനിതാ താരം ക്രിസ്റ്റീൻ സിൻക്ലെയറിന് ലഭിച്ചു. അന്താരാഷ്ട്ര ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയതിനാണ് അംഗീകാരം. കാനഡയ്ക്കായി 300 മത്സരങ്ങളില്‍ നിന്ന് 188 ഗോളുകളാണ് താരം നേടിയത്.
ഫിഫ പുരുഷ ടീം: ഡോണാറുമ്മ (ഗോള്‍ കീപ്പര്‍), ഡേവിഡ് അലാബ, റൂബന്‍ ഡയാസ്, ലിയണാര്‍ഡൊ ബൊനൂച്ചി (പ്രതിരോധം), എന്‍ഗൊളൊ കാന്റെ, ജോര്‍ജിന്‍ഹൊ, കെവിന്‍ ഡീബ്രൂയിന്‍ (മധ്യനിര), ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ലയണല്‍ മെസി, റോബര്‍ട്ട് ലെവന്‍ഡോസ്കി, എര്‍ലിങ് ഹാളണ്ട് (മുന്നേറ്റനിര).
ഫിഫ വനിതാ ടീം: എൻഡ്ലർ (ഗോള്‍കീപ്പര്‍), ബ്രോണ്‍സ്, ബ്രൈറ്റ്, റെനാർഡ്, എറിക്സൺ (പ്രതിരോധം), ബാനിനി, ലോയ്ഡ്, ബോണസേറ (മധ്യനിര), മാർട്ട, മോർഗൻ, മിഡെമ (മുന്നേറ്റനിര).
Also Read: ക്യാപ്റ്റന്‍ സ്ഥാനം ആരുടേയും ജന്മാവകാശമല്ല; കോഹ്ലി ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം: ഗംഭീര്‍