പൂനെ: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി പൂനെ സിറ്റിയ്ക്ക് എതിരായ മത്സരത്തിൽ ബ്ലാസ്റ്റേർസിന് സമനില. കളി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. പൂനെ താരം മാർകോ സ്റ്റാൻകോവിച്ചാണ് 13ാം മിനുട്ടിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 61ാം മിനിറ്റിലാണ് ക്രമരവിച്ചിലൂടെ ബ്ലാസ്റ്റേർസ് സമനില പിടിച്ചത്.

42ാം മിനുട്ടിൽ ലഭിച്ച കോർണർ കിക്ക് ക്രമരവിച് ഗോൾവരയ്ക്ക് അപ്പുറത്തെത്തിച്ചെന്ന് കരുതി റഫറി ആദ്യം ഗോൾ അനുവദിച്ചെങ്കിലും പിന്നീടിത് പിൻവലിച്ചു. സമനില പിടിച്ച് ആഹ്ലാദപ്രകടനം നടത്തിയ ബ്ലാസ്റ്റേർസിനെ നിരാശരാക്കിയാണ് ഈ ഗോൾ റഫറി തൊട്ടുപിന്നാലെ പിൻവലിച്ചത്. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയതിന്റെ ദു:ഖത്തിലായിരുന്നു ബ്ലാസ്റ്റേർസ്.

രണ്ടാം പകുതിയിൽ കൂടുതൽ വേഗത്തിലുളള കളിയാണ് പൂനെ ആദ്യം പുറത്തെടുത്തത്. എന്നാൽ പന്ത് പുറത്തേക്കടിച്ച് കോർണർ വഴങ്ങുന്നതിൽ പൂനെ താരങ്ങൾ മത്സരത്തിലുടനീളം പ്രത്യേക താത്പര്യം കാണിച്ചത് ബ്ലാസ്റ്റേർസിന് അനുകൂലമായി. 61ാം മിനിറ്റിൽ പോപ്ലാറ്റ്നിക് തൊടുത്ത കോർണർ കിക്ക് ക്രമരവിച്ച് ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.

ആദ്യ പകുതിയിൽ നിരവധി ഗോളവസരങ്ങളാണ് ബ്ലാസ്റ്റേർസിന് ലഭിച്ചത്. എന്നാൽ ഒൻ്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ പത്ത് മിനുട്ടിൽ രണ്ട് തവണയാണ് സികെ വിനീത് പൂനെ ഗോൾ മുഖത്തേക്ക് പന്ത് തൊടുത്തത്. എന്നാൽ രണ്ടും വിഫലമായി. പൂനെയ്ക്ക് എതിരെ ഇന്ന് ആദ്യ ഇലവനിൽ അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ സികെ വിനീതും സെന്റർ മിഡ്ഫീൽഡറായി സഹൽ അബ്ദുൾ സമദും ഇറങ്ങിയിട്ടുണ്ട്.

സീസണിൽ ആദ്യ വിജയം തേടിയാണ് പൂനെ ഇറങ്ങിയിരിക്കുന്നത്. മൂന്ന് സമനിലകൾക്ക് ശേഷം വിജയമാണ് ബ്ലാസ്റ്റേർസിന്റെയും ലക്ഷ്യം. അതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പി ഡങ്കലിനെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. നന്നായി കളിച്ചാൽ അവർക്ക് അവസരം നൽകുമെന്ന തന്റെ മുദ്രാവാക്യം ഒന്നുകൂടി കോച്ച് ഉറപ്പിച്ചു.

എന്നാൽ ഈ മത്സരത്തിലും ധീരജിനെ വല കാക്കാൻ ഏൽപ്പിക്കേണ്ടതില്ലെന്നാണ് കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിൽ വല കാത്ത നവീൻ കുമാറിനെ തന്നെയാണ് കോച്ച് രംഗത്തിറക്കിയിരിക്കുന്നത്.

4-4-2 പൊസിഷനിലാവും ബ്ലാസ്റ്റേർസിന്റെ പോരാട്ടം. പോപ്ലാറ്റ്നിക്കും സ്റ്റൊജനോവിച്ചും മുന്നേറ്റത്തിൽ കളിക്കും. വിനീതും ഡങ്കലും സഹലും ക്രമരവിച്ചുമാണ് മിഡ്‌ഫീൽഡിൽ. റാക്കിപും ജിങ്കനും നെമഞ്ച പെസികും സിറിൽ കാലിയും ഡിഫൻസിലും കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook