ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളായ വീരേന്ദർ സെവാഗിന് ആദരവുമായി ദില്ലി ക്രിക്കറ്റ് അസോസിയേഷൻ. പ്രശസ്തമൈതാനമായ ഫിറോഷാ കോട്‌ലയിലെ പ്രധാന ഗെയിറ്റിന് വീരേന്ദർ സെവാഗിന്റെ പേര് നൽകാനാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് സെവാഗ് നൽകിയ മഹത്തരമായ സംഭവാനകൾക്ക് ആദരമായാണ് ഈക്കാര്യം ചെയ്യുന്നതെന്ന് അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി.
ഫിറോഷാ കോട്‌ല സ്റ്റേഡിയത്തിന്റെ രണ്ടാം ഗെയിറ്റാണ് ഇനി വീരേന്ദർ സെവാഗ് ഗെയ്റ്റ് എന്ന് അറിയപ്പെടാൻ പോകുന്നത്. നവംമ്പർ 1 ന് നടക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി-20 മത്സര ദിവസം വിരേന്ദർ സെവാഗ് ഗെയിറ്റ് ഉദ്ഘാടനം ചെയ്യും. ദില്ലി ക്രിക്കറ്റ് അസോസിയേഷന് മഹത്തരമായ സംഭാവനകൾ നൽകിയ താരങ്ങളയെല്ലാം ഇതുപോലെ ആദരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രഞ്ജി ട്രോഫിയിൽ ഡെൽഹിക്കായാണ് വിരേന്ദർ സെവാഗ് കളിച്ചിട്ടുള്ളത്. ഡൽഹിക്കായി നടത്തിയ പ്രകടനങ്ങളാണ് സെവാഗിന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. 1999 ലാണ് സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 251 ഏകദിനങ്ങളും, 104 ടെസ്റ്റുകളിലും വീരു കളിച്ചിട്ടുണ്ട്.