ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ താരങ്ങൾ കളം നിറഞ്ഞ മത്സരമായിരുന്നു ഹൈദരാബാദിലേത്. എന്നാൽ മത്സരത്തിനിടയിൽ താരങ്ങളോട് മാപ്പ് പറയുന്ന ഫീൾഡ് അമ്പയർ ഇയാൻ ഗൗൾഡിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വിൻഡീസിന്റെ എൽബിഡബ്ല്യു അപ്പീൽ നിരസിച്ചതിനാണ് അമ്പയർ വിൻഡീസ് താരങ്ങളോട് മാപ്പ് പറഞ്ഞത്. കളിയുടെ മൂന്നാം ദിനമായ ഇന്നലെ വിൻഡീസ് ഉയർത്തിയ 72 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് സംഭവം.

വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ എറിഞ്ഞ അഞ്ചാം ഓവറിലെ ആദ്യ പന്ത് ബൗൺസറെന്ന് കരുതി ഷാ ഒഴിഞ്ഞുമാറി. എന്നാൽ താഴ്‌ന്ന് വന്ന പന്ത് ഷായുടെ ദേഹത്ത് തട്ടി. ഉടൻ തന്നെ വിൻഡീസ് താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ നിരസിച്ചു.

അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാനുള്ള ഹോൾഡറിന് പിഴച്ചില്ല. ഷാ ശരിക്കും പുറത്തായിരുന്നു. എന്നാൽ അമ്പയേഴ്സ് കോൾ വിളിച്ചതോടെ വിൻഡീസിന് തിരിച്ചടിയായി. അർഹിച്ച വിക്കറ്റ് അവർക്ക് നഷ്ടമാവുകയും, ഷാ ക്രീസിൽ തുടരുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഹോൾഡറോട് അമ്പയർ മാപ്പ് ചോദിച്ചത്. ഗൗൾഡ് മാപ്പ് ചോദിച്ചതോടെ ഹോൾഡറും ചിരിച്ചുകൊണ്ട് ബോളിങ് എൻഡിലേക്ക് നടന്നു. പൃഥ്വി ഷാ തന്നെയാണ് ബൗണ്ടറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ