രണ്ട് മാസത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 ഐക്ക് മുന്നോടിയായുള്ള ആദ്യ പരിശീലന സെഷനുശേഷമാണ് തിരിച്ചെത്തുന്നതിലുള്ള സന്തോഷം ജഡേജ പങ്കുവച്ചത്.
കഴിഞ്ഞ നവംബറിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാൽമുട്ടിന് പരുക്കേറ്റ ജഡേജ ചികിത്സയിലും പിന്നീട് ഫിറ്റ്നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലുമായിരുന്നു. ഇതുകാരണം ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ ഇന്ത്യയുടെ അവസാന രണ്ട് പരമ്പരകളും ജഡേജയ്ക്ക് നഷ്ടമായിരുന്നു.
“ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. ടി20, ടെസ്റ്റ് പരമ്പരകൾ കളിക്കാൻ കാത്തിരിക്കുകയാണ്, എനിക്ക് വളരെ സന്തോഷം തോന്നുന്നു, ഒടുവിൽ രണ്ട് മാസത്തിന് ശേഷം ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോവുകയാണ്,” ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജഡേജ പറഞ്ഞു.
തന്റെ എൻസിഎയിലെ പരിശീലനം ശരിയായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് 33-കാരനായ ജഡേജ പറഞ്ഞു. ബെംഗളൂരുവിൽ ഞാൻ ബൗളിംഗും ബാറ്റിംഗും പരിശീലിച്ചിരുന്നു. അതുകൊണ്ട് ടച്ച് വിട്ടിരുന്നില്ല.” ജഡേജ പറഞ്ഞു.
ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച ലഖ്നൗവിൽ ആരംഭിക്കുന്ന മൂന്ന് ടി20 മത്സരങ്ങളിലും തുടർന്ന് നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലും ജഡേജ കളിക്കും.
Also Read: ‘ഇന്ത്യ മാത്രമല്ല, ലോകത്തിലെ ഏതൊരു ടീമിലും കളിക്കാന്‍ യോഗ്യനാണയാള്‍;’ ഗവാസ്കര്‍
അതേസമയം, പരുക്കേറ്റ ഫാസ്റ്റ് ബൗളർ ദീപക് ചാഹറും മധ്യനിര താരം സൂര്യകുമാർ യാദവും ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്തായി. ചികിത്സയ്ക്കായി ഇരുവരും ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും. വിരാട് കോഹ്ലി, റിഷഭ് പന്ത്, ശാർദുൽ താക്കൂർ എന്നിവർക്ക് ടി20 പരമ്പരയിൽ നിന്ന് ടീം മാനേജ്മെന്റ് നേരത്തെ തന്നെ വിശ്രമം നൽകിയിരുന്നു. ടെസ്റ്റ് പരമ്പരയ്ക്കിടെ കോഹ്ലിയും പന്തും ടീമിനൊപ്പം ചേരും, അതേസമയം ശ്രീലങ്കയ്ക്കെതിരായ മുഴുവൻ പരമ്പരയിൽ നിന്നും ശാർദുലിന് ഇടവേള നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ ടി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), അവേഷ് ഖാൻ.