കോഴിക്കോട്: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പ്രസിദ്ധമായ “മസ്കത്ത് ഹൽവ” പരിചയപ്പെടുത്തിയ ആളുടെ ചെറുമകനാണ് ഒരാൾ. മറ്റെയാൾ, രാജ്യത്തെ ഏറ്റവും തിളക്കമുള്ള ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളെ സംഭാവന ചെയ്ത പാലക്കാട് നിന്നുള്ളയാളും. ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.
എന്നാൽ, ജെസ്വിൻ ആൽഡ്രിനും (21) മുരളി ശ്രീശങ്കറിനും (23) ഞായറാഴ്ച പരസ്പരം ഏറ്റുമുട്ടേണ്ടി വന്നു. അതും ഇന്ത്യൻ മണ്ണിൽ ഇതുവരെ കാണാത്ത ഫലം നൽകിയ ലോങ്ങ് ജംബ് മത്സരത്തിൽ.
അതിന്റെ ഫലം ഇങ്ങനെ, എട്ട് മീറ്ററിലധികമുള്ള ഒമ്പത് ജമ്പുകൾ, മുൻ ദേശീയ റെക്കോർഡിനേ തിരുത്തി കുറിച്ച രണ്ട് ചാട്ടങ്ങൾ, ഈ വർഷാവസാനം യുഎസിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അവസരം, ഒപ്പം ഒരുപാട് നാടകീയതയും.
ടോക്കിയോയിൽ നീരജ് ചോപ്ര നേടിയ സ്വർണം ജാവലിൻ ത്രോയെ ദേശീയ വിനോദമാക്കി മാറ്റി ഉയർത്തിയെങ്കിൽ, ആൽഡ്രിനും ശ്രീശങ്കറും ഇന്ന് ലോങ്ജമ്പിൽ പുതിയ വിപ്ലവം നടത്താൻ തയ്യാറെടുക്കുകയാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പിൽ മത്സരിച്ച ആൽഡ്രിൻ ആറ് ശ്രമങ്ങളിലായി അഞ്ച് തവണ എട്ട് മീറ്ററിൽ അധികം ചാടി, അതിൽ ഒരു തവണ 8.37 മീറ്ററാണ് ചാടിയത്. ആ ചട്ടം ആൽഡ്രിന് സ്വർണം സമ്മാനിച്ചെങ്കിലും കാറ്റിന്റെ സഹായതിനാലായതിനാൽ ദേശീയ റെക്കോർഡ് ആയി കണക്കാക്കിയില്ല.
ശ്രീശങ്കർ തന്റെ മൂന്നാം ശ്രമത്തിലാണ് 8.36 മീറ്റർ ചാടി സ്വന്തം ദേശീയ റെക്കോർഡ് തിരുത്തിയത്. 10 സെന്റീമീറ്ററാണ് ശ്രീശങ്കർ മെച്ചപ്പെടുത്തിയത്. അവസാന ഫലത്തിൽ ആൽഡ്രിന് സ്വർണവും ശ്രീശങ്കർ പുതിയ ദേശീയ റെക്കോർഡും സ്വന്തമാക്കി.
കായികമേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് ആൽഡ്രിൻ വരുന്നത്, “മസ്കത്ത് ഹൽവ” കൊണ്ട് പ്രശസ്തനായ ജോസഫ് എബ്രഹാമിന്റെ ചെറുമകനാണ് ആൽഡ്രിൻ. എന്നാൽ മുൻ ട്രിപ്പിൾ ജംബ് താരമായ മുരളിയുടെ മകനാണ് ശ്രീശങ്കർ. അച്ഛൻ തന്നെയാണ് മകനെ പരിശീലിപ്പിക്കുന്നത്.
“ഞാൻ അവരെ വിളിച്ചിരുന്നു, അവർ വളരെ സന്തോഷത്തിലാണ്. ഞാൻ ജയിക്കുമ്പോഴെല്ലാം അവർ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി മധുരപലഹാരങ്ങൾ വിതരണം ചെയ്യും,” ആൽഡ്രിൻ പറഞ്ഞു.
നേരത്തെ എട്ട് മീറ്ററിലധികം ചാടാൻ സാധിക്കുന്ന ലോങ്ങ് ജംബ് താരങ്ങൾ രാജ്യത്ത് കുറവായിരുന്നു. എന്നാൽ ഇന്ന് ആൽഡ്രിനും ശ്രീശങ്കറും ആ കുറവ് നികത്തുകയാണ്. ഈ വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവയിൽ ഇവർക്ക് തിളങ്ങാൻ ആകുമെന്നാണ് പ്രതീക്ഷ.
ആൽഡ്രിന് 8.01 മീറ്റർ, 8.37 മീറ്റർ, 8.14 മീറ്റർ, 8.26 മീറ്റർ, ഫൗൾ, 8.16 മീറ്റർ എന്ന ക്രമത്തിലാണ് മത്സരം പൂർത്തിയാക്കിയത്, എന്നാൽ ശ്രീശങ്കറിന്റെ മൂന്ന് ചാട്ടം ഫൗളായി,പക്ഷെ 8.16 മീറ്റർ, 8.36 മീറ്റർ, 8.07 മീറ്റർ എന്നിങ്ങനെ സാധുവായ ചാട്ടങ്ങൾ ഒന്നും അത്ര എളുപ്പമായിരുന്നില്ല.
ടോക്കിയോ ഒളിമ്പ്യൻ ശ്രീശങ്കർ തന്റെ ആദ്യ ചാട്ടത്തിൽ തന്നെ 8.16 മീറ്റർ ചാടി. ദേശീയതല മത്സരങ്ങളിൽ മെഡലുറപ്പിക്കാൻ സാധാരണയായി ഇത് മതിയാകുമായിരുന്നു, എന്നാൽ ആൽഡ്രിൻ രണ്ടാം റൗണ്ടിൽ അദ്ദേഹം 8.37 മീറ്റർ ചാടി, ശ്രീശങ്കറിന്റെ മുൻ ദേശീയ റെക്കോർഡായ 8.26 മീറ്ററിനേക്കാൾ മികച്ചയിരുന്നു ഇത്. പക്ഷേ 4.1 മീറ്റർ/സെക്കൻഡ് കാറ്റിന്റെ സഹായവും ചാട്ടത്തിന് ലഭിച്ചിരുന്നു. വേൾഡ് അത്ലറ്റിക്സിന്റെ നിയമം അനുസരിച്ച്, കാറ്റ് രണ്ട് മീറ്ററിൽ കൂടുതൽ ആണെങ്കിൽ ആ ചട്ടം റെക്കോർഡുകൾക്ക് പരിഗണിക്കില്ല.
ആൽഡ്രിന്റെ കുതിപ്പിൽ നിന്ന് ഉത്തേജനം ലഭിച്ച ശ്രീശങ്കർ അടുത്ത റൗണ്ടിൽ 8.36 മീറ്റർ ചാടി തന്റെ കരിയറിലെ ഏറ്റവും മികച്ച റെക്കോർഡ് സൃഷ്ടിച്ചു. അങ്ങനെ ഒരു ദേശീയ റെക്കോർഡും ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കി.
പിന്നീട് ആൽഡ്രിൻ മികച്ച താളം കണ്ടെത്തി, ലോക ചാമ്പ്യൻഷിപ്പിന്റെ യോഗ്യതയ്ക്ക് വേണ്ട 8.22 മീറ്റർ
അദ്ദേഹത്തിന്റെ നാലാമത്തെ ശ്രമത്തിൽ 8.26 മീറ്റർ ചാടി നേടി, ഈ വർഷാവസാനം യുഎസിലെ ഒറിഗോണിലേക്കുള്ള വിമാനത്തിൽ താനും ഉണ്ടാകുമെന്ന് ഉറപ്പാക്കി.
“ഞങ്ങൾ ഇതുപോലെ തുടർന്നാൽ, ഞങ്ങൾ രണ്ടുപേരും പാരീസിലെ വേദിയിലും ഉണ്ടാകും,” ശ്രീശങ്കർ പറഞ്ഞു.
കഴിഞ്ഞ ഒളിമ്പിക്സ് മുതൽ, ഇന്ത്യയുടെ ഏറ്റവും മികച്ച ജമ്പറായിരുന്നു ശ്രീശങ്കർ. എന്നാൽ ഇപ്പോൾ എട്ട് മീറ്റർ ക്ലബിൽ പ്രവേശിച്ച ആൽഡ്രിൻ, ശ്രീശങ്കറിനും അനീസിനും കടുത്ത എതിരാളിയായി ഉയർന്നു കഴിഞ്ഞു.
പേരുകേട്ട മധുരപലഹാര ബിസിനസാണെങ്കിലും അതിൽ ചേരാൻ തന്റെ കുടുംബം ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ലെന്നും ആൽഡ്രിൻ പറയുന്നു. അത്ലറ്റിക്സ് പിന്തുടരാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം അവർ മടിച്ചു. എന്നാൽ ജൂനിയർ തലത്തിൽ തുടർച്ചയായി മെഡലുകൾ നേടിയതോടെ അവർ സമ്മതം നൽകുകയായിരുന്നു.
രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ യോവാൻഡ്രി ബെതാൻസോ ആണ് നിലവിൽ ആൽഡ്രിനെ പരിശീലിപ്പിക്കുന്നത്, യുവതാരം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “ഞാൻ അവന്റെ കൈയുടെ സ്ഥാനം, മുന്നേറ്റം, ആക്കം, വീഴ്ച എന്നിവ കൃത്യമാക്കി. ഞങ്ങൾ വളരെയധികം മെച്ചപ്പെടുന്നു, പക്ഷേ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്,” ക്യൂബക്കാരനായ ബെതാൻസോസ്, ഫൈനലിന്റെ തലേന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നാണ് ആൽഡ്രിൻ വിശ്വസിക്കുന്നത്. “ഇപ്പോൾ മത്സരവും ഉയർന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. ഞാൻ എന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്റെ ചാട്ടം ദേശീയ റെക്കോർഡിലേക്ക് പരിഗണിക്കപ്പെടാത്തതിൽ അൽപ്പം നിരാശയുണ്ട്, പക്ഷേ ഞാൻ വീണ്ടും ശ്രമിക്കും, ”അദ്ദേഹം പറഞ്ഞു.
ആൽഡ്രിൻ തന്റെ അവസാന ചാട്ടത്തിന് തയ്യാറെടുക്കുമ്പോൾ പിന്തുണയുമായി അടുത്ത് ശ്രീശങ്കറും ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ഇരുവരും ഒരുമിച്ചു നിന്ന് ഫൊട്ടോയും എടുത്തിരുന്നു.
8.35 മീറ്ററിൽ കൂടുതൽ ചാടാൻ കഴിയുന്ന രണ്ട് ജമ്പർമാർ നമ്മുക്കുണ്ടെന്നത് ഇന്ത്യൻ ലോങ് ജമ്പിന് നല്ല സൂചനയാണ്. ഞങ്ങൾ കളിക്കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളാണ്, പരസ്പരം പിന്തുണക്കുന്നവരാണ്. ജൂനിയർ കാലഘട്ടം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം, ”ശ്രീശങ്കർ പറഞ്ഞു.
ഇരുവർക്കും മുന്നോട്ടുള്ള പാത ഏറെ കഠിനമാണ്. 1968-ൽ ബോബ് ബീമൻ സ്ഥാപിച്ച 8.90 മീറ്ററാണ് ലോംഗ് ജമ്പിലെ ഒളിമ്പിക് റെക്കോർഡ്, കൂടാതെ ലോക റെക്കോർഡ് ആയ 8.95 മീറ്റർ 1991 മുതൽ മൈക്ക് പവലിന്റെ പേരിലാണ്. രണ്ടും അമേരിക്കക്കാരാണ്.