ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഫാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നവര്‍ക്കായി അന്താരാഷ്ട്ര കലാകാരന്മാര് നയിക്കുന്ന സൗജന്യ സംഗീതവിരുന്നൊരുക്കുമെന്ന് ഫിഫ. 29 ദിവസത്തെ ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം സെന്‍ട്രല്‍ ദോഹയിലെ അല്‍ ബിദ്ദ പാര്‍ക്കില്‍ മികച്ച ആഗോള, പ്രാദേശിക സംഗീത പരിപാടികളും ലോക പ്രശസ്തരായ കലാകാരന്മാരുടെ ലൈവ് പ്രോഗ്രാമുകളും നടത്തുമെന്ന് ഫിഫ അറിയിച്ചു.
നവംബര്‍ 20-നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കോര്‍ണിഷ് വാട്ടര്‍ഫ്രണ്ടിന് സമീപവും വെസ്റ്റ് ബേക്ക് സമീപം ഭീമന് സ്ക്രീനുകളില്‍ 64 ഗെയിമുകള്‍ കാണാന്‍ ആരാധകര്‍ക്ക് ഔദ്യോഗിക വ്യൂവിംഗ് ഏരിയ ഒരുക്കും. തങ്ങളുടെ ലെജന്‍ഡ്സ് പ്രോഗ്രാമിന്റെ ഭാഗമായ മുന്‍ ലോകകപ്പ് താരങ്ങള്‍ പങ്കെടുക്കുന്ന വേദിയില്‍ സോക്കര്‍ ഗെയിമുകള്‍ നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഫിഫ അറിയിച്ചു.
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ ലോകകപ്പില്‍ 1 ദശലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റില്‍ ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലും ഔദ്യോഗിക ഫാന്‍ ഫെസ്റ്റിവലുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഫിഫ അറിയിച്ചു. ദോഹ വേദിയില്‍ സംഗീത പരിപാടികളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പ് മുതല്‍, ആതിഥേയ രാജ്യങ്ങളിലെ പ്രാദേശിക സംഘാടകര്‍ക്കൊപ്പം ഫിഫ ഫാന്‍ സോണ്‍ വ്യൂവിംഗ് ഏരിയകള്‍ ഒരുക്കിയിട്ടുണ്ട്.