മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരമായ അനുഷ്‌ക ശർമ്മയ്ക്ക് ചായ കൊണ്ടുകൊടുക്കുന്ന സെലക്ടര്‍മാരെയും കണ്ടിട്ടുണ്ടെന്ന വിവാദ പരാമർശത്തിൽ മാപ്പ് ചോദിച്ച് മുൻതാരം ഫാറൂഖ് എൻജിനീയർ. ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെയായിരുന്നു തന്റെ പരാമർശമെന്നും അനുഷ്ക ശർമ്മയെ ഉദ്ദേശിച്ചല്ലെന്നുമാണ് ഫാറൂഖ് എൻജിനീയറുടെ വിശദീകരണം. അനുഷ്ക ഇതിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘അനുഷ്‌കയ്ക്ക് ചായ എടുത്തു കൊടുക്കലല്ലേ അവരുടെ പണി’; സെലക്ഷന്‍ കമ്മിറ്റിക്കെതിരെ മുന്‍ താരം

വിരാട് കോഹ്‌ലി സമർത്ഥനായ നായകനാണ്. രവി ശാസ്ത്രി മികച്ച പരിശീലകനുമാണ്. ഇപ്പോൾ വിഷയങ്ങൾ അനാവശ്യമായി പുകയുകയാണ്. ഇന്ത്യൻ ടീമിന്റെ വസ്ത്രം ധരിക്കുന്നവരെല്ലാം സെലക്ടർമാരാകുകയാണെന്നും ഫാറൂഖ് പറഞ്ഞു.

എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയെന്നാണ് എൻജിനീയര്‍ വിളിച്ചത്. മതിയായ രാജ്യാന്തര മത്സരങ്ങളുടെ പരിചയമില്ലാത്തവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളതെന്ന് എൻജിനീയര്‍ വിമര്‍ശിച്ചു.

Also Read: ‘ഞാന്‍ കാപ്പിയാണ് കുടിക്കാറുള്ളത്’; ചായ വിവാദത്തില്‍ പൊട്ടിത്തെറിച്ച് അനുഷ്‌ക

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരമായ അനുഷ്‌ക ശര്‍മയ്ക്ക് ചായ കൊണ്ടുകൊടുക്കുന്ന സെലക്ടര്‍മാരെയും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലാണ് സെലഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ദേവാങ് ഗാന്ധി, സരന്‍ദീപ് സിങ്, ജതിന്‍ പരന്‍ജ്‌പെ, ഗഗന്‍ ഘോഡ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ദിലീപ് വെങ്‌സര്‍ക്കാരിനെ പോലുള്ളവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുണ്ടാകേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

ആരോപണത്തിന് മറുപടിയുമായി അനുഷ്‌ക ശര്‍മ  രംഗത്തെത്തിയിരുന്നു. വിവാദം സൃഷ്ടിക്കുന്നതിനായി തന്റെ പേര് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. നേരത്തെയും തന്റെ പേര് ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചട്ട സംഭവങ്ങള്‍ ഓര്‍മപ്പെടുത്തി കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. 2014 ല്‍ വിരാടിന്റെ മോശം ഫോമിന് കാരണമായി തന്നെയായിരുന്നു ചൂണ്ടിക്കാണിച്ചിരുന്നതെന്നും അനുഷ്‌ക പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook