ബെംഗളൂരു: ഒന്നാം പാദ എവേ മത്സരത്തില്‍ ഒരൊറ്റ ഗോള്‍ മാത്രം വഴങ്ങിയ ബെംഗളൂരു എഫ്സിക്ക്. എഎഫ്സി കപ്പ്‌ മോഹങ്ങളുമായി കണ്ഠീവര സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഒരു ഗോളിന്‍റെ ആധിക്യത്തില്‍ ഇസ്റ്റിക്ലോലിനെ പരാജയപ്പെടുത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ ഏറെ നാടകീയമായാണ് മത്സരം പുരോഗമിച്ചത്.

ആദ്യ പകുതിയില്‍ ഇരുപത്തിനാലാം മിനുട്ടില്‍ തന്നെ ഉദാന്തയുടെ ക്രോസ്സില്‍ മികച്ചൊരു ഹെഡര്‍ നേടിക്കൊണ്ട് ബെംഗളൂരു തജാക്കിസ്ഥാന്‍ ക്ലബ്ബ് സമനില കണ്ടെത്തുന്നു. എന്നാല്‍ ആദ്യ പകുതിയവസാനിക്കാന്‍ മൂന്നു മിനിട്ട് മാത്രമിരിക്കെ തന്നെ രണ്ടാം മഞ്ഞ കാര്‍ഡും കണ്ട് ബെംഗളൂരുവിന്‍റെ പുള്‍ ബാക്ക് ഹര്‍മന്‍ജോത് ഖാബ്ര പുറത്തുപോയതോടെ ഇന്ത്യന്‍ ക്ലബ്ബ് പരാജയത്തിലേക്ക് വഴുതിവീഴുകയായിരുന്നു.

വിങ്ങുകളിലൂടെ നിരന്തരം ക്രോസ്സുകള്‍ കണ്ടെത്തിയിരുന്ന കോച്ച് ആല്‍ബര്‍ട്ടോ റോച്ചോയുടെ തന്ത്രങ്ങളുടെ പാളിച്ചകൂടിയാണ് പിന്നീട് കണ്ടത്. അമ്പത്തിയാറാം മിനുട്ടില്‍ ഇസ്റ്റിക്കോള്‍ ഒരു ആവേ ഗോള്‍ നേടിയതോടെ 3-1എന്ന ഗോള്‍നില ബെംഗളൂരുവിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. അറുപത്തിയഞ്ചാം മിനുട്ടില്‍ ബെംഗളൂരുവിനു വീണുകിട്ടിയ പെനാല്‍റ്റി നായകന്‍ സുനില്‍ ഛേത്രിയുടെ കാലുകളിലൂടെ ഗോള്‍ ആയി പരിണമിച്ചെങ്കിലും സമനില പിടിക്കുവാനുള്ള ഒരു ഗോള്‍ കണ്ടെത്താന്‍ പിന്നീടുള്ള ഇരുപത്തിയഞ്ചു മിനുട്ട് ബെംഗളൂരുവിനു തികഞ്ഞില്ല. അവസാന പതിനഞ്ചു മിനുട്ടില്‍ തജികിസ്ഥാന്‍ ക്ലബ്ബായ ഇസ്റ്റിക്ലോലിന്‍റെ പ്രതിരോധത്തിനു നിരന്തരമായി സമ്മര്‍ദമേകാന്‍ ബെംഗളൂരുവിന്‍റെ പത്തുപേര്‍ക്ക് സാധിച്ചുവെങ്കിലും ഒരു ഷോട്ട് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

പത്തു പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയില്‍ ബെംഗളൂരു കാഴ്ചവെച്ച പ്രകടനം മികവുറ്റതായിരുന്നു. അതിനിടയില്‍ ഇസ്റ്റിക്കോളിനു ലഭിച്ച ആവേ ഗോളെന്ന മുന്‍തൂക്കം ഓഫ്സൈഡ് ആണെന്ന വിമര്‍ശനവും ശക്തമാകുന്നുണ്ട്.

കഴിഞ്ഞവര്‍ഷം എഎഫ്സി കപ്പില്‍ റണ്ണറപ്പായ ബെംഗളൂരു എഫ് സി ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഈ നേട്ടം കൈവരിച്ച ഒരേയൊരു ഇന്ത്യന്‍ ക്ലബ്ബാണ്‌ ബെംഗളൂരു. ഇന്ത്യന്‍ ഫുട്ബോളിന്‍റെ മറ്റൊരു ഐതിഹാസിക വിജയമെന്ന സ്വപ്നമാണ് ഇന്നത്തെ പരാജയത്തോടെ പൊലിഞ്ഞിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ