ന്യൂഡല്‍ഹി: യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ കായിക മേഖലയിലും റഷ്യക്ക് തിരിച്ചടി. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നതായി ഫിഫ അറിയിച്ചു. ലോകകപ്പ് യോഗ്യത റൗണ്ടില്‍ മത്സരിക്കാനും റഷ്യക്ക് സാധിക്കില്ല.
ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയ്ക്ക് പുറമെ യുറോപ്യന്‍ ഫുട്ബോള്‍ സമിതിയായ യുവേഫയും സമാന നടപടികള്‍ സ്വീകരിച്ചു. റഷ്യയില്‍ നിന്നുള്ള ക്ലബ്ബുകള്‍ക്ക് യുവേഫയുടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്നാഴ്ചയ്ക്ക് ശേഷം റഷ്യക്ക് മത്സരങ്ങളുണ്ട്. സാഹചര്യം ഗുരുതരമായി തുടരുകയാണെങ്കില്‍ റഷ്യക്ക് ലോകകപ്പ് നഷ്ടമായേക്കും. ഫുട്ബോള്‍ എന്നും ഒരുമിച്ച് നിക്കാനുള്ളതാണ്, ആക്രമണം നേരിടുന്ന യുക്രൈന് ഐക്യദാര്‍ഢ്യം, ഫിഫയും യുവേഫയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കായിക മേഖലയില്‍ അന്താരാഷ്ട്ര തലത്തിലും ഇത്തരത്തിലുള്ള ഉപരോധം പതിറ്റാണ്ടുകളായി സംഭവിച്ചിട്ടില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റികളില്‍ (ഐഒസി) നിന്നും റഷ്യന്‍ കായിക താരങ്ങളേയും ഉദ്യോഗസ്ഥരേയും ഒഴിവാക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. ആഗോള കായിക മത്സരങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ഇത് ആവശ്യമാണെന്നായിരുന്നു ഐഒസിയുടെ വിശദീകരണം.
അന്താരാഷ്‌ട്ര വേദികളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് റഷ്യയെ സാമ്പത്തികമായി ബാധിക്കാനിടയുണ്ട്. അതോടൊപ്പം തന്നെ കായിക ലോകത്തെ ശക്തി കേന്ദ്രമായ റഷ്യക്ക് വലിയ തിരിച്ചടിയും സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 24 നാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുള്ളത്. റഷ്യയുമായി മത്സരിക്കില്ലെന്ന് പോളണ്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യുവേഫ യൂറോപ്പ ലീഗില്‍ റഷ്യയുടെ സ്പാര്‍ടാക് മോസ്കോ പുറത്തായി. ജര്‍മന്‍ ക്ലബ്ബായ ലെയ്പ്സിഗുമായായിരുന്നു ടീമിന്റെ അടുത്ത മത്സരം. പ്രസ്തുത സാഹചര്യത്തില്‍ ലെയ്പ്സിഗിന് ക്വാര്‍ട്ടറിലേക്ക് യോഗ്യത നല്‍കിയതായും യുവേഫ അറിയിച്ചു.