വായു നിറച്ച ഒരു പന്തിന് ചുറ്റും ലോകം ഉരുളാന്‍ ഇനി നാളുകള്‍ മാത്രം. കൃത്യമായി പറഞ്ഞാല്‍ വെറും 20 ദിവസങ്ങള്‍ മാത്രം. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് ജൂണ്‍ 14 ന് റഷ്യയില്‍ കിക്കോഫ്. പന്തില്‍ നിറച്ചിരിക്കുന്നത് തങ്ങളുടെ ജീവവായു ആണെന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ ഉത്സവകാലമാണ് ഇനി.

ലോകം മുഴുവന്‍ റഷ്യയിലേക്ക് ചുരുങ്ങുമ്പോള്‍ ഇന്ത്യയും വടക്കോട്ട് നോക്കിയിരിപ്പാവും. കളി നടക്കുന്നത് റഷ്യയിലായതിനാല്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞ തവണത്തെ പോലെ അത്ര അധിക നേരം ഉറക്കത്തെ പിടിച്ചു നിര്‍ത്തേണ്ടി വരില്ല. കഴിഞ്ഞ വട്ടം ബ്രസീലിലായതിനാല്‍ കളികാണാനായി രാത്രി രണ്ട് മണിക്കൊക്കെ ഉണര്‍ന്നിരുന്ന ജനതയ്ക്ക് ഇത്തവണ അത് വേണ്ടി വരില്ല.

റഷ്യയും ഇന്ത്യയും തമ്മിലുള്ള ടൈം സോണിലെ വ്യത്യാസം മൂന്ന് മണിക്കൂറിന് അടുത്ത് മാത്രമാണ്. ജൂണ്‍ 14 നടക്കുന്ന ഉദ്ഘാടന മൽസരത്തില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ ആണ് നേരിടുന്നത്. റഷ്യന്‍ സമയം വൈകിട്ട് അഞ്ചരയോടെയും ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയുമാണ് മൽസരം.

ഇന്ത്യന്‍ പ്രാദേശിക സമയം വൈകിട്ട് 5.30, രാത്രി 8.30, 11.30 എന്നീ സമയങ്ങളിലാണ് മിക്ക മൽസരങ്ങളും നടക്കുന്നത്. ചില മൽസരങ്ങള്‍ രാത്രി ഏഴരയ്ക്കും പുലര്‍ച്ചെ പന്ത്രണ്ട് മണിയ്ക്കുമുണ്ട്. എന്തായാലും ഇത്തവണ വല്യ ബുദ്ധിമുട്ടില്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് കളി കാണാം എന്നുറപ്പ്. സോണി ടെലിവിഷനാണ് ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷകര്‍. സോണി ടെന്‍ 2, സോണി ടെന്‍ 3 എന്നീ ചാനലുകളിലാണ് കളികള്‍ സംപ്രേക്ഷണം ചെയ്യുന്നത്.

ജൂലൈ 15 ന് രാത്രി 8.30നാണ് ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്നത്. യൂറോപ്പില്‍ നിന്നും 14 ടീമുകളും ദക്ഷിണ അമേരിക്കയില്‍ നിന്നും അഞ്ചും ഏഷ്യയില്‍ നിന്നും അഞ്ചും രണ്ടെണ്ണം ഉത്തര അമേരിക്കയില്‍ നിന്നുമാണ് ലോകകപ്പിനെത്തുന്ന ടീമുകള്‍. 2006 ന് ശേഷം യൂറോപ്പില്‍ നടക്കുന്ന ആദ്യ ലോകകപ്പുമാകും റഷ്യന്‍ ലോകകപ്പ്.

അതേസമയം, ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ലിവ് ഇറ്റ് അപ്പിന്റെ’ ഓഡിയോ റിലീസ് ചെയ്തു. പ്രശസ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്, നിക്കി ജാം, ഇറ ഇസ്‌ത്രെഫി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ വൈകാതെ തന്നെ പുറത്ത് വിടുന്നതായിരിക്കും. കൂടാതെ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വില്‍ സ്മിത്തും സംഘവും ചേര്‍ന്ന് ഗാനം ആലപിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ