അബുദാബി: ഫിഫ ക്ലബ് ഫുട്ബോൾ ലോകപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. യൂറോപ്യൻ ചാമ്പ്യൻമാരായ റയൽമാഡ്രിഡും കോൺകോഫ് ജേതാക്കളായ ഗ്രെമിയോയും തമ്മിലാണ് കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. തുടർച്ചയായി രണ്ടാം തവണ ലോക ക്ലബ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ ക്ലബ് എന്ന നേട്ടത്തിന് അരികിലാണ് റയൽ മാഡ്രിഡ്. 2016 ൽ റയൽ മാഡ്രിഡ് തന്നെയാണ് കപ്പ് ഉയർത്തിയത്.

സെമിയില്‍ അല്‍ ജസീറയെ 2-1ന് തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മെക്‌സിക്കന്‍ ക്ലബ്ബായ സിഎഫ് പചുക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുടെ ഫൈനല്‍ പ്രവേശനം. അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരത്തിലും വിജയം സ്വന്തമാക്കിയാണ് റയലിന്റെ വരവ്. ഗ്രമിയോയും അവസാനം കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്ന് മല്‍സരവും വിജയിച്ചിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരത് ബെയ്ൽ എന്നീ സൂപ്പർ താരങ്ങളുടെ മികവിലാണ് റയൽ ഫൈനലിലേക്ക് എത്തിയത്. സ്പാനിഷ് ലീഗിൽ ഫോമിലേക്ക് തിരിച്ചെത്തിയ റയലിന് തന്നെയാണ് കിരീടപ്പോരാട്ടത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. മത്സരം രാത്രി 10.30ന് നിയോ സ്പോർട്സിൽ തൽസമയം കാണാനാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook