ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ – അര്‍ജന്റീന പോരാട്ടം റദ്ദാക്കി ഫിഫ. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഇരുടീമുകളും താല്‍പര്യം അറിയിച്ചതോടെയാണ് ഫിഫ തീരുമാനം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ഭരണസമിതികള്‍ ഫിഫയുമായി കരാറിലെത്തിയ ശേഷമാണിത്.
അതേസമയം മത്സരം കളിക്കാത്തതിന് പിഴയടക്കാന്‍ ഇരു ടീമുകളും സമ്മതിച്ചു, കഴിഞ്ഞ സെപ്റ്റംബറില്‍ യോഗ്യതാ കിക്കോഫിന് തൊട്ടുപിന്നാലെ നാല് അര്‍ജന്റീനന്‍ താരങ്ങള്‍ കോവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിച്ചുവെന്നാരോപിച്ച് ബ്രസീലിയന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ മൈതാനത്ത് എത്തുകയായിരുന്നു. ഇതോടെ അര്‍ജന്റീനന്‍ താരങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു.
മറ്റ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ബ്രസീലും അര്‍ജന്റീനയും ഖത്തറിലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നെങ്കിലും ഇരുടീമുകളും തമ്മിലള്ള മത്സരം ഫിഫ ആഗ്രഹിച്ചിരുന്നു. ഇരുരാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയ പശ്ചാത്തലത്തില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു മത്സരം നടത്തേണ്ടതില്ലെന്നാണ് ബ്രസീല്‍ ഫെഡറേഷന്‍ പറയുന്നത്. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനും സസ്‌പെന്‍ഷന്‍ സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.
എന്നാല്‍ സംഭവത്തില്‍ ഫിഫ തുടക്കത്തില്‍ ഇരു രാജ്യങ്ങളുടെയും ഫുട്‌ബോള്‍ ഭരണസമിതികള്‍ക്ക് പിഴ ചുമത്തുകയും മത്സരം കളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബ്രസീല്‍ കോണ്‍ഫെഡറേഷനും അര്‍ജന്റീന ഫെഡറേഷനും കായികതര്‍ക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മൂന്ന് കക്ഷികളും മത്സരം റദ്ദാക്കാനുള്ള കരാറിന് സമ്മതിച്ചു. ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ബ്രസീല്‍. മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന.
നേരത്തെ ജൂണില്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഓസ്‌ട്രേലിയയില്‍ ഏറ്റുമുട്ടേണ്ടിയിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താന്‍ കഴിയില്ലെന്ന് അര്‍ജന്റീന ടീം സംഘാടകരെ അറിയിച്ചതിനെത്തുടര്‍ന്നാണ് അവസാന നിമിഷമാണ് മത്സരം റദ്ദാക്കിയത്.മത്സരത്തിന്റെ 60,000-ലേറെ ടിക്കറ്റുകള്‍ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.