ലോക ഫുട്ബോൾ ഭൂപടത്തിൽ മിനി ലോകകപ്പ് എന്ന പുതിയ ആശയത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനൊ. എട്ട് അന്താരാഷ്ട്ര ടീമുകളെ അണിനിരത്തി രണ്ട് വർഷ ഇടവേളകളിൽ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതോടെ എല്ലാ ലോകകപ്പിനും തൊട്ട് മുൻപ് നടക്കാറുളള കോൺഫെഡറേഷൻസ് കപ്പ് ടൂർണ്ണമെന്റ് ഇല്ലാതായേക്കും.

ലോക ടീമുകളെ അണിനിരത്തി ലീഗ് മത്സരം സംഘടിപ്പിച്ച് ഇതിൽ നിന്ന് അവസാന എട്ടിനെ തിരഞ്ഞെടുക്കും വിധത്തിലാണ് മിനി ലോകകപ്പിനുളള നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 12 വർഷക്കാലത്തേക്ക് 25 ബില്യൺ യുഎസ് ഡോളറാണ് ഇതിന് ഇപ്പോൾ ചിലവ് കണക്കാക്കിയിരിക്കുന്നത്.

ഇതിനോടകം നിരവധി ബിസിനസ് പ്രമുഖർ ഈ മിനി ലോകകപ്പിന് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നതായി റിപ്പോർട്ടുണ്ട്. 2021 മുതൽ ഓരോ രണ്ട് വർഷത്തിലൊരിക്കലും ഒക്ടോബർ-നവംബർ മാസങ്ങളിൽ മത്സരം നടത്താനായിരിക്കും സർക്കാർ തീരുമാനിക്കുക.

ഇതിന് പുറമെ പുതിയ രൂപത്തിൽ അവതരിക്കുന്ന ക്ലബ് ലോകകപ്പിനും സാമ്പത്തിക പിന്തുണയുമായി പ്രമുഖ സ്ഥാപനങ്ങൾ എത്തിക്കഴിഞ്ഞു. 2021 ൽ 24 ടീമുകളെ അണിനിരത്തി പുതിയ ക്ലബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം.

ഫിഫയുടെ ഉന്നതാധികാര സമിതിക്ക് മുന്നിലാണ് ഇപ്പോൾ മിനി ലോകകപ്പ് പരിഗണനയ്ക്കുളളത്. യുവേഫയും കോൺകകാഫും സ്വന്തം മേഖലയിൽ നാഷണൽ ലീഗുകൾ തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook