ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇനിയേസ്റ്റ എന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയമുണ്ടാകില്ല. കഴിഞ്ഞ സീസണോടെ ബാഴ്‌സയോട് യാത്ര പറഞ്ഞ് ജപ്പാനിലേക്ക് കൂടു മാറ്റിയിരിക്കുകയാണ് ഇനിയേസ്റ്റ. തന്റെ കരിയറിന്റെ അവസാന നാളുകളിലേക്ക് കടന്നിരിക്കുന്ന ആന്ദ്രേയ്ക്ക് വിരോചിതമായ യാത്രയയപ്പായിരുന്നു ബാഴ്‌സലോണന്‍ ആരാധകര്‍ സമ്മാനിച്ചത്.

ബാഴ്‌സയില്‍ നിന്നും ജപ്പാനീസ് ക്ലബ് വിസല്‍ കോബെയിലേക്കു ചേക്കേറിയ ഇനിയേസ്റ്റ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പരിക്കേറ്റു പുറത്തായിരിക്കുകയാണ്. പക്ഷെ ഇനിയേസ്റ്റയുടെ പരുക്ക് വെല്ലുവിളിയായിരിക്കുന്നത് വിസല്‍ കോബെയ്ക്കല്ല എന്നതാണ് അതിലെ കൗതുകം. നാളത്തെ മത്സരത്തില്‍ വിസല്‍ കോബെയുടെ എതിരാളികളായ എഫ്‌സി ടോക്കിയോയാണ് ഇനിയേസ്റ്റ ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ വിഷമത്തിലായത്.

അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന എഫ്‌സി ടോക്കിയോയുടെ സ്റ്റേഡിയത്തിലെ സീറ്റുകള്‍ മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് മുഴുവനും വിറ്റഴിഞ്ഞു പോകുന്നത്. ഇനിയേസ്റ്റക്കു പുറമേ മറ്റൊരു ലോകകപ്പ് ജേതാവായ ലൂകാസ് പൊഡോള്‍സ്‌കിയും വിസല്‍ കോബെയിലുണ്ട്. ഇരവരുടേയും കളി കാണുക എന്നതാണ് മത്സരത്തിന് ടിക്കറ്റെടുത്തവരുടെ ലക്ഷ്യം. തങ്ങളുടെ മത്സരങ്ങള്‍ക്ക് ഇത്രയും ആളുകളെത്തുന്നതിന് എതിരാളികളാണ് കാരണമെന്നതൊന്നും ടോക്കിയോ ടീം കാര്യമാക്കുന്നില്ല. അതുകൊണ്ട് തന്നെ എന്ത് ചെയ്തും ആരാധകരെ സ്‌റ്റേഡിയത്തിലെത്തിക്കാന്‍ വളരെ വ്യത്യസ്തമായൊരു വിദ്യയാണ് അവര്‍ പയറ്റിയിരിക്കുന്നത്.

ഇനിയേസ്റ്റ പരിക്കേറ്റു പുറത്തായതോടെ എഫ്‌സി ടോക്കിയോ താരത്തിന്റെ അപരനെ ഗ്രൗണ്ടിലെത്തിച്ച് കാണികളെ ഒരു പരിധി വരെ സന്തോഷിപ്പിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ്. ഇഎസ്പിഎന്നാണ് രസകരമായ ഈ വാര്‍ത്ത പുറത്തു വിട്ടത്. ജപ്പാനീസ് ലീഗില്‍ രണ്ടു മത്സരങ്ങള്‍ ഇതു വരെ കളിച്ച ഇനിയേസ്റ്റയുടെ തുടക്കം തോല്‍വിയോടെയായിരുന്നു. ഇനിയേസ്റ്റ പകരക്കാരനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വിസല്‍ കോബെ പരാജയപ്പെട്ടത്. അതിനു ശേഷം താരം ആദ്യ ഇലവനില്‍ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തില്‍ ഒരു ഗോളിന് ടീം വിജയം നേടുകയും ചെയ്തിരുന്നു.

സ്‌പെയിനിന്റെ ലോകകപ്പ് സൂപ്പര്‍ഹീറോയെ കാണാന്‍ തടിച്ചു കൂടുന്ന തങ്ങളുടെ ആരാധകരെ ആശ്വസിപ്പിക്കാന്‍ എഫ്‌സി ടോക്കിയോ ക്ലബ് കണ്ടെത്തിയ വഴി ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചിരിയുണര്‍ത്തുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook