ദോഹ: രക്ഷകനായി എത്തിയ ഫിർമിഞ്ഞോയുടെ ഗോളിൽ യൂറോപ്യൻ ചാംപ്യന്മാരായ ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ കടന്നു. രണ്ടാം സെമിയിൽ കോൺകാഫ് ചാംപ്യൻസ് ലീഗ് കിരീട ജേതാക്കളായ മെക്സിക്കൻ ക്ലബ്ബ് മൊണ്ടെറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമങ്കോയാണ് ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ.
റോബർട്ടോ ഫിർമിഞ്ഞോ, സാഡിയോ മാനെ, ട്രെന്ര് അലക്സാണ്ടർ എന്നിവരെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു ലിവർപൂൾ മത്സരം ആരംഭിച്ചത്. അസുഃഖം പിടികൂടിയ സൂപ്പർ താരം വിർജിൽ വാൻഡൈക്കും ടീമിന് പുറത്തായിരുന്നു. എന്നാൽ അവസാന വിജയവും ചിരിയും ലിവർപൂളിന് മാത്രം സ്വന്തമായി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫിർമിഞ്ഞോ നേടിയ ഗോളാണ് ചെമ്പടയ്ക്ക് ജയം ഉറപ്പാക്കിയത്.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ നബി കെയ്ത്തയുടെ ഗോളിൽ ലിവർപൂൾ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ മൂന്ന് മിനിറ്റുകൾ മാത്രമേ ആ ആഘോഷം നീണ്ട് നിന്നുള്ളു. 14-ാം മിനിറ്റിിൽ റൊജേലിയോയുടെ ഗോളിൽ മെക്സിക്കൻ ക്ലബ്ബ് ഒപ്പമെത്തി. പിന്നീട് ലീഡ് എടുക്കാനുള്ള രണ്ടു ടീമുകളുടെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ അവസാനം വരെ ലിവർപൂളിനെ സമനിലയിൽ പിടിച്ചുകെട്ടാൻ മോണ്ടെറിക്കായി. എന്നാൽ പകരക്കാരനായി എത്തിയ ഫിർമിഞ്ഞോ അധിക സമയത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ എതിരാളികളുടെ വല കുലുക്കി.
സൗദി ക്ലബ്ബ് അൽ ഹിലാലിയെ തോൽപ്പിച്ചാണ് ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമങ്കോ ഫൈനലിലെത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നു ഗോൾ മടക്കിയാണ് ഫ്ലെമങ്കോ ജയം സ്വന്തമാക്കിയത്.