ന്യൂഡൽഹി: ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് മാറ്റിവച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പ് മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിച്ചത്. നവംബര്‍ 2 മുതല്‍ 21 വരെ ഇന്ത്യയിലെ വിവിധ വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പൊതുജനാരോഗ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഫിഫ അധികൃതർ വ്യക്തമാക്കി. പങ്കെടുക്കുന്ന ടീമുകൾ, ആതിഥേയ നഗരങ്ങൾ, സ്റ്റാഫ്, സന്ദർശിക്കുന്ന ആരാധകർ, എല്ലാവരുടെയും സുരക്ഷ പ്രധാനമാണ്. ഫിഫ കോണ്‍ഫെഡറേഷന്‍ ഗ്രൂപ്പാണ് അടിയന്തര പ്രാധാന്യത്തോടെ ടൂര്‍ണമെന്റ് മാറ്റിവയ്ക്കാനുള്ള തീരുമാനമെടുത്തത്.

Also Read: വിഖ്യാതമാക്കിയത് ധോണി; ‘ചീക്കൂ’ എന്ന ചെല്ലപ്പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി കോഹ്‌ലി

ഇന്ത്യയിലെ കോവിഡ്-19ന്റെ വ്യാപനം ഫിഫ നിരീക്ഷിച്ചുവരികയായിരുന്നു. ലോകകപ്പ് നടത്താനുള്ള സാധ്യതകളും പ്രാദേശിക സംഘാടകരോട് തേടിയ ശേഷമാണ് ഫിഫയുടെ തീരുമാനം. ലോകകപ്പിന് ഇനിയും സമയമുണ്ടെങ്കിലും യോഗ്യത മത്സരങ്ങൾ പൂർത്തിയാകാത്തതാണ് പ്രധാന വെല്ലുവിളി.

ഇന്ത്യയിലെ ടൂര്‍ണമെന്റിന് ഇനിയും അഞ്ചു മാസങ്ങളുണ്ടെങ്കിലും ചില യോഗ്യതാ മത്സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ ഇതുവരെ മൂന്ന് ടീമുകള്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും ഉത്തര കൊറിയയും ജപ്പാനുമാണത്.

Also Read: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന ചെയ്ത് നെയ്മറും

അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത് രാജ്യത്തെ അഞ്ച് സ്റ്റേഡിയങ്ങളാണ്. ഭുവനേശ്വർ, കൊൽക്കത്ത, അഹമ്മദാബാദ്, ഗുവാഹത്തി, നവി മുംബൈ. നേരത്തെ കൊച്ചിയെയും ഒരു വേദിയായി പരിഗണിച്ചിരുന്നു.

അണ്ടര്‍ 17 ലോകകപ്പിനൊപ്പം അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്. പനാമയിലും കോസ്റ്ററിക്കയിലുമായി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ തീയതികള്‍ തീരുമാനിച്ചിട്ടില്ല. കൊറോണ പൂര്‍ണമായും നിയന്ത്രണവിധേയമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook