ഫിഫ ലോകറാങ്കിങ്ങിൽ ലോകകപ്പ് കിരീട ജേതാക്കളായ ഫ്രാൻസിനെ മറികടന്ന ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട റാങ്കിങ്ങിലും ബെൽജിയം തന്നെയാണ് മുന്നിൽ. 1727 പോയിന്റുകളുമായാണ് ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമതുള്ള ഫ്രാൻസിനെക്കാൾ ഒരു പോയിന്റ് മാത്രമാണ് അധികമായി ബെൽജിയത്തിനുള്ളത്.
ബ്രസിലും ക്രൊയേഷ്യയും ഇംഗ്ലണ്ടും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ പോർച്ചുഗൽ പട്ടികയിൽ നേട്ടമുണ്ടാക്കി. ഉറുഗ്വേയെ മറികടന്ന് പോർച്ചുഗൽ ആറാം സ്ഥാനത്തേക്ക് എത്തി. ആരാധകരുടെ പ്രിയപ്പെട്ട അർജന്റീനയാണ് റാങ്കിങ് മെച്ചപ്പെടുത്തിയ മറ്റൊരു രാജ്യം. പതിനൊന്നാം സ്ഥാനത്താണ് അർജന്റീന ഇപ്പോൾ.
അതേസമയം, മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കാണ് പുതിയ പട്ടികയിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ചരിത്രത്തിലെ തന്നെ ഫുട്ബോളിന്റെ മോശം വർഷത്തിലൂടെ കടന്നുപോയ ജർമ്മൻ ടീം റാങ്കിങ്ങിൽ പതിനാറാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇന്ത്യ 97-ാം സ്ഥാനം നിലനിർത്തി.