മലപ്പുറം: ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേരുകളിലൊന്ന് മലപ്പുറത്തിന്റേതാണ്. അത്രമാത്രമാണ് ആ നാടും ഫുട്‌ബോളും തമ്മിലുള്ള ആത്മബന്ധം. കാല്‍പ്പന്തിനെ ജീവവായു പോലെ സ്‌നേഹിക്കുന്നവരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ മറ്റെന്തിനേക്കാളും അവര്‍ക്ക് വലുത് ഫുട്‌ബോളാണ്. അതിപ്പോ സ്വന്തം കല്യാണം ആണെങ്കിലും.

കല്യാണ ദിവസം പരീക്ഷ ഹാളിലേക്ക് ഓടി വരുന്ന വധുവിനെ കുറിച്ചുള്ള ഒരുപാട് വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. ഇവിടെ കല്യാണപ്പന്തലില്‍ നിന്നുമൊരു വരന്‍ ഓടിയെത്തിയത് ഫുട്‌ബോള്‍ മൈതാനത്തേക്കാണ്. ഫിഫ മഞ്ചേരിയുടെ താരം റിദ്വാനാണ് കഥാനായകന്‍.

ഇന്നലെയായിരുന്നു ഫിഫ മഞ്ചേരിയുടെ വിങ് ബാക്കായ റിദ്വാന്റെ വിവാഹം. ഉച്ചയ്ക്ക് കല്യാണം കഴിഞ്ഞു. വൈകിട്ടോടെ റിദ്വാന്‍ സെവന്‍സ് മൈതാനത്തേക്ക് എത്തുകയായിരുന്നു. വണ്ടൂര്‍ സെവന്‍സ് ടൂര്‍ണമെന്റില്‍ തൃശ്ശൂര്‍ ഉഷ എഫ്‌സിക്കെതിരെയായിരുന്നു കളി. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ആയതു കൊണ്ടു തന്നെ തന്റെ സാന്നിധ്യം ടീമിന് വളരെ നിര്‍ണായകമാണ് എന്ന തിരിച്ചറിവാണ് റിദ്വാനെ മൈതാനത്തെത്തിച്ചത്.

മത്സരത്തില്‍ ഫിഫ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിന് ജയിക്കുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയും ഫുട്‌ബോള്‍ പ്രേമികളും റിദ്വാനെ അഭിനന്ദിക്കാനായി ഓടിയെത്തുകയാണ്. നിരവധി പേരാണ് കാല്‍പ്പന്തിനോടും ടീമിനോടുമുളള താരത്തിന്റെ അര്‍പ്പണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ