വന്‍ വീഴ്‌ചകളുടേയും അട്ടിമറികളുടേയും ചരിത്രം കൂടിയാണ് ഓരോ ലോകകപ്പിനും പറയാനുള്ളത്. വന്‍മരങ്ങള്‍ കടപുഴകുന്ന കാറ്റിലും ഉലയാതെ തലപൊക്കി നില്‍ക്കുന്ന ചെറു ടീമുകള്‍ കൂടിയാണ് ഓരോ ലോകകപ്പിനേയും അടയാളപ്പെടുത്തുന്നത്. അതില്‍ ചിലര്‍ ജേതാക്കളാകാന്‍ കെല്‍പ്പുള്ളവരാണ് എങ്കില്‍ മറ്റ് ചിലര്‍ എതിരാളികളെ അടിമുടി വിറപ്പിച്ച ശേഷം തലയുയര്‍ത്തി തന്നെ മടങ്ങിയവരാണ്.

റഷ്യയില്‍  നടക്കുന്ന ലോകകപ്പ് മൽസരങ്ങള്‍ക്ക് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ ലോകകപ്പില്‍ കറുത്ത കുതിരകള്‍ ആവാന്‍ സാധ്യതയുള്ളത് ആരൊക്കെ എന്ന് പരിശോധിക്കുകയാണ് ഇവിടെ :

ഈജിപ്‌ത്

ആതിഥേയരായ റഷ്യയും ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയും ഉറുഗ്വേയും അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ആഫ്രിക്കന്‍ ശക്തികളായ ഈജിപ്‌ത് ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പില്‍ ഉറുഗ്വേ ഒഴികെയുള്ള രണ്ട് ടീമുകളെയും പരാജയപ്പെടുത്തുക ഈജിപ്‌തിന് എളുപ്പമാകും. ഹെക്റ്റര്‍ ക്യൂപ്പര്‍ എന്ന തന്ത്രജ്ഞന്റെ പരിശീലനത്തിന് കീഴില്‍ അണിനിരക്കുന്ന ഈജിപ്‌തിന്റെ അക്രമങ്ങള്‍ക്ക് കുന്തമുനയാകുക ആരാധകര്‍ ഈജിപ്ഷ്യന്‍ രാജാവ് എന്ന് വാഴ്ത്തുന്ന മുഹമ്മദ്‌ സലാഹ് തന്നെയാകും. 94-ാം മിനിറ്റില്‍ സലാഹ് കണ്ടെത്തിയ ഫ്രീ കിക്കിന്റെ മികവിലാണ് ഈജിപ്‌ത് മൂന്നാം തവണ ലോകകപ്പിനെത്തുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ്‌സ്കോററില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ചാകും ലോക റാങ്കിങ്ങില്‍ 46-ാം സ്ഥാനക്കാരായ ഈജിപ്‌ത് റഷ്യയിലിറങ്ങുക. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ താരമായ നാല്‍പത്തിയഞ്ചുകാരന്‍ എസ്സാം എല്‍ ഹഡാരിയാകും ഈജിപ്‌തിന്റെ ഗോള്‍കീപ്പര്‍. ആഴ്സണല്‍ താരം മൊഹമ്മദ്‌ എല്‍നേ, ആസ്റ്റോണ്‍ വില്ല താരം അഹാദ് എല്‍മൊഹമദി, വെസ്റ്റ്‌ ബ്രോംവിച്ചിന്റെ അഹമദ് ഹെഗാസി എന്നിവര്‍ മാത്രമാണ് എടുത്ത് പറയേണ്ട താരങ്ങള്‍.

ജേതാക്കള്‍ ആയില്ലെങ്കിലും ക്വാട്ടര്‍ ഫൈനല്‍ വരെ എത്താന്‍ ഏറെ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഈജിപ്‌ത്.   2002ലെ സെനഗലിന്‍റെ പോരാട്ടം മുന്‍നിര്‍ത്തി ഒന്ന് ഉറപ്പിച്ച് പറയാം, ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ കരുത്ത് കുറച്ചുകാണരുത്. സലാഹിനെ പോലെ പ്രതിഭാധനനായ ഒരു താരത്തെ മുന്‍നിര്‍ത്തി കപ്പുയര്‍ത്താനുള്ള കരുത്തുണ്ട് അവര്‍ക്ക്.  ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റ പരുക്ക് ഭേദമായി മടങ്ങിവരുന്ന ഈജിപ്ഷ്യന്‍ രാജാവിലാണ് ഫുട്ബോള്‍ ആരാധകരുടെ കണ്ണുകള്‍.  അട്ടിമറികള്‍ക്കും വന്‍വീഴ്‌ചകള്‍ക്കുമായി കാത്തിരിക്കാം.

പോര്‍ച്ചുഗല്‍

യൂറോപ്യന്‍ ചാമ്പ്യന്മാരായി റഷ്യയിലേക്കെത്തുന്ന പറങ്കിപ്പടയ്ക്ക് ഈ ലോകകപ്പ് ജയിച്ചേ പറ്റൂ. ലോക ഫുട്ബോളിലെ എക്കാലത്തേയും ഏറ്റവും മികച്ച താരങ്ങളിലൊരാളായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന നായകന്‍റെ ചുമലിലേറി തന്നെയാകും പോര്‍ച്ചുഗലിന്റെ ലോകകപ്പ് പോരാട്ടം.

മുന്‍ റയല്‍ താരം പെപെ, ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെ റഫായേല്‍ ഗ്വരാരെയോ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാര്‍ഡോ സില്‍വ, ലെയ്സിസ്റ്റര്‍ സിറ്റിയുടെ ആഡ്രിയാന്‍ സില്‍വ, എസി മിലാന്റെ ആന്ദ്രെ സില്‍വ, റികാര്‍ഡോ ക്വരിസ്മ തുടങ്ങി ലോക ഫുട്ബോളില്‍ പേര് കേള്‍പ്പിച്ച ഒരുനിര താരങ്ങളുമായാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനിറങ്ങുക.

പ്ലേമേക്കര്‍ ബെര്‍ണാണ്ടോ സില്‍വയുടെയും നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മികവില്‍ കപ്പ് നേടാം എന്ന് പ്രതീക്ഷിക്കുമ്പോഴും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസിന് കീഴിലുള്ള ടീമിനെ അലട്ടുക പ്രതിരോധനിരയാകും. മുപ്പതിന് മുകളില്‍ പ്രായമുള്ള സെന്‍റര്‍ ബാക്കുകളാണ് പോര്‍ച്ചുഗലിന് വിനയാകുക. ശക്തരായ സ്‌പെയിനും മൊറോക്കോയും ഇറാനും അടങ്ങിയ ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍.

പോരായ്മകള്‍ എന്തൊക്കെയായാലും ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ പോര്‍ച്ചുഗലിനെ എഴുതിതള്ളാനാകില്ല. നായകന്‍ സിആര്‍ 7നെ സംബന്ധിച്ച് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് റഷ്യയിലേത് എന്നത് പറങ്കികളെ കൂടുതല്‍ അപകടകാരികളാക്കുന്നു.

കൊളംബിയ

പോളണ്ട്, സെനഗല്‍, ജപ്പാന്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് എച്ചിലാണ് കൊളംബിയ. ആറാം തവണ ലോകകപ്പിനിറങ്ങുന്ന ലാറ്റിന്‍ അമേരിക്കന്‍ ശക്തിക്ക് കഴിഞ്ഞ ലോകകപ്പിനെക്കാള്‍ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. 2014ല്‍ ബ്രസീലില്‍ സുവര്‍ണ ബൂട്ട് നേടിയ ഹേമസ് റോഡ്രിഗസ്, നായകന്‍ റാഡാമേല്‍ ഫാല്‍കാവോ, യുവന്‍റസിന്റെ ഹുവാന്‍ കുഡ്രാരോ, എസി മിലാന്റെ ക്രിസ്ത്യന്‍ സപാറ്റ, റിവര്‍ പ്ലേറ്റിന്റെ കാര്‍ലോസ് ബക്ക, ആഴ്സണല്‍ ഗോള്‍കീപ്പര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകളാണ് കൊളംബിയന്‍ സ്ക്വാഡിലുള്ളത്.

അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാതിനിധ്യം നല്‍കുന്ന ഒരു ടീമുമായാണ് പരിശീലകന്‍ ഹോസെ പക്കെര്‍മാന്‍ റഷ്യയിലെത്തുന്നത്. റയലില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന സൂപ്പര്‍ മധ്യനിര താരം ഹേമസ് റോഡ്രിഗസ് തന്നെയാകും കൊളംബിയയുടെ മുന്നേറ്റനിരയ്ക്ക് കരുത്തേകുക. കൊളംബിയയ്ക്ക് വേണ്ടി എക്കാലത്തേയും ടോപ്‌ സ്കോററായ റാഡമേല്‍ ഫാല്‍കാവോയുടെയും അനുഭവസമ്പത്ത് കൊളംബിയന്‍ അക്രമത്തിന് മുതല്‍ക്കൂട്ടാകും.

അത്ഭുതമൊന്നും സംഭവിച്ചില്ല എങ്കില്‍ കൊളംബിയ അനായാസമായാകും ആദ്യ റൗണ്ട് കടക്കുക. നോക്ക് ഔട്ട്‌ മൽസരത്തില്‍ പതിവ് അക്രമശൈലി പുറത്തെടുക്കുകയാണ് എങ്കില്‍ കൊളംബിയയ്ക്ക് അനായാസം സെമിയിലെത്താന്‍ സാധിച്ചേക്കും. കഴിഞ്ഞ തവണത്തേത്തില്‍ നിന്നും സ്ഥിതി മെച്ചപ്പെടുത്തി കപ്പ്‌ നേടുക എന്ന് തന്നെയാകും കൊളംബിയയുടെ ലക്ഷ്യം.

ക്രൊയേഷ്യ

കരുത്തരായ അര്‍ജന്റീന, ഐസ്‌ലാന്‍ഡ്‌, നൈജീരിയ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ക്രെയേഷ്യയും ഇടംപിടിച്ചിരിക്കുന്നത്. 1998 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ എത്തിയിട്ടുള്ള ക്രെയേഷ്യയുടെ അഞ്ചാം ലോകകപ്പ് മൽസരമാണിത്. റയല്‍ മാഡ്രിഡ് സൂപ്പര്‍സ്റ്റാര്‍ ലൂക മോര്‍ഡിക്കിന്റെ നായകത്വത്തില്‍ പോരിനിറങ്ങുന്ന ക്രെയേഷ്യന്‍ ഫുട്ബോളിന് ഇത് സുവര്‍ണ കാലമാണ്.

റയലിലെ തന്നെ മധ്യനിരതാരം മറ്റിയോ കൊവാചിച്ച്, ബാഴ്‌സലോണയുടെ ഇവാന്‍ റാകിറ്റിച്ച്, യുവന്‍റസിന്റെ മരിയോ മണ്ടുകിച്ച്, ലിവര്‍പൂളിന്റെ പ്രതിരോധ താരം ലോവ്‌റന്‍, ഗോള്‍കീപ്പര്‍ ഡാനിയേല്‍ സുബാശിക് എന്നിവരടങ്ങുന്ന മികച്ചൊരു നിര താരങ്ങള്‍ തന്നെയാണ് റഷ്യയില്‍ ക്രെയേഷ്യക്ക് വേണ്ടി ബൂട്ടണിയുക.

ലോവ്‌റനും മോര്‍ഡികും സുബാശികും റാകിറ്റിച്ചും അടങ്ങുന്ന അനുഭവസ്ഥര്‍ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമായേക്കാം ഇത്. ഗോളടിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത പെരിസിക്കിനെയും ക്രാമരിക്കിനെയും പോലുള്ള മുന്നേറ്റനിര താരങ്ങള്‍ കൂടി അടങ്ങുമ്പോള്‍ അനുഭവ സമ്പത്തിന്റെയും കളിമികവിന്റെയും മികച്ചൊരു മിശ്രണമാണ് ക്രെയേഷ്യന്‍ സ്ക്വാഡ്.

ഫിഫ റാങ്കിങ്ങില്‍ പതിനെട്ടാം സ്ഥാനക്കാരായ ഈ ബാല്‍കണ്‍ രാജ്യം പരിശീലകന്‍ സ്ലാറ്റ്കോ ഡാലികിന്റെ തന്ത്രങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും.

ബെല്‍ജിയം

പനാമ, ടുണീഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പ് ജി യിലാണ് ബെല്‍ജിയം. ബെല്‍ജിയം ഫുട്ബോളിന്റെ സുവര്‍ണ തലമുറ എന്ന് വിശേഷിപ്പിക്കുന്ന ഒരു നിര താരങ്ങളുമായാണ് ചെമ്പട റഷ്യയിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലൂടെ ശ്രദ്ധേയരായവരാന് ഫിഫ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിന്റെ സ്ക്വാഡിലെ മിക്കവാറും താരങ്ങള്‍. ഒരു ഫുട്ബോളിങ് രാജ്യമായിട്ടും 1986ല്‍ നേടിയ നാലാം സ്ഥാനമൊഴിച്ച് നിര്‍ത്തിയാല്‍ ലോകകപ്പില്‍ എണ്ണിപ്പറയാനുള്ള നേട്ടങ്ങള്‍ ഇല്ല എന്ന ശാപത്തെയാണ് ബെല്‍ജിയത്തിന് മറക്കേണ്ടത്.

ചെല്‍സിയുടെ തിബൗട്ട് കര്‍ട്ടോയിസ് ആകും ബെല്‍ജിയത്തിന്റെ വലകാക്കുക. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിൻസന്റ് കമ്പനി, ബാഴ്‌സലോണയുടെ തോമസ്‌ വെര്‍മാലെന്‍, ടോട്ടന്‍ഹാമിന്റെ യാന്‍ വെര്‍ട്ടോന്‍ഘെന്‍, പിഎസ്ജിയുടെ തോമസ്‌ മ്യൂനര്‍ എന്നിവരടങ്ങിയ അനുഭവസമ്പന്നരാകും ബെല്‍ജിയത്തിന്റെ പ്രതിരോധനിരയില്‍.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രുയ്ന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫെല്ലിനി, മാഞ്ചസ്റ്റര്‍, ചൈനീസ് സൂപ്പര്‍ ലീഗ് താരം ആക്സല്‍ വിറ്റ്‌സെല്‍, യാനിക് കരാസോ എന്നിവര്‍ മധ്യനിരയിലും കളി മെനയും.

നായകന്‍ ഈഡന്‍ ഹസാര്‍ഡ് അറ്റാക്കിങ് മിഡ്ഫീല്‍ഡ്, ഫാള്‍സ് 9 പൊസീഷനില്‍ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുമ്പോള്‍. അനുഭവസമ്പന്നനായ ഡ്രയസ് മെര്‍ട്ടെന്‍സിന് പുറമേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റൊമേലു ലുകാകുവും ബൊറൂഷ്യാ ഡോര്‍ട്ട്മുണ്ടിന് വേണ്ടി ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന ചെല്‍സി താരം മിച്ചി ബാത്ഷുവായിയും അടങ്ങുന്ന മുന്നേറ്റനിരയും ഏത് കൊമ്പന്മാരെയും വീഴ്ത്താവുന്ന കരുത്തുള്ളവര്‍.

പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴില്‍ ഒരു മൽസരം പോലും പരാജയപ്പെടാതെ റഷ്യയിലേക്ക് എത്തു ബെല്‍ജിയമാണ് റഷ്യയിലെ കറുത്ത കുതിരകളാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന രാജ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook