ഇന്ത്യൻ ഫുട്ബോൾ ടീമിന് വീണ്ടും തിരിച്ചടി. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ രണ്ട് സ്ഥാനം പുറകോട്ട് പോയി. 101-ാം റാങ്കിലായിരുന്ന ഇന്ത്യ 103-ാം റാങ്കിലേക്കാണ് വീണത്. അതേസമയം ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. കോപ്പ അമേരിക്ക നേട്ടത്തോടെ ബ്രസീൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് താഴേക്ക് വീണു

ഇന്രർ കോണ്ടിനെന്റൽ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇത്തവണ ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചില്ല. തജിക്കിസ്ഥാനോട് നാലിനെതിരെ രണ്ട് ഗോളുകൾക്കും ദക്ഷിണ കൊറിയയോട് രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കുമാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന മത്സരത്തിൽ സിറിയയോട് സമനിലയും വഴങ്ങി.

1214 റാങ്കിങ്ങ് പോയിന്റസുമായി ഇന്ത്യ ഏഷ്യൻ രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ്. ഏഷ്യൻ രാജ്യങ്ങളിൽ മുന്നിൽ ഇറാനാണ്, റാങ്കിങ്ങിൽ 23-ാം സ്ഥാനത്താണ് ഇറാൻ. ജപ്പാൻ 33-ാം സ്ഥാനത്തും കൊറിയ 37-ാം സ്ഥാനത്തും, ഓസ്ട്രേലിയ 46-ാം സ്ഥാനത്തുമാണ്.

കോപ്പ അമേരിക്കയുടെ സെമിയിൽ ബ്രസീസിനോട് പരാജയപ്പെട്ട് പുറത്തായെങ്കിലും അർജന്റീന ആദ്യ പത്തിലെത്തി. കൊളംബിയായാണ് പട്ടികയിൽ നേട്ടമുണ്ടാക്കിയ മറ്റൊരു രാജ്യം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കൊളംബിയ എട്ടാം സ്ഥാനത്തെത്തി.

ഇംഗ്ലണ്ട് നാലാം സ്ഥാനം നിലനിർത്തിയപ്പോൾ തിരിച്ചടി കിട്ടിയത് ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനുമാണ്.

Read More Sports News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook