നടപ്പു വർഷത്തിലെ മികച്ച ഫുട്ബോൾ താരമാരെന്ന് കണ്ടെത്തുന്നതിനുളള അന്തിമപട്ടിക ഫിഫ പുറത്തുവിട്ടു. ക്രിസ്റ്റ്യാനോ റൊണാൾഡൊയും ലയണൽ മെസ്സിയും ഇടംപിടിച്ച പട്ടികയിൽ പക്ഷെ ബ്രസീലിയൻ താരം നെയ്മറില്ല. എന്നാൽ ഫ്രാൻസിന്റെ കിലിയൻ എംബാപെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷവും ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുളള അവാർഡ് നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡൊയാണ്. റയലിന്റെ ചാംപ്യൻസ് ലീഗ് കിരീട നേട്ടം താരത്തിന് ഇക്കുറിയും പ്രതീക്ഷയാണ്. അതേസമയം ബാഴ്സയെ ലാലിഗ, കോപ ഡെൽ റേ വിജയങ്ങളിലേക്ക് നയിച്ച മെസ്സിയും ഒട്ടും പിന്നിലല്ല.
കഴിഞ്ഞ വർഷം ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന നെയ്മറിന് ഇത്തവണ പട്ടികയിൽ ഇടംപിടിക്കാനാകാത്തത് ശ്രദ്ധേയമായി. പരിക്കിനെ തുടർന്ന് പുറത്തിരിക്കേണ്ടി വന്നതും ബ്രസീൽ ക്വാർട്ടറിൽ ലോകകപ്പിൽ നിന്ന് പുറത്തായതും താരത്തിന് തിരിച്ചടിയായി.
ഫ്രാൻസിന്റെ മുന്നേറ്റ താരങ്ങളായ അന്റോണിയോ ഗ്രീസ്മെൻ, കിലിയൻ എംബാപെ എന്നിവർ പട്ടികയിലുണ്ട്. അത്ലറ്റികോ മാഡ്രിഡിനെ യൂറോപ്പ ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ചതും ഫ്രാൻസിന്റെ ലോകകപ്പ് വിജയവും താരത്തിന് മേൽക്കൈ നൽകുന്നു. ലോകകപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ക്രൊയേഷ്യയെ എത്തിക്കുകയും ഗോൾഡൻ ബോൾ നേടുകയും ചെയ്ത ലൂക്ക മോഡ്രിച്ച് പട്ടികയിൽ മറ്റ് താരങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തും.