ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഏറ്റവും പുതിയ പട്ടികയിൽ ആറ് സ്ഥാനങ്ങൾ പിറകോട്ട് പോയ ഇന്ത്യ ആദ്യ നൂറിന് പുറത്തുമായി. നിലവിൽ 103-ാം സ്ഥാനത്താണ് ഇന്ത്യ. 1,240ൽ നിന്നും 1,219 ലേയ്ക്കാണ് ഇന്ത്യയുടെ പോയിന്റ് താഴ്ന്നത്. 2018 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ആദ്യ നൂറിന് പുറത്ത് പോകുന്നത്. ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

യുഎഇയിൽ നടന്ന ഏഷ്യൻ കപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയെ 4-1ന് കീഴ്പ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ യുഎഇയോടും മൂന്നാം മത്സരത്തിൽ ബഹ്റൈനോടും പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ടൂർണമെന്റിൽ പ്രീക്വാർട്ടർ പോലും കാണാതെ ഇന്ത്യ പുറത്തായി. ഏഷ്യന്‍ റാങ്കിങ്ങിലും ഇന്ത്യ 18-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

എന്നാൽ ഏഷ്യൻ കപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി കിരീടം സ്വന്തമാക്കിയ ഖത്തർ ഫിഫ റാങ്കിങ്ങിലും മുന്നിലേയ്ക്ക് കുതിച്ചു. 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55-ാം സ്ഥാനത്തേയ്ക്കാണ് ഖത്തർ ഉയർന്നത്. ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളും ഖത്തര്‍ വിജയിച്ചിരുന്നു. ഒരു ഗോള്‍ മാത്രമാണ് ഖത്തര്‍ ടൂര്‍ണമെന്റില്‍ ഉടനീളം വഴങ്ങിയത്. 1993ന് ശേഷം ആദ്യമായാണ് ഖത്തർ ഫിഫ റാങ്കിങ്ങിൽ ഇത്ര ഉയർന്ന സ്ഥാനത്തെത്തുന്നത്.

ഏഷ്യന്‍ കപ്പ് ഫൈനലില്‍ കളിച്ച ജപ്പാന്‍ 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ദക്ഷിണ കൊറിയ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തേയ്ക്ക് ഉയർന്നപ്പോൾ, ജോർദാൻ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 97-ാം റാങ്കിലെത്തി. ഏഷ്യൻ കപ്പിലൂടെ നാല് ടീമുകളാണ് ആദ്യ 50ൽ എത്തിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നും നാല് ടീമുകൾ മാത്രമാണ് ആദ്യ 50ൽ ഉൾപ്പെട്ടിട്ടുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ