ടീം സൗത്തി. ന്യൂസിലന്‍ഡിന്റെ പേസ് കുന്തമുനകളിലൊന്ന്. സൗത്തി എന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുക ആ സ്വിങ്ങുകളും ലൈനിലും ലെങ്ത്തിലും എറിയുന്ന പന്തുകളും അത് പിഴുതെടുത്ത അനേകം വിക്കറ്റുകളുമൊക്കെയാകും. പക്ഷെ സൗത്തിയുടെ ബാറ്റിങ് മികവിനെ കുറിച്ച് അത്രയൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ സിക്‌സ് അടിക്കാനുള്ള സൗത്തിയുടെ കഴിവ് എവിടേയും ചര്‍ച്ച ആകാത്തതില്‍ അത്ഭുതമില്ലല്ലോ.

സിക്‌സ് അടിക്കാന്‍ സൗത്തിക്ക് അറിയുമെന്ന് മാത്രമല്ല, സാക്ഷാല്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് സൗത്തി. ഇത് അത്ര ചെറിയ നേട്ടമൊന്നുമല്ല. സൗത്തിക്ക് ഇന്ന് ടെസ്റ്റില്‍ സച്ചിന്റെ അത്രയും തന്നെ സിക്‌സുകളുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസമാണ് സൗത്തി ഈ നേട്ടത്തിനൊപ്പമെത്തിയത്.

Read More: തിന്നല്ലേ, ആപ്പിളല്ല പന്താണ്…! പന്ത് ‘വിഴുങ്ങി’ ബോള്‍ട്ട്, ചിരിയടക്കാനാകാതെ ലങ്കന്‍ താരങ്ങള്‍

പത്താമനായി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്തി 19 പന്തുകളില്‍ നിന്നും 14 റണ്‍സാണ് നേടിയത്. ഇതിനിടെ സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയെ സിക്‌സ് പറത്തിയാണ് സൗത്തി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇതോടെ സച്ചിനും സൗത്തിക്കും ടെസ്റ്റില്‍ 69 സിക്‌സുകളായി. 329 ഇന്നിങ്‌സുകളില്‍ നിന്നുമാണ് സച്ചിന്‍ 69 സിക്‌സുകള്‍ നേടിയതെങ്കില്‍ സൗത്തിക്ക് വേണ്ടി വന്നത് വെറും 89 ഇന്നിങ്‌സുകളാണ്.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സിക്‌സുകളുടെ റെക്കോര്‍ഡ് ന്യൂസിലന്‍ഡിന്റെ മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ്. മക്കല്ലം 176 ഇന്നിങ്‌സുകളില്‍ നിന്നും 107 സിക്‌സുകള്‍ നേടിയിട്ടുണ്ട്. മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റാണ് സിക്‌സുകളുടെ കാര്യത്തില്‍ 100 കടന്ന മറ്റൊരു താരം. ഗില്‍ക്രിസ്റ്റിന് 100 സിക്‌സുകളാണുള്ളത്. പിന്നാലെ ക്രിസ് ഗെയ്‌ലും വിരേന്ദര്‍ സെവാഗുമാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook