അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതലയ്ക്കായി രൂപീകരിച്ച മൂന്നംഗ സമിതിയെ സുപ്രീംകോടതി പിരിച്ച് വിട്ടു. ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധറിന് കോടതി നിർദേശം നല്കി. താത്കാലിക ഭരണസമിതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി പറഞ്ഞു. താത്കാലിക ഭരണസമിതി ബാഹ്യഇടപെടലായി കണ്ടാണ് ഫിഫ ഇന്ത്യക്ക് സസ്പെന്ഷന് ഏര്‍പ്പെടുത്തിയത്.
‘എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങള്‍ ആക്ടിംഗ് സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള എഐഎഫ്എഫ് ഭരണസമിതി മാത്രം നോക്കും.’ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വാക്കാലുള്ള ഉത്തരവില്‍ പറഞ്ഞു.
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്ത് 28 നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കൂടാതെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന 36 അംഗങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ് വോട്ടര്‍മാരുടെ പട്ടികയില്‍ ഉണ്ടാവുകയെന്നും കോടതി പറഞ്ഞു.
എഐഎഫ്എഫ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുനന്ദോ ധറിന് ആഗസ്റ്റ് 15ന് അയച്ച കത്തില്‍ എഐഎഫ്എഫ് ഭരണം താത്കാലിക ഭരണസമിതിയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിച്ചാല്‍ മാത്രമെ വിലക്ക് പിന്‍വലിക്കൂവെന്ന് വ്യക്തമാക്കിയിരുന്നു. എഐഎഫ്എഫ് ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ്ണ ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. താത്കാലിക ഭരണസമിതിയുടെ പ്രവര്‍ത്തനം അടിയന്തിരമായി അവസാനിപ്പിച്ച് ആക്ടിങ് സെക്രട്ടറി ജനറലിന് ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.