scorecardresearch

ഇന്ത്യന്‍ ഫുട്‌ബോളിനെ നിരോധിച്ച ഫിഫ നടപടി നിര്‍ഭാഗ്യകരം; ഇതൊരവസരമായി കാണണമെന്ന് ബെച്ചുങ് ബൂട്ടിയ

85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കുന്നത്

ഇന്ത്യന്‍ ഫുട്‌ബോളിനെ നിരോധിച്ച ഫിഫ നടപടി നിര്‍ഭാഗ്യകരം; ഇതൊരവസരമായി കാണണമെന്ന് ബെച്ചുങ് ബൂട്ടിയ

ഒക്ടോബര്‍ 11 മുതല്‍ 30 വരെ അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കിയത്. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായി ഫിഫ ചൂണ്ടികാണിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ പ്രതികരിച്ചിരിക്കുകയാണ്. ഫിഫ ഇന്ത്യന്‍ ഫുട്‌ബോളിനെ നിരോധിച്ചത് വളരെ നിര്‍ഭാഗ്യകരമാണ്,ഫിഫയുടേത് വളരെ കടുത്ത തീരുമാനമായി തോന്നുന്നു ബൂട്ടിയ പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഇപ്പോഴുണ്ടായിരിക്കുന്നത് മികച്ച അവസരമായി കാണണം. ഇന്ത്യന്‍ ഫുട്ബോളിലെ നിലവിലുള്ള ഘടന പൊളിച്ചെഴുതാന്‍ പറ്റിയ അവസരമാണിത്. നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും. ഏവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഈ വിലക്കില്‍ നിന്ന് ഇന്ത്യയ്ക്ക് മോചനം നേടാനാകവെന്നും ബൂട്ടിയ പറഞ്ഞു.

85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കുന്നത്. 2009 മുതല്‍ പ്രസിഡന്റ് സ്ഥാനത്തുള്ള പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഫെഡറേഷനിലെ മൂന്നാംകക്ഷിയുടെ ഇടപെടല്‍ നിയമത്തിനെതിരാണെന്ന് വ്യക്തമാക്കിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഫിഫ-എഎഫ്സി സംഘം ജൂണ്‍ 21 മുതല്‍ 23 വരെ രാജ്യം സന്ദര്‍ശിച്ചിരുന്നു, ജൂലൈ 31 നകം പുതിയ ഭരണഘടന അംഗീകരിക്കാനും സെപ്റ്റംബര്‍ 15 നകം തിരഞ്ഞെടുപ്പ് നടത്താന്‍ കര്‍ശനമായ സമയപരിധിയോടെ സംഘം നിര്‍ദേശിച്ചിരുന്നു.

ഫിഫയുടെ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ ഫുട്ബോളിന് കനത്ത തിരിച്ചടിയാണെന്നും മുന്‍ ഇന്ത്യന്‍ താരം ഷബീര്‍ അലി പറഞ്ഞു. ‘സംഭവിച്ചതെന്തായാലും അത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്, ഇത് ഇന്ത്യന്‍ ഫുട്‌ബോളിന് തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ എത്രയും വേഗം സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇത് ഫിഫയും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എല്‍, ഐലീഗ് ക്ലബുകള്‍ക്ക് എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും ടീമിന് നഷ്ടമാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Fifa move extremely harsh bhaichung bhutia